ഇറ്റലിയുടെ എണ്ണക്കപ്പല്‍ എന്‍റിക്ക ലക്സിയും രണ്ടു മത്സ്യത്തൊഴിലാളികളുടെ മരണവും അന്തര്‍ദേശീയതലത്തില്‍ വാര്‍ത്തയായിരിക്കുന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ ലക്ഷ്യങ്ങളും മുന്‍ഗണനകളും വ്യക്തമായിരിക്കണം. 1. ഇറ്റലിയുമായി നിലനില്‍ക്കുന്ന നയതന്ത്ര ബന്ധങ്ങളില്‍ പോറല്‍ ഏല്‍ക്കാതെ സൂക്ഷിക്കുക. 2. ദാരുണമായി കൊലചെയ്യപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ബോട്ടിനും പരമാവധി സാമ്പത്തിക സഹായം നല്‍കുക. 3. ഒരു ഇന്ത്യന്‍ പൗരനെ തൊട്ടുകളിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന സന്ദേശം ലോകത്തിന് നല്‍കുക. സംഭവം മാധ്യമങ്ങള്‍ ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പ്രത്യേകതകൊണ്ട് ഇന്ത്യക്ക് എതിരായും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരായും ഇറ്റലിയില്‍ രോഷം ആളിക്കത്തിക്കാന്‍ നോക്കുന്നുണ്ട്. അപകടം സംഭവിച്ചവര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ സംഭവത്തില്‍ എന്‍റിക്ക ലക്സിയുടെ പങ്ക് തെളിയണം. ഇക്കാര്യം ഇപ്പോഴും തര്‍ക്കവിഷയമാക്കിയിരിക്കുകയാണ് ഇറ്റലി.
ഇറ്റാലിയന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയനുസരിച്ച് സംഭവം മറ്റൊരു വിധത്തിലാണ് നടന്നത്. കപ്പല്‍ ആക്രമിക്കാന്‍ വന്ന കടല്‍ക്കൊള്ളക്കാരെ ഭയപ്പെടുത്തി ഓടിക്കുകമാത്രമാണ് എന്‍റിക്ക ലക്സിയിലെ നാവികര്‍ ചെയ്തത്. അതിന് അവരെ അഭിനന്ദിക്കുകയും വീരചക്രം കൊടുക്കണമെന്നുമാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പറയുന്നത്. "ഇന്ത്യന്‍ മത്സ്യബന്ധനബോട്ട് സെന്റ് ആന്റണിക്കുനേരെ വെടിവച്ചത് കടല്‍ക്കൊള്ളക്കാരാണ്. പക്ഷേ, കടല്‍ക്കൊള്ളക്കാര്‍ സഞ്ചരിച്ചിരുന്നു എന്നു പറയുന്ന ബോട്ട് പിടിക്കപ്പെടാതെ രക്ഷപ്പെട്ടു"- ഇറ്റാലിയുടെ ഈ ഭാഷ്യത്തില്‍ വളരെയധികം ദുരൂഹതകള്‍ അടങ്ങിയിരിക്കുന്നു. കപ്പലിനെ ആക്രമിച്ച കടല്‍ക്കൊള്ളക്കാര്‍ സഞ്ചരിച്ച ബോട്ടിന്റെ വിവരണം പൊലീസിന് കൈമാറാന്‍ അവര്‍ തയ്യാറാകണം. അവര്‍ അതിനു തയ്യാറല്ല. സെന്റ് ആന്റണി എന്ന മത്സ്യബന്ധന ബോട്ടിനെ അവര്‍ കാണുകയോ, ബന്ധപ്പെടുകയോ ചെയ്തോ എന്നും വ്യക്തമാക്കണം. എന്തുകൊണ്ട് അവര്‍ നിയമപ്രകാരം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനെയോ നേവിയെയോ അറിയിച്ചില്ല. ഇവിടെയാണ് കേസ് ദുര്‍ബലമാക്കുന്ന കേരള പൊലീസ് എഫ്ഐആര്‍ . മത്സ്യബന്ധനബോട്ടില്‍ ദൃക്സാക്ഷികള്‍ ആയി ആരും ഉണ്ടായിരുന്നില്ല എന്നാണ് നമ്മുടെ എഫ്ഐആറിന്റെ പോരായ്മ. മുകള്‍ത്തട്ടില്‍ ഉണ്ടായിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടു. മറ്റുള്ളവര്‍ താഴെ വിശ്രമിക്കുകയായിരുന്നു. മുകളില്‍ എത്തിയപ്പോള്‍ കാണുന്നത് എന്‍റിക്ക ലക്സിയെന്ന എണ്ണക്കപ്പലിനെയാണ്. മത്സ്യത്താഴിലാളികള്‍ക്ക് എന്‍റിക്ക ലക്സിയുടെ പേര് വായിക്കാന്‍ കഴിഞ്ഞോ? ആ പേര് പൊലീസിന് നല്‍കിയോ എന്നും വ്യക്തമല്ല. മുംബൈയിലെ മാരി ടൈം റെസ്ക്യു കോ- ഓഡിനേഷന്‍ സെന്ററിലെ റഡാര്‍ ചിത്രങ്ങളില്‍നിന്നാണ് ആ സ്ഥലത്ത് അപ്പോള്‍ ഉണ്ടായിരുന്ന എന്‍റിക്ക ലക്സിയെ തിരിച്ചറിഞ്ഞത് എന്നും വാര്‍ത്ത കണ്ടു. ഇത് ശരിയാണെങ്കില്‍ കുറ്റം തെളിയിക്കുന്നതുവരെ ഇറ്റാലിയന്‍ കപ്പലിന് സംശയത്തിന്റെ ആനുകൂല്യം നല്‍കാനുള്ള നിയമസാഹചര്യം കേരള പൊലീസ് ഒരുക്കിയിരിക്കുകയാണ്.
കപ്പലിലെ ക്യാപ്റ്റന്റെ ലക്ഷ്യവും മുന്‍ഗണനയും പാളിയിരിക്കുകയാണ്. ഒരു സംഭവം നടന്നാല്‍ കപ്പല്‍ കമ്പനിയുടെ നഷ്ടം പരമാവധി കുറയ്ക്കുകയും നഷ്ടം സംഭവിച്ചവര്‍ക്ക് പരമാവധി സഹായം നല്‍കുകയും അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കുകയും ചെയ്യുകയാണ് കപ്പിത്താന്റെ ഉത്തരവാദിത്തം. ഇതിനായി കപ്പിത്താന് ഒരു ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ കപ്പിത്താന്മാര്‍ക്ക് അംബാസഡര്‍മാരുടെ പദവി ഉണ്ടായിരുന്നു. എന്നാല്‍ , എന്‍റിക്ക ലക്സിയുടെ ക്യാപ്റ്റന്‍ ഉംബര്‍ട്ടോ ലെറ്റോലിനോ വിറ്റലി തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങള്‍ ഉപയോഗിക്കുകയോ, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയോ ചെയ്തതായി കാണുന്നില്ല. കുറ്റവാളികള്‍ എന്ന് സംശയിക്കപ്പെടുന്ന സൈനികരെയും തോക്കുകളും പൊലീസ് ആവശ്യപ്പെടുന്ന മറ്റു രേഖകളും കോടതി ആവശ്യപ്പെടുന്ന തുകയും നല്‍കി 16-ാം തീയതിതന്നെ കപ്പലിന് പുറപ്പെടാമായിരുന്നു. പൊലീസും നയതന്ത്ര ഉദ്യോഗസ്ഥരും ബാക്കി കാര്യങ്ങള്‍ നോക്കി കൈകാര്യം ചെയ്യുമായിരുന്നു. ഇതിനു പകരം വൈകാരികമായി പ്രതികരിക്കുകയായിരുന്നു ക്യാപ്റ്റന്‍ ചെയ്തത്. തന്റെ അധികാരം ഉപയോഗിച്ച് തീരുമാനം എടുക്കാന്‍ ഭയപ്പെട്ടു. കമ്പനിക്കും ഇറ്റാലിയന്‍ പൊലീസിനും ഇറ്റാലിയന്‍ നേവിക്കും ഇറ്റാലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും തലവേദനയായിത്തീരുകയാണ് ക്യാപ്റ്റന്‍ ചെയ്തത്. കപ്പല്‍ കമ്പനിക്ക് ദിവസവാടകയിനത്തില്‍ കോടികള്‍ നഷ്ടമായി. മറ്റ് ഒഴിവാക്കാവുന്ന ചെലവുകള്‍ വേറെയും. എന്‍റിക്ക ലക്സിയും മത്സ്യത്തൊഴിലാളികളുടെ മരണവും തമ്മില്‍ ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകള്‍ നിരത്തുന്നതില്‍ കേരള പൊലീസ് ഉദാസീനമായാണ് പ്രവര്‍ത്തിച്ചത്. 27ന് വന്ന മാധ്യമ റിപ്പോര്‍ട്ട് അനുസരിച്ച് ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുള്ള ഏഴു തോക്ക് കസ്റ്റഡിയില്‍ എടുത്തു എന്നു കാണുന്നു. വേറെയും തോക്കുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. അവയില്‍നിന്നാണ് വെടി പോയതെങ്കില്‍ കേസ് തെളിയിക്കാന്‍ കഴിയുകയില്ല. എല്ലാ തോക്കും കസ്റ്റഡിയില്‍ എടുക്കണമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസ് ചെയ്യേണ്ടത് കപ്പല്‍ എത്തിയാല്‍ മിനിറ്റിനകം താഴെ പറയുന്ന രേഖകളോ ക്യാപ്റ്റന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ കസ്റ്റഡിയില്‍ എടുക്കാമായിരുന്നു.
1. ലോഗ് ബുക്കിന്റെ പകര്‍പ്പ്, 2. എക്കോ സൗണ്ടര്‍ പ്രിന്റ് ഔട്ട്, 3. റഡാര്‍ റെക്കോഡുകള്‍ , 4. ഷിപ്പ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ , 5. എമര്‍ജന്‍സി പ്രൊസീജിയര്‍ , 6. നേവല്‍ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ , 7. നേവല്‍ ഡ്യൂട്ടി റോസ്റ്റര്‍ , 8. ആര്‍മി രജിസ്റ്റര്‍ (തോക്കുകളുടെ രജിസ്റ്റര്‍ , തിരകളുടെ എണ്ണം, ഉപയോഗിച്ച തിരകളുടെ എണ്ണം, ഒഴിഞ്ഞ തിരകളുടെ കണക്ക്), 9. ലുക്കൗട്ട് റിപ്പോര്‍ട്ട,് 10. ഡ്യൂട്ടി ഓഫീസറുടെ റിപ്പോര്‍ട്ട്.
1971ല്‍ ഇന്ത്യന്‍ നേവിയിലെ ഐഎന്‍എസ് അതുല്‍ എന്ന കപ്പലിലെ ഓഫീസറെന്ന നിലയില്‍ , ആന്തമാനില്‍ നമ്മുടെ തീരം ആക്രമിച്ചു കടന്ന രണ്ട് ഉത്തര കൊറിയന്‍ കപ്പലുകളെ അറസ്റ്റ് ചെയ്ത് പൊലീസിനു കൈമാറാന്‍ കഴിഞ്ഞു. കപ്പലില്‍ കയറി നിമിഷങ്ങള്‍കൊണ്ട് രേഖകള്‍ കൈവശപ്പെടുത്തുകയും ഫോട്ടോ എടുക്കുകയും ചെയ്തതിനാല്‍ ഉത്തരകൊറിയന്‍ സര്‍ക്കാരിനുപോലും പരാതിയില്ലാതെ കാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ കഴിഞ്ഞു. 1980ല്‍ ശാന്താഷിബാനി എന്ന ഇന്ത്യന്‍ ചരക്കുകപ്പലിലെ ചീഫ് ഓഫീസര്‍ ബന്ദര്‍ ഖൊമേനി ഇറാനിയന്‍ പോര്‍ട്ടില്‍വച്ചു കൊല്ലപ്പെട്ടപ്പോള്‍ പെട്ടെന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ക്യാപ്റ്റന്‍ കെ എ പിള്ള (ലേഖകന്‍ ഇന്ത്യന്‍ നേവിയില്‍ കോര്‍ട്ട് മാര്‍ഷല്‍ ഓഫീസറായും ക്യാപ്റ്റന്മാര്‍ക്ക് പരിശീലനം നല്‍കുന്ന യുനെസ്കോയുടെ ട്രെയ്ന്‍മാന്‍ പ്രോജക്ടിലും പ്രവര്‍ത്തിച്ചിട്ടുണ്ട്)
deshabhimani 290212
ഇറ്റലിയുടെ എണ്ണക്കപ്പല്‍ എന്‍റിക്ക ലക്സിയും രണ്ടു മത്സ്യത്തൊഴിലാളികളുടെ മരണവും അന്തര്‍ദേശീയതലത്തില്‍ വാര്‍ത്തയായിരിക്കുന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ ലക്ഷ്യങ്ങളും മുന്‍ഗണനകളും വ്യക്തമായിരിക്കണം. 1. ഇറ്റലിയുമായി നിലനില്‍ക്കുന്ന നയതന്ത്ര ബന്ധങ്ങളില്‍ പോറല്‍ ഏല്‍ക്കാതെ സൂക്ഷിക്കുക. 2. ദാരുണമായി കൊലചെയ്യപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ബോട്ടിനും പരമാവധി സാമ്പത്തിക സഹായം നല്‍കുക. 3. ഒരു ഇന്ത്യന്‍ പൗരനെ തൊട്ടുകളിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന സന്ദേശം ലോകത്തിന് നല്‍കുക.
ReplyDelete