Sunday, February 26, 2012

കേന്ദ്രം ലൈസന്‍സ് റദ്ദാക്കിയവയില്‍ ക്രൈസ്തവ സംഘടനകളും

അമേരിക്കന്‍ - സ്കാന്‍ഡിനേവിയന്‍ ഫണ്ട് സ്വീകരിച്ച് കൂടംകുളം ആണവനിലയത്തിനെതിരെ പ്രവര്‍ത്തിക്കുന്നെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് റദ്ദാക്കിയ മൂന്ന് സര്‍ക്കാരിതര സംഘടനകളില്‍ രണ്ടെണ്ണം ക്രൈസ്തവസഭകളുമായി ബന്ധപ്പെട്ടവ. വിദേശഫണ്ട് സ്വീകരിച്ച് ആണവനിലയത്തിനെതിരെ പ്രവര്‍ത്തിക്കുന്നെന്നു പറഞ്ഞാണ് തൂത്തുക്കുടി രൂപതാ അസോസിയേഷന്‍ (ടിഡിഎ), തൂത്തുക്കുടി ബഹുഉദ്ദേശ്യ സാമൂഹ്യസേവന സൊസൈറ്റി (ടിഎംഎസ്എസ്എസ്) എന്നീ എന്‍ജിഒകളെ ആഭ്യന്തരമന്ത്രാലയ വെബ്സൈറ്റിലെ അംഗീകൃത എന്‍ജിഒകളുടെ പട്ടികയില്‍ നിന്നു മാറ്റിയത്. തൂത്തുക്കുടിയിലെ ബിഷപ് യോന്‍ അബ്രോയിസാണ് ടിഎംഎസ്എസ്എസ് എന്ന എന്‍ജിഒ നടത്തുന്നത്. ആണവനിലയത്തിനെതിരെ സജീവമായി രംഗത്തുള്ള പീപ്പിള്‍സ് മൂവ്മെന്റ് എഗെയ്ന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി (ആണവോര്‍ജത്തിനെതിരായ ജനകീയപ്രസ്ഥാനം) എന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കുന്ന എസ് പി ഉദയകുമാറിനു ബന്ധമുള്ള ഐഡിഇഎ എന്ന എന്‍ജിഒയാണ് യുപിഎ സര്‍ക്കാര്‍ പേരുവെട്ടിയ മൂന്നാമത്തെ സംഘടന. സ്വീഡനില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്ന സംഘടനയുമായുള്ള ബന്ധം വിശദീകരിക്കണമെന്ന് അറിയിച്ച് പ്രധാനമന്ത്രി കാര്യാലയം ശനിയാഴ്ച ഉദയകുമാറിനു കത്തയച്ചു. ഉദയകുമാറും ഭാര്യയും ചേര്‍ന്ന് സാക്കര്‍ എന്ന പേരില്‍ മറ്റൊരു എന്‍ജിഒ കൂടി നടത്തുന്നുണ്ടെന്നും ഈ സംഘടനയ്ക്കും വിദേശപണം കിട്ടുന്നുണ്ടെന്നും കേന്ദ്രം ആരോപിക്കുന്നു. എന്നാല്‍ , പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും നാരായണസ്വാമിയുടെയും ആരോപണങ്ങള്‍ ഉദയകുമാര്‍ നിഷേധിച്ചു. പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തി ഹര്‍ജി നല്‍കുമെന്നും അദേഹം അറിയിച്ചു.

ഇന്ത്യയിലെ എല്ലാ ആണവപദ്ധതിയെയും അമേരിക്ക പിന്തുണയ്ക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായി യുഎസ് അംബാസഡര്‍ പീറ്റര്‍ ബുര്‍ലീഗ് പറഞ്ഞു. അമേരിക്കന്‍ സര്‍ക്കാരിതര സംഘടനകളാണ് കൂടംകുളം പദ്ധതിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന തങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്ന് റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ കടാകിന്‍ പറഞ്ഞു. ഫുക്കുഷിമ സംഭവം കഴിഞ്ഞ് ആറുമാസത്തിനു ശേഷം പെട്ടെന്നാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആണവനിലയത്തിനെതിരെയാണ് പ്രതിഷേധമുയര്‍ത്തുന്നത്- കടാകിന്‍ പറഞ്ഞു. വിദേശഫണ്ട് നിയന്ത്രണനിയമത്തിന്റെ ചട്ടങ്ങള്‍ പാലിച്ച് ഏതാണ്ട് 42,000 എന്‍ജിഒകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പട്ടികയില്‍ നിന്നാണ് ടിഡിഎ, ടിഎംഎസ്എസ്എസ് എന്നീ എന്‍ജിഒകളെ സര്‍ക്കാര്‍ പെട്ടെന്ന് ഒഴിവാക്കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 42 കോടി രൂപ വിദേശത്തു നിന്ന് ടിഎംഎസ്എസ്എസിന് ലഭിച്ചതായാണ് സര്‍ക്കാര്‍ കണക്ക്. ടിഡിഎക്ക് 22.7 കോടി രൂപയും. ഇപ്പോള്‍ ലൈസന്‍സ് റദ്ദാക്കിയവയ്ക്കു പുറമെ മറ്റ് ആറ് എന്‍ജിഒകളും സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്.

deshabhimani 260212

1 comment:

  1. അമേരിക്കന്‍ - സ്കാന്‍ഡിനേവിയന്‍ ഫണ്ട് സ്വീകരിച്ച് കൂടംകുളം ആണവനിലയത്തിനെതിരെ പ്രവര്‍ത്തിക്കുന്നെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് റദ്ദാക്കിയ മൂന്ന് സര്‍ക്കാരിതര സംഘടനകളില്‍ രണ്ടെണ്ണം ക്രൈസ്തവസഭകളുമായി ബന്ധപ്പെട്ടവ.

    ReplyDelete