Tuesday, February 28, 2012

ക്രിസ്തുചിത്രം: തെരുവിലിറങ്ങിയവര്‍ക്ക് യാക്കോബായ പത്രത്തില്‍ രൂക്ഷവിമര്‍ശം

ക്രിസ്തുവിന്റെ ചിത്രത്തിന്റെ പേരില്‍ തെരുവിലിറങ്ങിയവരെ അതിനിശിതമായി വിമര്‍ശിക്കുന്ന ലേഖനവുമായി യാക്കോബായ സഭയുടെ പത്രം "വിശ്വാസ സംരക്ഷകന്‍" പുറത്തിറങ്ങി. ഫെബ്രുവരി 15െന്‍റ വിശ്വാസസംരക്ഷകനിലെ "മീഡിയാസ്കാന്‍" എന്ന പംക്തിയിലാണ് വിമര്‍ശനം. കത്തോലിക്കരുടെ ക്രിസ്തു എന്താ ഇത്ര ബലഹീനനാണോയെന്നും വിപ്ലവകാരികള്‍ക്കൊപ്പം ചിത്രം വെച്ചാല്‍ ആ സ്നേഹഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉരുകിപ്പോകുമോയെന്നും ലേഖനം ചോദിക്കുന്നു.

കത്തോലിക്കാ സഭ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത് ക്രിസ്തുവിനെ (ഫോട്ടോയെ) സംരക്ഷിക്കാനാണ്. തേലക്കാട്ടച്ചനും കെസിബിസി വക്താവുമൊക്കെ വായിട്ടടിക്കുന്നത് സിപിഐ എം വേദിയിലെ ക്രിസ്തുചിത്രം ഒഴിവാക്കാനാണ്. ആ പാവം നസ്രായന്‍ ഇരുന്നപ്പോള്‍ അവനെ ബേല്‍സബൂബ് എന്നുവരെ സമകാലികര്‍ വിളിച്ചു. അതിനെയൊക്കെ സ്നേഹത്തിലും സഹിഷ്ണതയിലും അതിജീവിച്ച് തന്റെ സ്നേഹസുവിശേഷം ലോകം മുഴുവന്‍ എത്തിച്ച നമ്മുടെ രക്ഷകനെ "താങ്ങുവാന്‍" ദൈവത്തെയോര്‍ത്ത് ആരും പ്രകടനം നടത്തരുത്. അന്ത്യ അത്താഴ മോര്‍ഫിങ്ങും കാര്‍ട്ടൂണുകളും ഫെയ്സ്ബുക്കിലും മറ്റുമായി എല്ലാ ശുദ്ധമാന ക്രിസ്ത്യാനികളും, ചെറുപ്പക്കാര്‍ പ്രത്യേകിച്ചും കണ്ടിട്ടും ഇവിടെ ആരുടെയും വിശ്വാസം തകര്‍ന്നിട്ടില്ല. യേശുദേവന്റെ ഉപദേശങ്ങള്‍ ഞങ്ങള്‍ക്കും പ്രചോദനമാണ് എന്ന് അച്യുതാനന്ദന്‍ പറഞ്ഞാല്‍ കത്തോലിക്കാ സഭ എന്തിന് ചന്ദ്രഹാസമിളക്കണം? ക്രിസോസ്റ്റം തിരുമേനിയും കൂറീലോസ് തിരുമേനിയും മറ്റും ഈ പ്രസ്താവനകളും ചിത്രങ്ങളൂം കണ്ടിട്ടും ക്രിസ്ത്യാനികളായിത്തന്നെ ജീവിക്കുന്നു. യേശുക്രിസ്തുവിന്റെ സ്നേഹദര്‍ശനത്തെ ഏവര്‍ക്കും പ്രകാശിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ വൈദിക ഹ്രസ്വദൃഷ്ടിയിലൂടെ പരിമിതപ്പെടുത്തരുതേയെന്ന് ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസത്തോടെ അപേക്ഷിക്കുന്നു.

അന്ത്യ അത്താഴചിത്രത്തെ പാര്‍ട്ടി തന്നെ തള്ളിപ്പറയുകയും നീക്കംചെയ്യുകയും ചെയ്തിട്ടും "ഇന്നലെ വൈകിട്ട് എനിക്ക് സാക്ഷ്യം കൊടുക്കണം" എന്ന ബാലിശബുദ്ധിയാണോ ക്രൈസ്തവര്‍ക്ക് വേണ്ടത്- ലേഖനം ചോദിക്കുന്നു. മറ്റു സമുദായങ്ങള്‍ക്കും സംഘടനകള്‍ക്കും അവരുടേതായ രീതിയില്‍ യേശുവിനെ കാണാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതില്‍ ഇടപെടാന്‍ സഭ ആഗ്രഹിക്കുന്നില്ലെന്നുമുള്ള സഭാ വര്‍ക്കിങ് കമ്മിറ്റിയുടെ പ്രസ്താവന "വിശ്വാസസംരക്ഷക"നില്‍ മറ്റൊരു വാര്‍ത്തയായി കൊടുത്തിട്ടുണ്ട്.
(ലെനി ജോസഫ്)

deshabhimani 280212

1 comment:

  1. ക്രിസ്തുവിന്റെ ചിത്രത്തിന്റെ പേരില്‍ തെരുവിലിറങ്ങിയവരെ അതിനിശിതമായി വിമര്‍ശിക്കുന്ന ലേഖനവുമായി യാക്കോബായ സഭയുടെ പത്രം "വിശ്വാസ സംരക്ഷകന്‍" പുറത്തിറങ്ങി. ഫെബ്രുവരി 15െന്‍റ വിശ്വാസസംരക്ഷകനിലെ "മീഡിയാസ്കാന്‍" എന്ന പംക്തിയിലാണ് വിമര്‍ശനം. കത്തോലിക്കരുടെ ക്രിസ്തു എന്താ ഇത്ര ബലഹീനനാണോയെന്നും വിപ്ലവകാരികള്‍ക്കൊപ്പം ചിത്രം വെച്ചാല്‍ ആ സ്നേഹഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉരുകിപ്പോകുമോയെന്നും ലേഖനം ചോദിക്കുന്നു.

    ReplyDelete