ജി രാമകൃഷ്ണന്‍ തമിഴ്നാട് സംസ്ഥാന സെക്രട്ടറി
ജ്യോതിബസു നഗര്‍ (ലളിത മഹല്‍ , നാഗപട്ടണം): സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായി ജി രാമകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. 79 അംഗ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി ഷണ്‍മുഖത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ സംസ്ഥാന കമ്മിറ്റി യോഗമാണ് സെക്രട്ടറിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്. യോഗത്തില്‍ കേന്ദ്രകമ്മിറ്റി അംഗം ടി കെ രംഗരാജനാണ് രാമകൃഷ്ണന്റെ പേര് നിര്‍ദേശിച്ചത്. കെ ബാലകൃഷ്ണന്‍ പിന്താങ്ങി. കോഴിക്കോട്ട് നടക്കുന്ന പാര്‍ടി കോണ്‍ഗ്രസിനുള്ള 49 പ്രതിനിധികളെയും 15 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു. ജി രാമകൃഷ്ണന്‍ , ടി കെ രംഗരാജന്‍ , യു വാസുകി, എ സൗന്ദരരാജന്‍ , പി സമ്പത്ത്, കെ ബാലകൃഷ്ണന്‍ , കെ തങ്കവേല്‍ , പി സെല്‍വസിങ്, എം എന്‍ എസ് വെങ്കട്ടരാമന്‍ , എന്‍ സീനിവാസന്‍ , എസ് നൂര്‍മുഹമ്മദ്, എ ലാസര്‍ , പി ഷണ്‍മുഖം, എന്‍ ഗുണശേഖരന്‍ , കെ കനകരാജ് എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍ .
വിഴുപുരം ജില്ലയിലെ തിരുക്കോവിലൂര്‍ താലൂക്കിലെ മേമാലൂര്‍ സ്വദേശിയായ ജി രാമകൃഷ്ണന്‍ രണ്ടാംതവണയാണ് സംസ്ഥാന സെക്രട്ടറിയാകുന്നത്. ചെന്നൈയില്‍ ഡോ. അംബേദ്കര്‍ ലോ കോളേജില്‍ പഠിക്കുമ്പോള്‍ എസ്എഫ്ഐയിലൂടെ രാഷ്ട്രീയരംഗത്തുവന്ന അദ്ദേഹം 1969ല്‍ സിപിഐ എം അംഗമായി. എട്ടുവര്‍ഷം കടലൂരില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. ഡിവൈഎഫ്ഐ സൗത്ത് ആര്‍കോട്ട് ജില്ലാ സെക്രട്ടറിയായിരുന്നു. 1981ല്‍ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് പൂര്‍ണസമയപ്രവര്‍ത്തകനായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റായും സൗത്ത് ആര്‍ക്കോട്ട് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ തൊഴിലാളികളുടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1989ല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 2008ല്‍ കോയമ്പത്തൂരില്‍ നടന്ന പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സെക്രട്ടറിയായിരുന്ന എന്‍ വരദരാജന്‍ അനാരോഗ്യത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് 2010 ഫെബ്രുവരിയില്‍ ജി രാമകൃഷ്ണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇപ്പോള്‍ ചെന്നൈയില്‍ സ്ഥിരതാമസം. ചെന്നൈ ജില്ലാ ഗ്രന്ഥശാലയിലെ ലൈബ്രേറിയന്‍ റീറ്റയാണ് ഭാര്യ. മകന്‍ വാഞ്ചിനാഥന്‍ .
നാഗപട്ടണത്തെ ഇളക്കിമറിച്ച് മഹാറാലി
കടലോരനഗരം ചെമ്പടയുടെ ചടുലമായ ചുവടുവയ്പില്‍ ചുവന്നു. ലക്ഷങ്ങള്‍ അണിനിരന്ന മഹാറാലി തമിഴ്നാട്ടില്‍ സിപിഐ എം ആര്‍ജിച്ച കരുത്തിന്റെ പ്രതിഫലനമായി. നാലുദിവസമായി നാഗപട്ടണത്ത് നടന്ന സിപിഐ എം സംസ്ഥാന സമ്മേളന സമാപനംകുറിച്ച് നടന്ന റാലിയില്‍ രണ്ടുലക്ഷത്തിലേറെ പേര്‍ പങ്കെടുത്തു. പുത്തൂര്‍ അണ്ണാ പ്രതിമയ്ക്കുസമീപത്തുനിന്ന് ആരംഭിച്ച റാലിക്കുമുന്നില്‍ 20-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതീകമായ 20 കൂറ്റന്‍ ചെങ്കൊടികളുമായി ചുവപ്പുവളന്റിയര്‍മാര്‍ അണിനിരന്നു. തൊട്ടുപിന്നില്‍ പതിനായിരം ചുവപ്പുവളന്റിയര്‍മാരുടെ ആകര്‍ഷകമായ പരേഡ്. പിന്നാലെ നാഗപട്ടണം ഇതുവരെ ദര്‍ശിക്കാത്ത വന്‍ ജനസഞ്ചയം അണിനിരന്ന റാലി.
സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ , കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ കെ പത്മനാഭന്‍ , ടി കെ രംഗരാജന്‍ , യു വാസുകി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് ഷണ്‍മുഖം, കെ ബാലകൃഷ്ണന്‍ , നൂര്‍മുഹമ്മദ്, എ സൗന്ദരരാജന്‍ തുടങ്ങിയവരും സമ്മേളനപ്രതിനിധികളുമായിരുന്നു പ്രകടനത്തിന്റെ മുന്‍നിരയില്‍ . റാലിയുടെ മുന്‍നിര പൊതുസമ്മേളന നഗരിയായ ബി ശ്രീനിവാസറാവുനഗറില്‍ (വലിവലം ദേശികര്‍ പോളിടെക്നിക് ഗ്രൗണ്ട്) എത്തുമ്പോഴും വിവിധ ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ പ്രകടനം ആരംഭിച്ച പുത്തൂര്‍ ഗ്രൗണ്ടില്‍ നിറയുകയായിരുന്നു. പൊതുസമ്മേളന നഗരി ജനങ്ങളെ ഉള്‍ക്കൊള്ളാനാകാതെ വീര്‍പ്പുമുട്ടി. സമീപത്തെ റോഡുകളിലിരുന്നാണ് ജനങ്ങള്‍ പ്രസംഗം കേട്ടത്. തമിഴ്നാടിന്റെ തനത് കലാരൂപങ്ങളായ കരകാട്ടം, കാവടിയാട്ടം, നെയ്യാണ്ടിമേളം, പൂക്കാവടി എന്നിവ റാലിയില്‍ അണിനിരന്നു. പൊതുസമ്മേളനം സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ വി മാരിമുത്തു അധ്യക്ഷനായി. പൊളിറ്റ്ബ്യൂറോ അംഗം കെ വരദരാജന്‍ , കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി കെ രംഗരാജന്‍ , യു വാസുകി, സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ , സെക്രട്ടറിയറ്റ് അംഗം കെ പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.
തമിഴകത്ത് സിപിഐ എമ്മില്‍ വനിതകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന
ജ്യോതിബസു നഗര്‍(ലളിതാ മഹല്‍ , നാഗപട്ടണം): നിരന്തരമായ സമരങ്ങളിലൂടെ ആര്‍ജിച്ച സംഘടനാശേഷി കൂടുതല്‍ വര്‍ധിപ്പിക്കാനാവശ്യമായ തീരുമാനങ്ങളുമായാണ് സിപിഐ എം തമിഴ്നാട് സംസ്ഥാന സമ്മേളനം സമാപിച്ചത്. പാര്‍ടി അംഗത്വത്തിലും വര്‍ഗബഹുജന സംഘടനകളിലെ അംഗത്വത്തിലും ഗണ്യമായ വര്‍ധനയാണ് നാലുവര്‍ഷത്തിനിടെ ഉണ്ടായത്. വര്‍ധിച്ച പാര്‍ടി അംഗങ്ങളില്‍ പകുതിയിലേറെയും സ്ത്രീകളാണെന്നതും ശ്രദ്ധേയം. എന്നാല്‍ വര്‍ഗ ബഹുജന സംഘടനകളിലെ അംഗങ്ങളെ രാഷ്ട്രീവല്‍ക്കരിക്കുന്നതിലെ പോരായ്മ സമ്മേളനം വിശദമായി ചര്‍ച്ച ചെയ്തു. വര്‍ഗ-ബഹുജന സംഘടനകളുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായി പാര്‍ടി അംഗത്വം വര്‍ധിക്കുന്നില്ലെന്നും സമ്മേളനം വിലയിരുത്തി. കഴിഞ്ഞ സമ്മേളനത്തില്‍ 90,291 അംഗങ്ങളുണ്ടായിരുന്നത് ഇപ്പോള്‍ 94,458 ആയി വര്‍ധിച്ചു. പാര്‍ടി അംഗങ്ങളില്‍ സ്ത്രീകളുടെ എണ്ണം 12,751ല്‍നിന്ന് 14,547 ആയി. മൊത്തം വര്‍ധനയിലെ പകുതിയിലേറെയും സ്ത്രീകളാണ്. ബഹുജനസംഘടനകളില്‍ കൂടുതല്‍ വളര്‍ച്ച നേടിയത് ഡിവൈഎഫ്ഐ. 8.46 ലക്ഷത്തില്‍നിന്ന് 10.51 ലക്ഷമായി. സിഐടിയു അംഗത്വം 4.89 ലക്ഷത്തില്‍നിന്ന് 5.29 ലക്ഷമായി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ , എസ്എഫ്ഐ, കര്‍ഷകസംഘം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ എന്നീ സംഘടനകളുടെ കരുത്തും ഗണ്യമായി വര്‍ധിച്ചു.
വിദേശ കുത്തകകളെ അനുവദിച്ചാല്‍ വന്‍ പ്രക്ഷോഭം: കാരാട്ട്
ചില്ലറവില്‍പ്പന മേഖലയില്‍ വിദേശകുത്തകകളെ അനുവദിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കുന്നതിന് സിപിഐ എം രാജ്യവ്യാപകപ്രക്ഷോഭം നടത്തുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. യുപിഎ സര്‍ക്കാര്‍ അമേരിക്കന്‍ താല്‍പ്പര്യം സംരക്ഷിക്കാന്‍വേണ്ടിയാണ് ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരുന്നത്. സിപിഐ എം തമിഴ്നാട് സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് നാഗപട്ടണം വലിവലം ദേശികര്‍ പോളിടെക്നിക് മൈതാനത്തെ ബി ശ്രീനിവാസറാവുനഗറില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ സര്‍ക്കാര്‍ പിന്തുടരുന്ന നവ ഉദാരനയങ്ങള്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കുകയാണ്. വളം സബ്സിഡി ഒഴിവാക്കിയ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഗുണമുള്ള മറ്റ് സബ്സിഡികള്‍കൂടി ഒഴിവാക്കാന്‍ പോകുകയാണ്. 2.56 ലക്ഷം കര്‍ഷകരാണ് രാജ്യത്ത് കടംമൂലം ആത്മഹത്യ ചെയ്തത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഒന്നരവര്‍ഷത്തിനുള്ളില്‍ 13 തവണ വര്‍ധിപ്പിച്ചു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനുശേഷം പെട്രോളിനും ഡീസലിനും വീണ്ടും വിലവര്‍ധിപ്പിക്കാനൊരുങ്ങുകയാണ്. ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ള ഇന്ത്യയിലാണ് ഏറ്റവുമധികം ദരിദ്രരുമുള്ളത്. സര്‍ക്കാരിന്റെ നയങ്ങളാണ് വിലക്കയറ്റത്തിന് കാരണം. ഈ നയങ്ങള്‍ക്ക് ബദല്‍ ഇടതുപക്ഷത്തിനുമാത്രമേ മുന്നോട്ടുവയ്ക്കാനാകൂ. ഇടതുപക്ഷം നടത്തുന്ന നിരന്തര സമരങ്ങളുടെ പ്രധാനഘട്ടമാണ് തൊഴിലാളിസംഘടനകള്‍ 28ന് നടത്തുന്ന പണിമുടക്ക്. ജനങ്ങളെ ദ്രോഹിക്കുന്ന കോണ്‍ഗ്രസും ബിജെപിയും അഴിമതിയുടെ കാര്യത്തില്‍ മത്സരിക്കുകയാണ്. ഇടതുപക്ഷത്തിനുമാത്രമേ ഇന്ത്യയില്‍ അഴിമതിയില്ലാഭരണം കാഴ്ചവച്ചതിന്റെ റെക്കോഡുള്ളൂ- കാരാട്ട് പറഞ്ഞു.
സേതുസമുദ്രം പദ്ധതി ഉടന്‍ നടപ്പാക്കണം
ജ്യോതിബസു നഗര്‍(ലളിതാ മഹല്‍ , നാഗപട്ടണം): തമിഴ്നാടിന്റെ സമഗ്രവികസനത്തിനുതകുന്ന സേതുസമുദ്രം പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. 2004ല്‍ പദ്ധതി ഉദ്ഘാടനംചെയ്തെങ്കിലും ബിജെപിയുടെ അനാവശ്യ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. ബിജെപിയുടെ എതിര്‍പ്പുകളെ അന്ന് മുഖ്യമന്ത്രി ജയലളിതയും പിന്തുണച്ചു. 2400 കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതി ഇപ്പോള്‍ 4500 കോടി രൂപയ്ക്കും പൂര്‍ത്തിയാക്കാനാകില്ല. അനാവശ്യവിവാദങ്ങളുടെപേരില്‍ സുപ്രധാനമായ ഈ പദ്ധതി നടപ്പാകാതെ പോകരുതെന്നും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്വരമായി ഇടപെടണമെന്നും കെ കനകരാജ് അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുടരുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മാര്‍ച്ച് 27ന് സംസ്ഥാനത്തെ റോഡുകള്‍ ഉപരോധിക്കാന്‍ സമ്മേളനം തീരുമാനിച്ചു. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
deshabhimani 260212
നിരന്തരമായ സമരങ്ങളിലൂടെ ആര്‍ജിച്ച സംഘടനാശേഷി കൂടുതല്‍ വര്‍ധിപ്പിക്കാനാവശ്യമായ തീരുമാനങ്ങളുമായാണ് സിപിഐ എം തമിഴ്നാട് സംസ്ഥാന സമ്മേളനം സമാപിച്ചത്. പാര്‍ടി അംഗത്വത്തിലും വര്‍ഗബഹുജന സംഘടനകളിലെ അംഗത്വത്തിലും ഗണ്യമായ വര്‍ധനയാണ് നാലുവര്‍ഷത്തിനിടെ ഉണ്ടായത്. വര്‍ധിച്ച പാര്‍ടി അംഗങ്ങളില്‍ പകുതിയിലേറെയും സ്ത്രീകളാണെന്നതും ശ്രദ്ധേയം
ReplyDelete