Tuesday, February 28, 2012

വര്‍ഗീയതക്കെതിരെ ജനമുന്നേറ്റമായി സെമിനാര്‍

മാനവസ്നേഹത്തിനും മതേതരത്വത്തിനും ഐക്യദാര്‍ഢ്യവുമായി "വര്‍ഗീയതയുടെ സാമൂഹ്യവിപത്ത്" സെമിനാര്‍ മലയോരജനതക്ക് ആവേശമായി. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കുറ്റ്യാടിയില്‍ നടന്ന കുന്നുമ്മല്‍ ഏരിയാസെമിനാര്‍ വര്‍ഗീയവാദികള്‍ക്കുള്ള ശക്തമായ ചെറുത്തുനില്‍പ്പായി. ജാതി-മത ഭേദമന്യേ ആയിരങ്ങളാണ് സെമിനാറിലേക്ക് ഒഴുകിയെത്തിയത്.

ദേശീയ മതനിരപേക്ഷവാദികളുടെ ഈറ്റില്ലമായ കുറ്റ്യാടിയെ വീണ്ടും കുരുതിക്കളമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അണിനിരക്കുമെന്ന് സെമിനാര്‍ ആഹ്വാനംചെയ്തു. ജന്മി-നാടുവാഴിത്തത്തിനും ജാതീയതക്കുമെതിരെ ധീരമായ പോരാട്ടങ്ങള്‍ നടന്ന മണ്ണിന്റെ പാരമ്പര്യം എന്തുവിലകൊടുത്തും കാത്തുസൂക്ഷിക്കുമെന്ന സെമിനാര്‍ പ്രഖ്യാപനം ജനത നെഞ്ചേറ്റുന്ന കാഴ്ചക്കും കുറ്റ്യാടി നഗരം സാക്ഷിയായി. തങ്ങളുടെ പൂര്‍വികര്‍ പോരടിച്ചുനേടിയ അവകാശങ്ങള്‍ സംരക്ഷിച്ച് സാഹോദര്യം കാത്തുസൂക്ഷിക്കുമെന്ന് ധ്വനിപ്പിക്കുന്ന ആവേശവുമായാണ് ജനങ്ങള്‍ സെമിനാറിനെത്തിയത്. ചെങ്കൊടിയും തോരണങ്ങളും വിതാനിച്ച വഴികളില്‍ മുദ്രാവാക്യവുമായാണ് അവര്‍ നേതാക്കളെ സ്വീകരിച്ചത്. നാടന്‍പാട്ടും പടപ്പാട്ടുമായി ഉണര്‍ന്ന വേദിയില്‍ വര്‍ഗീയതക്കും ജന്മിത്വത്തിനും എതിരായ കാഹളം നാടന്‍ശീലുകളായി പെയ്തിറങ്ങി. ജനസംസ്കൃതി ഗായകസംഘമാണ് നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചത്. സെമിനാര്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം ടി കെ ഹംസ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനന്‍ അധ്യക്ഷനായി. കെ ടി ജലീല്‍ എംഎല്‍എ, ഡോ. ഫസല്‍ ഗഫൂര്‍ , ഡോ. ഹുസൈന്‍ രണ്ടത്താണി എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി കെ കൃഷ്ണന്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ ടി കെ മോഹന്‍ദാസ് നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പി കുഞ്ഞമ്മദ്കുട്ടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ ലതിക എംഎല്‍എ, കെ ടി കുഞ്ഞിക്കണ്ണന്‍ , കെ കെ ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു.

കോടഞ്ചേരിയില്‍ നാളെ സെമിനാര്‍

മുക്കം: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ അനുബന്ധമായി ബുധനാഴ്ച കോടഞ്ചേരിയില്‍ "മലബാര്‍ കുടിയേറ്റം: ചരിത്രവും വര്‍ത്തമാനവും" സെമിനാര്‍ നടക്കും. വൈകിട്ട് മൂന്നരക്ക് കോടഞ്ചേരി അങ്ങാടിയില്‍ നടക്കുന്ന സെമിനാര്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കെ വരദരാജന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ സര്‍വകലാശാലാ മുന്‍ വൈസ്ചാന്‍സലര്‍ ഡോ. പി കെ തരകന്‍ , സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യന്‍ മൊകേരി, സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി കെ ജെ തോമസ്, ഡോ. ജോസ് ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. സെമിനാറിനോടനുബന്ധിച്ച് ആദ്യകാല കുടിയേറ്റ കര്‍ഷകരെ ആദരിക്കല്‍ , ചരിത്രത്തിലേക്കൊരു എത്തിനോട്ടം, അനുഭവങ്ങള്‍ പങ്കിടല്‍ , സ്നേഹവിരുന്ന് എന്നിവ നടക്കും. ജീരകപ്പാറ സമരനായകനും ഏരിയയിലെ സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജോസ് വര്‍ഗീസ് രചിച്ച "ഒരു കുടിയേറ്റക്കാരന്റെ ഓര്‍മക്കുറിപ്പുകള്‍" പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോര്‍ജ് എം തോമസ് ചെയര്‍മാനും ഏരിയാ സെക്രട്ടറി ടി വിശ്വനാഥന്‍ കണ്‍വീനറും കെ പി ചാക്കോച്ചന്‍ ട്രഷററുമായ സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ സെമിനാറിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

deshabhimani 280212

1 comment:

  1. മാനവസ്നേഹത്തിനും മതേതരത്വത്തിനും ഐക്യദാര്‍ഢ്യവുമായി "വര്‍ഗീയതയുടെ സാമൂഹ്യവിപത്ത്" സെമിനാര്‍ മലയോരജനതക്ക് ആവേശമായി. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കുറ്റ്യാടിയില്‍ നടന്ന കുന്നുമ്മല്‍ ഏരിയാസെമിനാര്‍ വര്‍ഗീയവാദികള്‍ക്കുള്ള ശക്തമായ ചെറുത്തുനില്‍പ്പായി. ജാതി-മത ഭേദമന്യേ ആയിരങ്ങളാണ് സെമിനാറിലേക്ക് ഒഴുകിയെത്തിയത്.

    ReplyDelete