Sunday, February 26, 2012

നേട്ടങ്ങളുടെ പേരില്‍ കേരളം ശിക്ഷവാങ്ങുന്നു: ജയറാം രമേശ്

ഉറപ്പുപറയാനാകില്ല: ജയറാം രമേശ്

ആലപ്പുഴ: കയര്‍ മേഖല ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതിയുടെ പരിധിയില്‍പെടുത്തുന്ന കാര്യം പരിശോധിക്കാന്‍ സാങ്കേതിക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് പറഞ്ഞു. അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും. എന്നാല്‍ ഇതുസംബന്ധിച്ച് ഇപ്പോള്‍ ഉറപ്പു പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ എസ്ഡിവി സ്കൂള്‍ ഗ്രൗണ്ടില്‍ തൊഴിലുറപ്പു പദ്ധതി തൊഴിലാളികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതിയില്‍ തൊഴിലെടുക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളായതിനാല്‍ ജോലിസമയം കുറയ്ക്കണമെന്ന് മന്ത്രി കെ സി ജോസഫ് ആവശ്യപ്പെട്ടു. തൊണ്ടു സംഭരണം തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തണമെന്ന് ചടങ്ങില്‍ അധ്യക്ഷനായ കേന്ദ്രമന്ത്രി കെ സി വേണുഗോപാലും ആവശ്യപ്പെട്ടു. എന്നാല്‍ കയര്‍ മേഖലയെ തൊഴിലുറപ്പിന്റെ പരിധിയില്‍ പെടുത്താതിരിക്കാന്‍ കേന്ദ്രത്തില്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച മുന്‍ കയര്‍ മന്ത്രി ജി സുധാകരന്‍ എംഎല്‍എ പറഞ്ഞു. ഒന്നാം യുപിഎയുടെ കാലത്ത് സര്‍ക്കാരിനെ പുറമെനിന്ന് പിന്തുണച്ചിരുന്ന ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തൊഴിലുറപ്പ് നിയമം പാസാക്കിയത്. വിവരാവകാശ നിയമവും വനാവകാശ നിയമവും പാസാക്കിയതും അന്നാണ്. ഇടതുപക്ഷം പറയുന്നതും ഇനിയും കേട്ടാല്‍ നന്നായി ഭരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ 100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 2123 തൊഴിലാളികള്‍ക്ക് ചടങ്ങില്‍ പുരസ്കാരം നല്‍കി. ജില്ലയില്‍ തൊഴിലുറപ്പു പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിനും രണ്ടാം സ്ഥാനത്തെത്തിയ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിനും മൂന്നാം സ്ഥാനം നേടിയ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിനും ചടങ്ങില്‍ പുരസ്കാരം നല്‍കി. ഏറ്റവും അധികം തൊഴില്‍ ദിനങ്ങള്‍ നല്‍കിയ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിനും പട്ടികജാതി വിഭാഗത്തിന് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കിയ ഭരണക്കാവ് പഞ്ചായത്തിനും പട്ടികവര്‍ഗ്ഗ വിഭാഗത്തിന് ഏറ്റവും അധികം തൊഴില്‍ നല്‍കിയ ചേന്നംപള്ളിപ്പുറം പഞ്ചായത്തിനും പുരസ്കാരം നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എമാരായ രമേശ് ചെന്നിത്തല, എ എം ആരിഫ്, പി തിലോത്തമന്‍ , പി സി വിഷ്ണുനാഥ്, കലക്ടര്‍ സൗരഭ് ജെയിന്‍ , ഗ്രാമപഞ്ചായത്ത് വികസന വകുപ്പ് കമ്മീഷണര്‍ എം നന്ദകുമാര്‍ , മുന്‍ എംഎല്‍എ എ എ ഷൂക്കൂര്‍ , മില്‍മ ചെയര്‍മാന്‍ കല്ലട രമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ, തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷൗക്കത്തലി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ , വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൊഴിലുറപ്പു പദ്ധതി തൊഴിലാളി കുടുംബങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

കേന്ദ്രമന്ത്രി കണ്ടത് പണിതീരാത്ത റോഡ്

തുറവൂര്‍ : വന്‍തുക ചെലവഴിച്ച് തൊഴിലുറപ്പ് പദ്ധതി പ്രദേശം സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിയെത്തിയ ചടങ്ങ് പ്രഹസനമായി. ചടങ്ങ് കോണ്‍ഗ്രസ് മേളയാക്കിയതോടെ ചടങ്ങിന്റെ ഉദ്ദേശ്യശുദ്ധി നഷ്ടപ്പെട്ടു. പട്ടണക്കാട് ബ്ലോക്കുതല തൊഴിലുറപ്പ് പദ്ധതി പ്രദേശമായ കോടംതുരുത്ത് പഞ്ചായത്തിലെ ചങ്ങരം-ചേരുങ്കല്‍ ഫാം റോഡാണ് കേന്ദ്രമന്ത്രി ജയറാം രമേശും പരിവാരങ്ങളും സന്ദര്‍ശിച്ചത്. എട്ടുവര്‍ഷം മുമ്പ് നിര്‍മിച്ച ഫാം റോഡിന്റെ പുനര്‍നിര്‍മാണമാണ് തൊഴിലുറപ്പ് പദ്ധതിയില്‍ വിഭാവനം ചെയ്തത്. ഫാം റോഡിന്റെ ഇരുവശങ്ങളിലും കയര്‍ഭൂവസ്ത്രം വിരിച്ച് പാര്‍ശ്വഭിത്തികളില്‍ രാമച്ചം വച്ചുപിടിപ്പിക്കുന്നതാണ് പദ്ധതി. എന്നാല്‍ ചങ്ങരം സ്കൂള്‍ മുതല്‍ അഞ്ചുകിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡിന്റെ കാല്‍ഭാഗം പോലും പ്രദേശത്ത് പ്രവൃത്തികള്‍ നടത്താതെയാണ് അധികൃതര്‍ ചടങ്ങ് സംഘടിപ്പിച്ചത്.

മന്ത്രി എത്തുന്ന റോഡരുകുകളിലും മറ്റും പൗരസമിതിയുടെ പേരില്‍ പോസ്റ്റര്‍ സ്ഥാപിച്ചിരുന്നു. 12,51,404 ലക്ഷം രൂപ ചെലവിടുന്ന പദ്ധതി പൂര്‍ണമായി നടപ്പാക്കുക, ചേരുങ്കല്‍ സുബ്രഹ്മണ്യക്ഷേത്രം വരെ റോഡ് പുനര്‍നിര്‍മിക്കുക, ഇതില്‍ നടന്ന അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പോസ്റ്ററിലൂടെ നാട്ടുകാര്‍ പ്രകടിപ്പിച്ചു. വെള്ളിയാഴ്ച തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് നാട്ടുകാര്‍ തടഞ്ഞിരുന്നു.

ശനിയാഴ്ച രാവിലെ 10.30 ഓടെ എത്തിയ മന്ത്രിയോട് തൊഴില്‍ദിനം 100 ദിവസം എന്നത് 200 ദിവസമാക്കണമെന്നും വേതനം 150 രൂപയില്‍ നിന്നും 200 ആക്കണമെന്നും ഉച്ചഭക്ഷണവും കൂടി തൊഴിലാളികള്‍ക്ക് നല്‍കണമെന്നും സമയക്രമീകരണം വരുത്തണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരിഗണിക്കാം എന്ന പതിവ് മറുപടിയാണ് മന്ത്രിയില്‍ നിന്നുണ്ടായത്. ചേരുങ്കല്‍റോഡ് ടാറിങിന് കേന്ദ്രം ഫണ്ട് നല്‍കുമെന്നും പുരപദ്ധതി പ്രകാരം ഗ്രാമീണമേഖലയില്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നാട്ടുകാരുടെ പ്രതിനിധികള്‍ നിവേദനം നല്‍കിയപ്പോഴാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി പി മധു സ്വാഗതം പറഞ്ഞു. കേന്ദ്രസഹമന്ത്രി കെ സി വേണുഗോപാല്‍ , എ എം ആരിഫ് എംഎല്‍എ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ സൗരഭ് ജയിന്‍ , ഗ്രാമവികസന കമീഷണര്‍ നന്ദകുമാര്‍ , അസിസ്റ്റന്റ് കമീഷണര്‍ , മോഹന്‍കുമാര്‍ , വിശ്വനാഥചെട്ടിയാര്‍ , ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ , അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ചിന്നമ്മ നാടന്‍പാട്ട് പാടി.

നേട്ടങ്ങളുടെ പേരില്‍ കേരളം ശിക്ഷവാങ്ങുന്നു: ജയറാം രമേശ്

ആലപ്പുഴ: കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യത്തിലെ നേട്ടങ്ങള്‍ക്ക് കേരളം ശിക്ഷ വാങ്ങേണ്ട സ്ഥിതിയാണെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ് പറഞ്ഞു. കേന്ദ്രം ആവിഷ്കരിക്കുന്ന ബൃഹത്തായ പദ്ധതികള്‍ ഓരോ സംസ്ഥാനത്തെയും സാധ്യതകള്‍ക്കും പ്രത്യേകതകള്‍ക്കും അനുസരിച്ച് മാറ്റാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും കുട്ടനാട് സന്ദര്‍ശനത്തിനിടെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.

ഗ്രാമ വികസനത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന നിലയിലാണ്. വടക്കേ ഇന്ത്യയിലെ ഉത്തര്‍പ്രദേശ്, ബീഹാര്‍ , മധ്യപ്രദേശ്, അസം തുടങ്ങിയ പിന്നോക്ക സംസ്ഥാനങ്ങളെ മുന്നില്‍ കണ്ടാണ് കേന്ദ്രം പല പദ്ധതികളും ആവിഷ്കരിക്കുന്നത്. അതിനാലാണ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പല മാനദണ്ഡങ്ങളും നിബന്ധനകളും കേരളവും പഞ്ചാബും പോലുള്ള വികസിത സംസ്ഥാനങ്ങള്‍ക്ക് പ്രതികൂലമാകുന്നത്. ഇതു മൂലം നേട്ടങ്ങള്‍ നിലനിര്‍ത്താനാകാതെ പല രംഗങ്ങളിലും സംസ്ഥാനങ്ങള്‍ പിന്നോക്കം പോകുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഗ്രാമ സഡക് യോജനയാണ് ഏറ്റവും വലിയ ഉദാഹരണം. കേരളം, തമിഴ്നാട് പോലുള്ള ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളില്‍ എട്ടു മീറ്റര്‍ റോഡെന്നത് പ്രായോഗികമല്ലെന്നും ജയറാം രമേശ് പറഞ്ഞു.

deshabhimani 260212

1 comment:

  1. കയര്‍ മേഖല ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതിയുടെ പരിധിയില്‍പെടുത്തുന്ന കാര്യം പരിശോധിക്കാന്‍ സാങ്കേതിക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് പറഞ്ഞു. അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും. എന്നാല്‍ ഇതുസംബന്ധിച്ച് ഇപ്പോള്‍ ഉറപ്പു പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ എസ്ഡിവി സ്കൂള്‍ ഗ്രൗണ്ടില്‍ തൊഴിലുറപ്പു പദ്ധതി തൊഴിലാളികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete