Monday, February 27, 2012

കള്ളക്കഥ പൊളിഞ്ഞു; പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച ലീഗ് അക്രമി പിടിയില്‍

പട്ടുവം അരിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് മരണത്തോട് മല്ലടിക്കുകയാണെന്ന് മുസ്ലിംലീഗ് നേതൃത്വം പ്രചരിപ്പിച്ച ലീഗ് ക്രിമിനല്‍ പിടിയില്‍ . എംഎസ്എഫ് അരിയില്‍ ശാഖ വൈസ്പ്രസിഡന്റ് പി കെ അന്‍സാറി (18)നെയാണ് തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹനം തടഞ്ഞ് പി ജയരാജന്‍ , ടി വി രാജേഷ് എംഎല്‍എ തുടങ്ങിയവരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് അന്‍സാര്‍ . മംഗളൂരു വഴി ഒളിച്ചുകടക്കാനുള്ള ശ്രമത്തിനിടെയാണ് വലയിലായത്.

22ന് ജയരാജന്റെ കാര്‍ ആക്രമിക്കുന്നതിനിടെയാണ് അന്‍സാറിന് പരിക്കേറ്റത്. അന്‍സാര്‍ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സക്കെത്തി. കാര്‍ ആക്രമണം വിവാദമാകുമെന്നുറപ്പായ ലീഗ് നേതൃത്വം അന്‍സാറിനെ കൊയിലിയിലേക്ക് മാറ്റി. അന്‍സാറിനെ ഇടിച്ചതിനാലാണ് ജയരാജന്റെ വാഹനം ആക്രമിക്കപ്പെട്ടതെന്നാണ് ലീഗ് പ്രചരിപ്പിച്ചത്. തുടര്‍ന്ന് അരിയിലും മറ്റും വ്യാപക അക്രമം അഴിച്ചുവിട്ടതും ഈ കഥ പറഞ്ഞാണ്. മാരകമായി പരിക്കേറ്റുവെന്ന് അവകാശപ്പെടുന്ന അന്‍സാര്‍ കേവലം രണ്ടുദിവസം മാത്രമാണ് ആശുപത്രിയില്‍ കഴിഞ്ഞതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

അക്രമം തുടരാന്‍ ലീഗ് നേതാക്കളുടെ ആഹ്വാനം: പി ജയരാജന്‍

കണ്ണൂര്‍ : ജില്ലയില്‍ അക്രമം തുടരാന്‍ ആഹ്വാനം ചെയ്യുന്നതാണ് മുസ്ലിംലീഗ് നേതാക്കളുടെ വാര്‍ത്താസമ്മേളനത്തിലെ അഭിപ്രായപ്രകടനങ്ങളെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ജില്ലാപ്രസിഡന്റ് വി കെ അബ്ദുള്‍ഖാദര്‍ മൗലവിയും കെ എം ഷാജി എംഎല്‍എയും സമാധാനയോഗത്തിന് ശേഷം നടന്ന ലീഗ് അക്രമങ്ങളെ ന്യായീകരിക്കുകയാണ്. ഇത് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ്- ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊലീസില്‍നിന്ന് നീതി ലഭിക്കുന്നില്ലെങ്കില്‍ പരാതിപ്പെടേണ്ടത് ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടാണ്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചും കുടുംബാംഗങ്ങള്‍ക്ക് നേരെ വധഭീഷണി മുഴക്കിയും വരുതിക്ക് നിര്‍ത്തുന്നത് സംഘപരിവാര്‍ ശൈലിയാണ്. ഭരണം മാറിയിട്ടും സിപിഐ എമ്മിന്റെ ആജ്ഞാനുവര്‍ത്തികളായാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന അഭിപ്രായം വന്‍ പ്രത്യാഘാതമുണ്ടാക്കും. പൊലീസ് ലീഗിന്റെ വിശ്വസ്ത ഭൃത്യരായില്ലെങ്കില്‍ നശിപ്പിച്ചുകളയുമെന്നാണ് ഷാജിയുടെ ഭീഷണി. നിയമം കൈയിലെടുക്കലാണ് ലീഗിന്റെ ലക്ഷ്യം. നാദാപുരത്ത് അഞ്ചു ലീഗുകാര്‍ ബോംബ്പൊട്ടി കൊല്ലപ്പെട്ടതും മാറാട് കൂട്ടക്കൊലയിലെ ലീഗ് നേതാക്കളുടെ പങ്കും തീവ്രവാദപ്രവര്‍ത്തനത്തിന്റെ സാമ്പത്തിക സ്രോതസ്സും ഉള്‍പ്പെടെ എന്‍ഐഎ അന്വേഷിക്കണമെന്ന് ആദ്യം ലീഗുകാര്‍ ആവശ്യപ്പെടട്ടെ. അരിയില്‍ കൊല്ലപ്പെട്ട ഷുക്കൂറിന്റേതിന് സമാനമായ മുഖം ലീഗ് അക്രമിസംഘത്തിലെ ഒരാള്‍ക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ അതെങ്ങനെ സിപിഐ എമ്മിന്റെ ഗൂഢാലോചനയാകും. അരിയില്‍ സിപിഐ എം നേതാക്കളെ വധിക്കാന്‍ ശ്രമിച്ചത് ഷുക്കൂറല്ലെങ്കില്‍ മാറ്റാരാണ് അക്രമി സംഘത്തിലുണ്ടായതെന്ന് വ്യക്തമാക്കേണ്ടത് ലീഗാണ്. കെ എം ഷാജി സ്വന്തം പാര്‍ടിയില്‍ ഒച്ചവച്ച് കാര്യം നേടുന്നുണ്ടാകാം. അതേ പ്രയോഗം പൊതുസമൂഹത്തില്‍ നടത്തരുത്.

പുറത്ത് തീവ്രവാദത്തിനെതിരെ ശബ്ദിക്കുന്ന ഷാജി വോട്ടിനായി തങ്ങളെ പലവട്ടം സമീപിച്ചിരുന്നുവെന്നാണ് എന്‍ഡിഎഫ് പറയുന്നത്. വിദേശപ്പണം വാങ്ങി രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെന്ന് എന്‍ഡിഎഫിനെ വിശേഷിപ്പിച്ച ഷാജി പലവട്ടം ഇവരുടെ സഹായം തേടിയിട്ടുണ്ടെന്ന് പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ഹമീദ് വ്യക്തമാക്കിയതാണ്. ഷാജിക്ക് തീവ്രവാദികളുമായുള്ള ബന്ധം ഇതിലൂടെ തെളിയുന്നു. അരിയില്‍ സിപിഐ എം നേതാക്കളെ കൊല്ലാന്‍ വന്ന തീവ്രവാദികളെ സംരക്ഷിക്കുന്നത് ഷാജിയാണ്. മുസ്ലിംലീഗ് നേതൃത്വത്തിന് തീവ്രവാദി ബന്ധമുണ്ടെന്ന് ആരോപിച്ചത് എം കെ മുനീറും ഷാജിയുമാണ്. ആദ്യം അക്കാര്യം തെളിയിക്കാന്‍ തയ്യാറാവട്ടെ. അതിന്റെ തെളിവ് പൊലീസിന് കൈമാറുകയും വേണം. തീവ്രവാദികളുമായി സന്ധിചെയ്യുന്നില്ലെങ്കില്‍ അതാണ് ആദ്യം വേണ്ടത്.

കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലമറിയാതെ ചുരമിറങ്ങി വന്നയാള്‍ അപക്വമായ അഭിപ്രായപ്രകടനം നടത്തി പ്രശ്നം വഷളാക്കരുത്. സംഘര്‍ഷ പ്രദേശത്ത് ജനനേതാക്കള്‍ പ്രകടിപ്പിക്കേണ്ട രാഷ്ട്രീയ പക്വത എന്താണെന്ന് ഷാജിയില്‍നിന്ന് പഠിക്കേണ്ട ഗതികേട് സിപിഐ എമ്മിനില്ല. കോഴിക്കോട് വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരെ ഓടിച്ചിട്ട് തല്ലിയ തരത്തിലുള്ള പക്വതയാണ് ലീഗിന്റേത്. പാര്‍ടി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സ്ഥലത്തേക്ക് സിപിഐ എം നേതാക്കള്‍ പോകുന്നതിന് ലീഗിന്റെ അനുമതി വാങ്ങണമെന്ന് പറയുന്നത് അല്‍പ്പത്തമാണ്. അത് അനുസരിക്കാന്‍ നിര്‍വാഹമില്ല.

സിപിഐ എം നേതാക്കളെ ആക്രമിക്കാന്‍ ഏതൊക്കെ ക്രിമിനലുകളെയാണ് ഒരുക്കിയതെന്ന് ലീഗ് നേതൃത്വം വെളിപ്പെടുത്തണം. ഭരണത്തിന്റെ തണലിലും മറവിലും ലീഗ് നടത്തുന്ന കൊള്ളയ്ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ജനങ്ങളുടെ പ്രതിഷേധം നാടാകെ പടരുമ്പോള്‍ സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തി രക്ഷപ്പെടാമെന്ന തന്ത്രം കണ്ണൂരില്‍ വിലപ്പോവില്ലെന്ന് ഷാജി മനസ്സിലാക്കണം. മോശമായി ചിത്രീകരിക്കലാണ് പി ജയരാജന്‍ അക്രമം ആസ്വദിക്കുന്നുവെന്ന് പറയുന്നതിന്റെ പിന്നിലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ആര്‍എസ്എസുകാര്‍ എന്നെ വധിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് ഇത്തരം പ്രചാരണമാണ് നടത്തിയത്. ഇപ്പോഴത്തെ ലീഗ് പ്രചാരണത്തിന് പിന്നിലും ഇത്തരം നീക്കങ്ങളുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു- ജയരാജന്‍ പറഞ്ഞു.

ഷുക്കൂറിന്റെ മരണം: എന്‍ഐഎയെ ക്ഷണിച്ച് ലീഗ്വെട്ടില്‍

കണ്ണൂര്‍ : മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യം ലീഗിനെ തിരിഞ്ഞുകുത്തുന്നു. തളിപ്പറമ്പ് പട്ടുവം അരിയിലെ പി അബ്ദുള്‍ഷുക്കൂറിന്റെ മരണം എന്‍ഐഎ അന്വേഷിക്കണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. അന്വേഷണം ആവശ്യപ്പെടുമ്പോള്‍ ലീഗ് വരുംവരായ്കകള്‍ ആലോചിച്ചില്ലെന്നും കെ എം ഷാജി എംഎല്‍എയുടെ എടുത്തുചാട്ടമാണ് പുലിവാല്‍ പിടിക്കാന്‍ ഇടയാക്കിയതെന്നുമാണ് ലീഗ് നേതാക്കളില്‍ ഭൂരിഭാഗത്തിന്റെ അഭിപ്രായം.

ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) രൂപീകരിച്ചതിന്റെ മുഖ്യലക്ഷ്യം രാജ്യത്ത് നടക്കുന്ന കലാപങ്ങളിലും അക്രമങ്ങളിലുംവിദേശശക്തികളുടെ ഇടപെടലും വിദേശപണത്തിന്റെ സ്വാധീനവും കണ്ടെത്തലാണ്. തീവ്രവാദികളുമായി അടുപ്പമുള്ള ലീഗ് എന്‍ഐഎയെ ക്ഷണിച്ചുവരുത്തുന്നത് അപകടകരമാണെന്നാണ് ഷാജി വിരുദ്ധ നേതാക്കളുടെ വിലയിരുത്തല്‍ . എന്‍ഐഎ വന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച സംഭവംമുഴുവന്‍ അന്വേഷിക്കേണ്ടിവരും. കോഴിക്കോട് ഇരട്ടസ്ഫോടനക്കേസ് അന്വേഷിച്ചത് എന്‍ഐഎയാണ്. ഈ കേസിലാണ് തടിയന്റവിട നസീറിനും എ ഷഫാസിനും പ്രത്യേക എന്‍ഐഎ കോടതി തടവുശിക്ഷ വിധിച്ചത്. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റത്തിനായിരുന്നു ശിക്ഷ. തീവ്രവാദികളുമായുള്ള ലീഗ് നേതാക്കളുടെ ബന്ധവും വെളിപ്പെടും.

മുസ്ലിംലീഗ് അഖിലേന്ത്യ പ്രസിഡന്റും വിദേശ സഹമന്ത്രിയുമായ ഇ അഹമ്മദിന്റെ ബന്ധുവാണ് ബംഗ്ളൂരു സ്ഫോടനക്കേസിലെ പ്രതി ടോംടോം ഷെഫീഖ്. തടിയന്റവിട നസീറിന്റെ കണ്ണൂരിലെ പ്രധാന സഹായികളിലൊരാളാണ് ഷെഫീഖ്. ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളുടെ പട്ടികയില്‍പ്പെട്ട പിടികിട്ടാപ്പുള്ളിയാണ് ഷെഫീഖ്. ഒളിവില്‍ കഴിയുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിന് അയച്ചുകൊടുത്ത ലിസ്റ്റിലും ഷെഫീഖുണ്ട്.
(പി സുരേശന്‍)

തീവ്രവാദികളെ നിയന്ത്രിക്കാന്‍ ലീഗിന് കഴിയുന്നില്ല: പി ജയരാജന്‍

ശ്രീകണ്ഠപുരം: തീവ്രവാദികളെ നിയന്ത്രിക്കാന്‍ ലീഗ് നേതൃത്വത്തിന് കഴിയുന്നില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. സിപിഐ എം ഇരിക്കൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് ലീഗുകാര്‍ തീവച്ച് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇരിക്കൂര്‍ ടൗണില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടുവം അരിയില്‍ പ്രദേശങ്ങളിലും തളിപ്പറമ്പിലും നടക്കുന്നത് ലീഗിലെ തീവ്രവാദികളുടെ ആക്രമണമാണ്. അക്രമം പൊലീസിനുനേരെയും ഉണ്ടാകുന്നതിനാല്‍ ലീഗുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയുന്നില്ല. ലീഗ് സമാധാനത്തിന്റെ പാത സ്വീകരിച്ചില്ലെങ്കില്‍ പ്രതിരോധിക്കേണ്ടിവരുമെന്ന് ജയരാജന്‍ പറഞ്ഞു. വി സി കുഞ്ഞിനാരായണന്‍ അധ്യക്ഷനായി. ടി കെ ഗോവിന്ദന്‍ , പി വി ഗോപിനാഥ്, കെ വി സുമേഷ്, കെ വി നമ്പി, കെ പി രമണി, സി എച്ച് മേമി എന്നിവര്‍ സംസാരിച്ചു. എം എം മോഹനന്‍ സ്വാഗതം പറഞ്ഞു.

deshabhimani 270212

1 comment:

  1. ജില്ലയില്‍ അക്രമം തുടരാന്‍ ആഹ്വാനം ചെയ്യുന്നതാണ് മുസ്ലിംലീഗ് നേതാക്കളുടെ വാര്‍ത്താസമ്മേളനത്തിലെ അഭിപ്രായപ്രകടനങ്ങളെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ജില്ലാപ്രസിഡന്റ് വി കെ അബ്ദുള്‍ഖാദര്‍ മൗലവിയും കെ എം ഷാജി എംഎല്‍എയും സമാധാനയോഗത്തിന് ശേഷം നടന്ന ലീഗ് അക്രമങ്ങളെ ന്യായീകരിക്കുകയാണ്. ഇത് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ്- ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete