പിറവം മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ അനര്‍ഹരെ ഉള്‍പ്പെടുത്താന്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം അധ്യാപകനേതാവിന് ലക്ഷക്കണക്കിന് രൂപയുടെ മുതല്‍മുടക്ക്. പഞ്ചായത്തുകളില്‍നിന്ന് ആളെ കൂട്ടിക്കൊണ്ടുവരുന്ന ദല്ലാളന്‍മാര്‍ക്കാണ് പണം നല്‍കിയത്. ഇതിനായി ബാഗ്നിറച്ചു പണവുമായി മൂവാറ്റുപുഴ താലൂക്ക് ഓഫീസ് പരിസരത്ത് ഓഫീസ്സമയം മുഴുവന്‍ ഇയാള്‍ ക്യാമ്പാണ്. കൊണ്ടുവരുന്ന ആളുകളുടെ എണ്ണമനുസരിച്ചാണ് തുക കൊടുക്കുക. വടകരയിലെ സ്കൂള്‍ അധ്യാപകനായ ഇയാളുടെ ജോലി രണ്ടാഴ്ചയായി താലൂക്ക് ഓഫീസിനുമുന്നില്‍ കള്ളവോട്ടിനു പണം വിതരണംചെയ്യലാണ്. പണം കൈപ്പറ്റിയതായി ചിലരില്‍നിന്ന് ഇയാള്‍ ഒപ്പിട്ടു വാങ്ങുകയുംചെയ്തു. ആളുകളുടെ എണ്ണമനുസരിച്ച് വണ്ടിയില്‍ വന്നിറങ്ങുമ്പോള്‍ത്തന്നെ പണം കൈമാറി. നിര്‍ധനരെന്നു കാഴ്ചയില്‍ തോന്നുവര്‍ക്കും പട്ടികയില്‍ പേരുചേര്‍ക്കുന്നതിനു മുമ്പേ വോട്ടഭ്യര്‍ഥനയുമായി പണം നല്‍കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി എം ജേക്കബ്ബിനൊപ്പം മുഴുവന്‍സമയവും ഇയാള്‍ പ്രചാരണത്തിനുണ്ടായിരുന്നു. അന്ന് തെരഞ്ഞെടുപ്പിന്റെ ചെലവുകളെല്ലാം കൈകാര്യംചെയ്തിരുന്നതും ടി എം ജേക്കബ്ബിന്റെ വിശ്വസ്തനായ ഈ അധ്യാപകനാണ്.
വിലാസം സ്ഥിരീകരിക്കുംമുന്‍പ് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് റെഡി
വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ വിലാസംപോലും സ്ഥിരീകരിക്കാതെ ഇലഞ്ഞി പഞ്ചായത്ത് സെക്രട്ടറി 28 പേര്‍ക്ക് ഒറ്റക്കടലാസില്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഇലഞ്ഞി കൃഷിഭവനുസമീപത്തെ മരിയാലയത്തിലെ അന്തേവാസികളായ 28 സ്ത്രീകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വെള്ളിയാഴ്ച ഹിയറിങ്ങിനെത്തിയ ഇവര്‍ക്ക് വ്യാഴാഴ്ചയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സെക്രട്ടറിയുടെ സാക്ഷ്യപത്രം അനുസരിച്ച് മരിയാലയം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ സ്ഥാപനം ഒന്നാം വാര്‍ഡിലെ 22-ാം നമ്പര്‍ ബൂത്തിലാണ്. ഇവരില്‍നിന്ന് അപേക്ഷ സ്വീകരിച്ച തീയതിയോ അപേക്ഷയുടെ വിശദാംശങ്ങളോ നോക്കാതെയാണ് യുഡിഎഫ് നേതാക്കളുടെ സമ്മര്‍ദത്തിനുവഴങ്ങി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നു വ്യക്തം.
റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് വ്യക്തികള്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണമെന്നാണ് ചട്ടം. ഈ അപേക്ഷ പരിഗണിച്ച് പ്രത്യേകം റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടതെന്നിരിക്കേ പഞ്ചായത്തിന്റെ പേരിലുള്ള സാക്ഷ്യപത്രത്തില്‍ 28 പേരുടെയും പേരുകള്‍ എഴുതിച്ചേര്‍ത്ത് ധൃതിയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. സെക്രട്ടറിയുടെ ഒപ്പും പഞ്ചായത്തിന്റെ മുദ്രയുമുള്ള കടലാസില്‍ ആദ്യത്തെ 27 പേര് ടൈപ്പ്ചെയ്ത നമ്പറിനുനേരെ പേരുകള്‍ എഴുതുകയാണ് ചെയ്തിട്ടുള്ളത്. 28-ാമത്തെ നമ്പര്‍ കൈകൊണ്ട് എഴുതി ഒരുപേരുകൂടി ചേര്‍ത്തിട്ടുമുണ്ട്. ആദ്യത്തെ 27 പേരിനൊപ്പവും മരിയാലയം എന്നുമാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അവസാനത്തെ ആള്‍ക്ക് പേരുമാത്രമാണുള്ളത്. ഇവരില്‍ ആരുടെയും സ്ഥിരവിലാസമോ മറ്റു വിവരങ്ങളോ ഇല്ല. മാനസികാസ്വാസ്ഥ്യം ഉള്ളവരും അന്തേവാസികളായി മരിയാലയത്തിലുണ്ട്.
പഞ്ചായത്ത് സെക്രട്ടറി ജെ ജസ്റ്റിന്‍ ഒപ്പിട്ടിരിക്കുന്ന സാക്ഷ്യപത്രത്തില്‍ പറയുന്നത്: "ഇലഞ്ഞി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന 524-ാം നമ്പര്‍ കെട്ടിടത്തില്‍ മരിയാലയം ചാരിറ്റബിള്‍ ട്രസ്റ്റ്, പൊന്‍കുറ്റി, ഇലഞ്ഞി പിഒ, (നിയര്‍ കൃഷിഭവന്‍), എന്ന സ്ഥാപനത്തില്‍ താഴെ പറയുന്ന വ്യക്തികള്‍ ഒരുവര്‍ഷമായി താമസിക്കുന്നു എന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട വിവരം ഇതിനാല്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു" എന്നാണ്.
ഹിയറിങ്ങിനെത്തിയ വൃദ്ധയോടും പൊലീസ് ക്രൂരത
വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിന്റെ ഹിയറിങ്ങിനിടെ തലകറങ്ങിയ വൃദ്ധയ്ക്ക് വെള്ളംകൊടുക്കുന്നതിനും പൊലീസുകാരുടെ വിലക്ക്. ഇതിനെ ചോദ്യം ചെയ്ത എല്‍ഡിഎഫ് പ്രവര്‍ത്തകരെ വൃദ്ധയോടൊപ്പം പൊലീസുകാര്‍ തള്ളി പുറത്താക്കി. എഴക്കരനാട് കുടിലിമാലി വീട്ടില്‍ ശോശാമ്മ (78)യാണ് പൊലീസുകാരുടെ ക്രൂരതയ്ക്കിരയായത്.
ഹിയറിങ്ങിന്റെ അവസാനദിവസമായ ശനിയാഴ്ച പകല്‍ 11ന്താലൂക്ക് ഓഫീസിലെത്തിയ ശോശാമ്മയെ വാര്‍ധക്യം പരിഗണിച്ച് ക്യൂവിന്റെ മുന്നില്‍നില്‍ക്കാന്‍ അനുവദിച്ചു. എന്നാല്‍ ക്യൂവില്‍ നില്‍ക്കവേ ശോശാമ്മ ഒപ്പമുണ്ടായിരുന്നവരോട് വെള്ളം ചോദിച്ചു. ഈ സമയം വെള്ളവുമായെത്തിയയാളെ തടഞ്ഞ് വെള്ളം വാങ്ങിയ പൊലീസുകാര്‍ ഞങ്ങള്‍ കൊടുത്തുകൊള്ളം ഇവിടെ കൂടി നില്‍ക്കേണ്ടെന്നു പറഞ്ഞ് പുറത്താക്കി. എന്നാല്‍ പൊലീസുകാര്‍ വെള്ളം തനിക്കു തന്നില്ലെന്ന് ശോശാമ്മ പറഞ്ഞു. ഹിയറിങ്ങിനുശേഷം പുറത്തെത്തിയ ശോശാമ്മയ്ക്ക് തലകറങ്ങി.വീണ്ടും വെള്ളം ചോദിച്ചു. ഈ സമയം വിവരമന്വേഷിച്ചെത്തിയ വരോട്, നേരത്തേ പൊലീസുകാര്‍ വെള്ളംതന്നില്ലെന്നു പറഞ്ഞു. അവര്‍ നല്‍കിയ വെള്ളം വൃദ്ധയ്ക്ക് കൊടുക്കാത്തതിനെ ചോദ്യം ചെയ്തതോടെ ക്ഷുഭിതരായ പൊലീസുകാര്‍ പ്രവര്‍ത്തകരെയും ഒപ്പം ശോശാമ്മയെയും പുറത്തിറക്കിവിട്ടു.
deshabhimani 260212
പിറവം മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ അനര്‍ഹരെ ഉള്‍പ്പെടുത്താന്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം അധ്യാപകനേതാവിന് ലക്ഷക്കണക്കിന് രൂപയുടെ മുതല്‍മുടക്ക്. പഞ്ചായത്തുകളില്‍നിന്ന് ആളെ കൂട്ടിക്കൊണ്ടുവരുന്ന ദല്ലാളന്‍മാര്‍ക്കാണ് പണം നല്‍കിയത്. ഇതിനായി ബാഗ്നിറച്ചു പണവുമായി മൂവാറ്റുപുഴ താലൂക്ക് ഓഫീസ് പരിസരത്ത് ഓഫീസ്സമയം മുഴുവന്‍ ഇയാള്‍ ക്യാമ്പാണ്. കൊണ്ടുവരുന്ന ആളുകളുടെ എണ്ണമനുസരിച്ചാണ് തുക കൊടുക്കുക.
ReplyDelete