Monday, February 27, 2012

എംപിമാര്‍ക്ക് വിദേശസഹായം: മനോരമ വാര്‍ത്ത വ്യാജം

സിപിഐ എം രാജ്യസഭാ അംഗം പി രാജീവിന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനം ഫോര്‍ഡ് ഫൗണ്ടേഷന്റെ സഹായത്തോടെയാണെന്ന മനോരമ ന്യൂസ് ചാനല്‍ വാര്‍ത്ത വ്യാജമാണെന്ന് എംപിമാരുടെയും മുന്‍ എംപിമാരുടെയും വേദിയായ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് മുന്‍കൈയെടുത്തു നടത്തുന്ന "ലെജിസ്ലേറ്റീവ് അസിസ്റ്റന്‍സ് ഫോര്‍ മെമ്പേഴ്സ് ഓഫ് പാര്‍ലമെന്റ്" (ലാമ്പ്) എന്ന പദ്ധതിയെയാണ് ഫോര്‍ഡ് ഫൗണ്ടേഷന്റെ പരിപാടിയായി മനോരമ വക്രീകരിച്ചത്. കേരളത്തില്‍ നിന്ന് ജോസ് കെ മാണി എംപിയും ലാമ്പ് പദ്ധതിയിലുണ്ട്. ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ അധ്യക്ഷയും ബിജെപി എംപി രാജീവ്പ്രതാപ് റൂഡി ജനറല്‍ സെക്രട്ടറിയുമായ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ എല്ലാ എംപിമാരും മുന്‍ എംപിമാരും അംഗങ്ങളാണ്. സിപിഐ എം കേന്ദ്രസെക്രട്ടറിയറ്റ് അംഗവും മുന്‍ എംപിയുമായ ഹന്നന്‍മുള്ളയാണ് ട്രഷറര്‍ . എംപിമാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുകയാണ് 1946ല്‍ രൂപീകരിച്ച ക്ലബ്ബിന്റെ മുഖ്യലക്ഷ്യം.

2010-11ലാണ് ലാമ്പ് പദ്ധതി പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് എന്ന സംഘടനയുമായി ചേര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയത്. നിയമനിര്‍മാണസഭകളുടെ പ്രവര്‍ത്തനമറിയാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് എംപിമാരുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന പരിപാടിയില്‍ ആദ്യവര്‍ഷം കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് തെരഞ്ഞെടുത്തത് സിപിഐ ദേശീയ സെക്രട്ടറി ഡി രാജയടക്കം 12 എംപിമാരെയാണ്. ലാമ്പ് ഫെലോഷിപ് എന്ന പേരില്‍ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള 12 വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് എംപിമാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് അവസരമൊരുക്കി. എംപിമാര്‍ക്ക് ചര്‍ച്ചകള്‍ക്കും മറ്റും ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചുനല്‍കുക, നിയമനിര്‍മാണസഭകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കുക എന്നിവയാണ് 11 മാസം നീളുന്ന ഫെലോഷിപ്പിന്റെ മുഖ്യപ്രവര്‍ത്തനം.

2011-12ല്‍ 46 എംപിമാരെയാണ് ലാമ്പ് പദ്ധതിയുമായി സഹകരിക്കുന്നതിന് ക്ലബ് തെരഞ്ഞെടുത്തത്. ഇതില്‍ സിപിഐ എമ്മില്‍ നിന്ന് പി രാജീവിനെയും മൊയ്നുള്‍ ഹസനെയും ഉള്‍പ്പെടുത്തി. കോണ്‍ഗ്രസ്, ബിജെപി തുടങ്ങി എല്ലാ പാര്‍ടിയിലുമുള്ള എംപിമാരും പദ്ധതിയിലുണ്ട്. വരുംവര്‍ഷങ്ങളില്‍ പരിപാടി കൂടുതല്‍ എംപിമാരിലേക്ക് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് രാജീവ്പ്രതാപ് റൂഡി പറഞ്ഞു. പരിപാടിയിലേക്ക് സ്കോളര്‍മാരെ വിട്ടുനല്‍കുകയെന്നതു മാത്രമാണ് പിആര്‍എസിന്റെ ദൗത്യമെന്നും പൂര്‍ണമായും കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബാണ് പദ്ധതിക്ക് മുന്‍കൈയെടുക്കുന്നതെന്നും റൂഡി അറിയിച്ചു. ഒരു സാമ്പത്തിക ഇടപാടുമില്ലാത്ത പദ്ധതിയെ മാധ്യമങ്ങള്‍ ഗോസിപ്പിന് വേദിയാക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

deshabhimani 270212

1 comment:

  1. സിപിഐ എം രാജ്യസഭാ അംഗം പി രാജീവിന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനം ഫോര്‍ഡ് ഫൗണ്ടേഷന്റെ സഹായത്തോടെയാണെന്ന മനോരമ ന്യൂസ് ചാനല്‍ വാര്‍ത്ത വ്യാജമാണെന്ന് എംപിമാരുടെയും മുന്‍ എംപിമാരുടെയും വേദിയായ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് മുന്‍കൈയെടുത്തു നടത്തുന്ന "ലെജിസ്ലേറ്റീവ് അസിസ്റ്റന്‍സ് ഫോര്‍ മെമ്പേഴ്സ് ഓഫ് പാര്‍ലമെന്റ്" (ലാമ്പ്) എന്ന പദ്ധതിയെയാണ് ഫോര്‍ഡ് ഫൗണ്ടേഷന്റെ പരിപാടിയായി മനോരമ വക്രീകരിച്ചത്. കേരളത്തില്‍ നിന്ന് ജോസ് കെ മാണി എംപിയും ലാമ്പ് പദ്ധതിയിലുണ്ട്. ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ അധ്യക്ഷയും ബിജെപി എംപി രാജീവ്പ്രതാപ് റൂഡി ജനറല്‍ സെക്രട്ടറിയുമായ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ എല്ലാ എംപിമാരും മുന്‍ എംപിമാരും അംഗങ്ങളാണ്. സിപിഐ എം കേന്ദ്രസെക്രട്ടറിയറ്റ് അംഗവും മുന്‍ എംപിയുമായ ഹന്നന്‍മുള്ളയാണ് ട്രഷറര്‍ . എംപിമാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുകയാണ് 1946ല്‍ രൂപീകരിച്ച ക്ലബ്ബിന്റെ മുഖ്യലക്ഷ്യം.

    ReplyDelete