Saturday, February 25, 2012

ഇറ്റലി കമ്പനിയുമായുള്ള ഹെലികോപ്റ്റര്‍ ഇടപാട് വിവാദത്തില്‍

ആംഗ്ലോ-ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്ലാന്‍ഡില്‍നിന്ന് 3500 കോടി രൂപയ്ക്ക് 12 ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാര്‍ വിവാദമായ സാഹചര്യത്തില്‍ പ്രതിരോധമന്ത്രി എ കെ ആന്റണി അന്വേഷണത്തിന് ഉത്തരവിട്ടു. ഇറ്റാലിയന്‍ കമ്പനി ഫിന്‍മെക്കാനിക്കയുടെ അനുബന്ധസ്ഥാപനമാണ് അഗസ്ത വെസ്റ്റ്ലാന്‍ഡ്. 2010 ഫെബ്രുവരിയിലാണ് രാജ്യത്തെ അതിപ്രമുഖര്‍ക്ക് സഞ്ചരിക്കാനായി ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടത്. ഇതില്‍ ആറ് ഹെലികോപ്റ്റര്‍ ഇക്കൊല്ലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ റഷ്യയുടെ എംഐ ഹെലികോപ്റ്ററുകളാണ് പ്രമുഖരുടെ സഞ്ചാരത്തിന് ഉപയോഗിക്കുന്നത്. ഇവയുടെ ഉപയോഗ കാലാവധി കഴിയാറായ സാഹചര്യത്തിലാണ് പുതിയവ വാങ്ങാന്‍ തീരുമാനിച്ചത്.

എന്നാല്‍ , അഗസ്ത വെസ്റ്റ്ലാന്‍ഡില്‍നിന്ന് വാങ്ങാന്‍ തീരുമാനിച്ച എഡബ്ല്യു-101 ഹെലികോപ്റ്ററുകളുടെ നിലവാരം സംബന്ധിച്ച് സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും(എസ്പിജി) വ്യോമസേനയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹെലികോപ്റ്ററുകള്‍ക്ക് നിശ്ചയിച്ച വില സംബന്ധിച്ച് ധനമന്ത്രാലയവും സംശയം പ്രകടിപ്പിച്ചു.

ഹെലികോപ്റ്റര്‍ ഇടപാടില്‍ വന്‍കോഴ കൈമറിഞ്ഞതായും ഇതേപ്പറ്റി ഇറ്റലിയില്‍ അന്വേഷണം നടക്കുന്നതായും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. കോഴപ്പണം ഇന്ത്യയില്‍ എത്തിയതായി വ്യക്തമല്ല. എന്നാല്‍ , ഇറ്റലിയിലെ ചില രാഷ്ട്രീയകേന്ദ്രങ്ങള്‍ക്ക് പണം കിട്ടിയതായും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു. ഇതേതുടര്‍ന്ന്, ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ പ്രതിരോധസെക്രട്ടറി ശശികാന്ത് ശര്‍മയെ ആന്റണി ചുമതലപ്പെടുത്തിയതായി പ്രതിരോധവകുപ്പ് വക്താവ് പറഞ്ഞു. ഫിന്‍മെക്കാനിക്കയുടെ മറ്റൊരു അനുബന്ധസ്ഥാപനമായ സിലക്സ് സിസ്റ്റമി ഇന്ത്യക്ക് റഡാര്‍ നല്‍കാനുള്ള കരാര്‍ നേടിയതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.

deshabhimani news

1 comment:

  1. ആംഗ്ലോ-ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്ലാന്‍ഡില്‍നിന്ന് 3500 കോടി രൂപയ്ക്ക് 12 ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാര്‍ വിവാദമായ സാഹചര്യത്തില്‍ പ്രതിരോധമന്ത്രി എ കെ ആന്റണി അന്വേഷണത്തിന് ഉത്തരവിട്ടു. ഇറ്റാലിയന്‍ കമ്പനി ഫിന്‍മെക്കാനിക്കയുടെ അനുബന്ധസ്ഥാപനമാണ് അഗസ്ത വെസ്റ്റ്ലാന്‍ഡ്. 2010 ഫെബ്രുവരിയിലാണ് രാജ്യത്തെ അതിപ്രമുഖര്‍ക്ക് സഞ്ചരിക്കാനായി ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടത്. ഇതില്‍ ആറ് ഹെലികോപ്റ്റര്‍ ഇക്കൊല്ലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ റഷ്യയുടെ എംഐ ഹെലികോപ്റ്ററുകളാണ് പ്രമുഖരുടെ സഞ്ചാരത്തിന് ഉപയോഗിക്കുന്നത്. ഇവയുടെ ഉപയോഗ കാലാവധി കഴിയാറായ സാഹചര്യത്തിലാണ് പുതിയവ വാങ്ങാന്‍ തീരുമാനിച്ചത്.

    ReplyDelete