Sunday, February 26, 2012

എം ജെയുടെ വിജയം നാടിന്റെ ആവശ്യം: ഇ പി

എം ജെ ജേക്കബിനെ എതിര്‍ക്കാന്‍ യുഡിഎഫിന് എങ്ങനെ മനസ്സുവന്നു! നാടിന്റെ വികസനത്തിനെ തന്നേക്കാളേറെ സ്നേഹിച്ച എം ജെ ജേക്കബിനോട് മല്ലടിക്കാന്‍ യുഡിഎഫിന് എങ്ങനെ ധൈര്യം വന്നു- ഇ പി ജയരാജന്‍ അത്ഭുതം പ്രകടിപ്പിച്ചു. കഴിഞ്ഞതവണ 157 വോട്ടുകള്‍ക്കു മാത്രമായിരുന്നു അദ്ദേഹത്തിന്റെ തോല്‍വി. യുഡിഎഫാണെങ്കില്‍ വഴിവിട്ട പലതും ചെയ്താണ് ഈ നേരിയ വിജയം നേടിയത്. അതറിയാവുന്ന പലരും എം ജെയെ ഉപദേശിച്ചു; തെരഞ്ഞെടുപ്പു കേസ് കൊടുക്കാന്‍ . പക്ഷേ അദ്ദേഹം വഴങ്ങിയില്ല. അവരോട് അദ്ദേഹം പറഞ്ഞു ടി എം ജേക്കബ് സുഖമില്ലാതിരിക്കുകയാണ്. അതിനിടയില്‍ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയും വിഷമിപ്പിക്കുകയുമൊന്നും വേണ്ട. അങ്ങനെ പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു. എം ജെ ജേക്കബ് തോറ്റപ്പോള്‍ യഥാര്‍ഥത്തില്‍ ജനങ്ങള്‍ ദുഖിച്ചു. മറിച്ച് വോട്ട്ചെയ്തവര്‍ പോലും പശ്ചാത്തപിച്ച അനുഭവമുണ്ട്. കാരണം, പിറവം നിയോജകമണ്ഡലത്തിലെ ഇന്നുകാണുന്ന പ്രധാന വികസനസംരംഭങ്ങളുടെ മുന്‍കൈ ശ്രമത്തിന്റെ നേര്‍അവകാശി എം ജെ ജേക്കബാണ്.

കേരളത്തിലെ വികസനപ്രവര്‍ത്തനരംഗത്ത് വിസ്മയകരമായ മാതൃകയുടെ ചരിത്രം തന്നെ എം ജെ 2006നുശേഷമുള്ള അഞ്ചുവര്‍ഷം സൃഷ്ടിച്ചു. എം ജെയുടെ വിജയം നാടിന്റെ ആവശ്യമാണ്. ആ തിരിച്ചറിവാണ് ആ ദുഃഖത്തിനു കാരണം. ഈ തെരഞ്ഞെടുപ്പ് ഉത്സവമായി ജനങ്ങള്‍ കാണുന്നു; യുഡിഎഫിന്റെ ദുര്‍ഭരണം അവസാനിപ്പിക്കാനുള്ള ആവേശം തുടിക്കുന്ന മുന്നേറ്റം, ആ മുന്നേറ്റത്തിന്റെ ഉത്സവം- ഇ പിയുടെ ഈ വാക്കുകള്‍ക്ക് നിറഞ്ഞസദസ്സിന്റെ കരഘോഷമായിരുന്നു അകമ്പടി. ഇരുമ്പനത്ത് ചേര്‍ന്ന എല്‍ഡിഎഫ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇ പി.

പിറവത്ത് വോട്ട്ചോദിക്കാന്‍ യുഡിഎഫിന് എന്തവകാശം: ദിവാകരന്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പിറവത്തെ ജനങ്ങളോട് വോട്ട്ചോദിക്കാന്‍ ധാര്‍മികാവകാശമില്ലെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം സി ദിവാകരന്‍ പറഞ്ഞു. എല്‍ഡിഎഫ് പിറവം പഞ്ചായത്ത് തെരഞ്ഞെടുപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയിലെ ആറു മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവരാണ്. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് വിജിലന്‍സ് കോടതിയില്‍നിന്ന് ജാമ്യമെടുത്താണ് സെക്രട്ടറിയറ്റില്‍ ഫയലുകള്‍ ഒപ്പിടാന്‍ വരുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തുചാടിയ ബാലകൃഷ്ണപിള്ളയാണ് യുഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രിയുടെ അടുത്തിരുന്നത്. ആ പിള്ളയും ഉമ്മന്‍ ചാണ്ടിയുമാണ് ധാര്‍മികതയുടെ പേരില്‍ വോട്ട്ചോദിക്കുന്നത്. ലീഗ് മന്ത്രിമാരും കേസുകള്‍ക്കുപിറകില്‍ പരക്കംപായുന്നു. ജയിക്കാന്‍വേണ്ടി എന്ത് അധാര്‍മികതയും പ്രവര്‍ത്തിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നതിന്റെ തെളിവാണ് മന്ത്രിപദവി പ്രഖ്യാപനം.

ജനജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. പൊതുവിതരണസമ്പ്രദായം അടച്ചുപൂട്ടി സാധാരണക്കാരെ വിലക്കയറ്റത്തിലേക്കു തള്ളിവിട്ടു. സര്‍ക്കാര്‍ കമ്പോളത്തില്‍ ഇടപെടുന്നില്ല. മാവേലിസ്റ്റോറുകളില്‍ സാധനങ്ങള്‍ കിട്ടാനില്ല. കര്‍ഷകവിരുദ്ധനയങ്ങള്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു. അധികാരത്തിലേറി 10 മാസമായിട്ടും ഒരാള്‍ക്കുപോലും ജോലി നല്‍കാനായില്ല. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പെന്‍ഷന്‍പ്രായം ഉയര്‍ത്തല്‍ യുവാക്കളെ ഒന്നടങ്കം കശാപ്പു ചെയ്യുന്നതാണ്. ജനസമ്പര്‍ക്കം രാജഭരണകാലത്തെ ഓര്‍മിപ്പിക്കുന്ന ഭരണാഭാസമാണ്. ജനങ്ങളെ ഭിക്ഷക്കാരാക്കി തന്റെ മുന്നില്‍കൊണ്ടുവരുന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കമെന്നും ദിവാകരന്‍ പറഞ്ഞു.

കടലില്‍ പോയി മീന്‍പിടിക്കാന്‍ ഗതിയില്ലാതായി. രണ്ടു തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് തീരപ്രദേശത്തേക്കു പോകാന്‍ ധൈര്യമുണ്ടോയെന്നും ദിവാകരന്‍ ചോദിച്ചു. ഇറ്റാലിയന്‍ കപ്പലില്‍നിന്നു വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കള്ളക്കളി തുടരുകയാണ്. വേറെ എവിടെയെങ്കിലുമായിരുന്നെങ്കില്‍ കപ്പല്‍ പിടിച്ചെടുത്ത് കൊലപാതകികളെ ശിക്ഷിക്കുമായിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉമ്മന്‍ ചാണ്ടിയേക്കാള്‍ വലിയ കോണ്‍ഗ്രസ് നേതാവായ ഐഎന്‍ടിയുസി പ്രസിഡന്റ് സഞ്ജീവറെഡ്ഡി സമരരംഗത്താണ്. പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ എന്തെങ്കിലും ആക്ഷേപം ഉന്നയിക്കാനുണ്ടോയെന്നും ദിവാകരന്‍ ചോദിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ യോഗം ഉദ്ഘാടനംചെയ്തു.

പിറവം: യുഡിഎഫ് ജയിക്കില്ല- രാമചന്ദ്രന്‍ കടന്നപ്പള്ളി

കൊച്ചി: ഭരണാധികാരത്തിന്റെ ദുര്‍വിനിയോഗംകൊണ്ടും പ്രലോഭനങ്ങള്‍കൊണ്ടും പിറവം തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കില്ലെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പിറവത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യുഡിഎഫ് സര്‍ക്കാരിന് ബജറ്റ് അവതരിപ്പിക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. പിറവം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എസിന്റെ പങ്കാളിത്തം പ്രാവര്‍ത്തികമാക്കാനുള്ള പരിപാടികള്‍ക്ക് രൂപംനല്‍കാന്‍ ചേര്‍ന്ന ജില്ലാ ജനറല്‍ബോഡിയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബി എ അഷ്റഫ് അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ അഡ്വ. ടി വി വര്‍ഗീസ്, എ അബ്ദുള്‍ഖാദര്‍ , മാത്യൂസ് കോലഞ്ചേരി, എടക്കുളം ഹമീദ്, അനില്‍ കാഞ്ഞിലി, വി വി സന്തോഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ്കാല, കെഎസ്യു എസ് സംസ്ഥാന പ്രസിഡന്റ് റെനീഷ് മാത്യൂ, പി എ ശശി, കെ ജെ സേവ്യര്‍ , മുളവുകാട് തങ്കപ്പന്‍ , എ ടി സി കുഞ്ഞുമോന്‍ , എന്‍ ഐ പൗലോസ്, കുഞ്ഞുമരക്കാര്‍ എന്നിവര്‍ സംസാരിച്ചു. രാമചന്ദ്രന്‍ കടന്നപ്പള്ളി 25, 27, 29 തീയതികളില്‍ മണ്ഡലത്തിലെ പഞ്ചായത്തുതലങ്ങളില്‍ നടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ബി എ അഷ്റഫ് അറിയിച്ചു

deshabhimani 260212

1 comment:

  1. എം ജെ ജേക്കബിനെ എതിര്‍ക്കാന്‍ യുഡിഎഫിന് എങ്ങനെ മനസ്സുവന്നു! നാടിന്റെ വികസനത്തിനെ തന്നേക്കാളേറെ സ്നേഹിച്ച എം ജെ ജേക്കബിനോട് മല്ലടിക്കാന്‍ യുഡിഎഫിന് എങ്ങനെ ധൈര്യം വന്നു- ഇ പി ജയരാജന്‍ അത്ഭുതം പ്രകടിപ്പിച്ചു. കഴിഞ്ഞതവണ 157 വോട്ടുകള്‍ക്കു മാത്രമായിരുന്നു അദ്ദേഹത്തിന്റെ തോല്‍വി. യുഡിഎഫാണെങ്കില്‍ വഴിവിട്ട പലതും ചെയ്താണ് ഈ നേരിയ വിജയം നേടിയത്. അതറിയാവുന്ന പലരും എം ജെയെ ഉപദേശിച്ചു; തെരഞ്ഞെടുപ്പു കേസ് കൊടുക്കാന്‍ . പക്ഷേ അദ്ദേഹം വഴങ്ങിയില്ല. അവരോട് അദ്ദേഹം പറഞ്ഞു ടി എം ജേക്കബ് സുഖമില്ലാതിരിക്കുകയാണ്. അതിനിടയില്‍ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയും വിഷമിപ്പിക്കുകയുമൊന്നും വേണ്ട. അങ്ങനെ പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു. എം ജെ ജേക്കബ് തോറ്റപ്പോള്‍ യഥാര്‍ഥത്തില്‍ ജനങ്ങള്‍ ദുഖിച്ചു. മറിച്ച് വോട്ട്ചെയ്തവര്‍ പോലും പശ്ചാത്തപിച്ച അനുഭവമുണ്ട്. കാരണം, പിറവം നിയോജകമണ്ഡലത്തിലെ ഇന്നുകാണുന്ന പ്രധാന വികസനസംരംഭങ്ങളുടെ മുന്‍കൈ ശ്രമത്തിന്റെ നേര്‍അവകാശി എം ജെ ജേക്കബാണ്.

    ReplyDelete