ഒന്നാംതീയതിമുതല്‍ വനിതകളുടെ പ്രത്യേകസംഘം വീടുകള്‍ സന്ദര്‍ശിക്കുമെന്ന് എന്‍ കെ രവി പറഞ്ഞു. വിദ്യാര്‍ഥികള്‍ , യുവജനപ്രവര്‍ത്തകര്‍ എന്നിവരുടെ സ്ക്വാഡുകളും ഭവനസന്ദര്‍ശന പരിപാടി ഏറ്റെടുക്കാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആറുമുതല്‍ കുട്ടികളും സംഘങ്ങളായി തിരിഞ്ഞ് പ്രവര്‍ത്തനത്തിനിറങ്ങും. ട്രേഡ്യൂണിയന്‍ അംഗങ്ങളുടെ കുടുംബസംഗമമാണ് മറ്റൊരു പ്രചാരണം. നാലിനു തുടങ്ങും. ഞായറാഴ്ച വിവിധ സ്ഥലങ്ങളില്‍ ചേര്‍ന്ന യോഗങ്ങളില്‍ നാനാ വിഭാഗങ്ങളില്‍പ്പെട്ടവര്‍ പങ്കെടുത്തു. അവയില്‍ സാധാരണയില്‍ കവിഞ്ഞ ബഹുജനപങ്കാളിത്തം. ഇടയാര്‍ ലക്ഷംവീട് കോളനിയില്‍ സിപിഐ എം സംസ്ഥാനകമ്മറ്റി അംഗം പി രാജേന്ദ്രന്‍ സംസാരിച്ചു. ചെള്ളക്കാപ്പടിയില്‍ കെ സുരേഷ്കുറുപ്പ് എംഎല്‍എ, തളിക്കുന്നില്‍ സിപിഐ എം സംസ്ഥാനകമ്മറ്റി അംഗം എം പ്രകാശന്‍മാസ്റ്റര്‍ , സാജു പോള്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലാകമാനം ഏകദേശം 100 കുടുംബയോഗങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാക്കാനും സംഘാടനപ്രവര്‍ത്തനം ഊര്‍ജിതമായി.
കള്ളവോട്ട് ചേര്‍ക്കല്‍ : എല്‍ഡിഎഫ് ധര്‍ണ ഇന്ന്
പിറവം: ഉപതെരഞ്ഞെടുപ്പു ലക്ഷ്യംവച്ച് യുഡിഎഫ് വ്യാപകമായി ചേര്‍ത്ത കള്ളവോട്ടുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് തിങ്കളാഴ്ച രാവിലെ മൂവാറ്റുപുഴ താലൂക്ക് ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തും. നേതാക്കളടക്കം ധര്‍ണയ്ക്കെത്തും.
ഇതേ ആവശ്യം ഉന്നയിച്ച് എല്‍ഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റിക്കുവേണ്ടി ട്രഷറര്‍ ഒ എന്‍ വിജയന്‍ തെരഞ്ഞെടുപ്പു കമീഷന് പരാതി അയച്ചു. യുഡിഎഫ് തങ്ങളുടെ പക്ഷക്കാരായ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട ഓഫീസുകളിലെ പ്രധാന സ്ഥാനങ്ങളില്‍ നിയോഗിച്ച് വ്യാപകമായി അനര്‍ഹരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള എല്ലാ ചട്ടങ്ങളും ലംഘിക്കപ്പെട്ടു. ഒരുവിധ പരിശോധനയും കൂടാതെ കൂട്ടംകൂട്ടമായി യുഡിഎഫ് എത്തിക്കുന്ന ആളുകളെ നിര്‍ദിഷ്ട രീതിയിലുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകളുടെ ശരിപോലും പരിശോധിക്കാതെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി. വ്യവസ്ഥാപിതമായ ഹിയറിങ്പോലും നടത്തിയില്ല. താലൂക്ക്ഓഫീസിലെ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഏതാനും ഉദ്യോഗസ്ഥരാണ് യുഡിഎഫിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി ഈ വിധം തിരുകിക്കയറ്റല്‍ നടത്തിയിട്ടുള്ളത്. കുറഞ്ഞത് 2000 പേരെങ്കിലും വ്യാജന്മാരാണെന്ന് ബന്ധപ്പെട്ട ഓഫീസിലെ മറ്റുചില ഉദ്യോഗസ്ഥന്മാര്‍ ചൂണ്ടിക്കാട്ടുന്നു. സമീപപ്രദേശങ്ങളില്‍നിന്നുള്ള സ്ത്രീകളെയാണ് പ്രധാനമായും ഇതിന് ദുരുപയോഗിച്ചത്്. കള്ളവോട്ട് ചേര്‍ക്കുന്നതിന് ലക്ഷക്കണക്കിനു രൂപ യുഡിഎഫ് വാരിയെറിഞ്ഞതായും വ്യക്തമായിട്ടുണ്ട്.
സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരെ പ്രതികരിക്കും: ഓര്‍ത്തഡോക്സ് സഭ
പിറവം: ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരെ വിശ്വാസികള്‍ പ്രതികരിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി മാത്യൂസ് മാര്‍ സേവേറിയോസ്. സഭാതര്‍ക്കത്തില്‍ കോടതിവിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സഭ നിരാഹാരസമരം ഉള്‍പ്പെടെ നടത്തി. 15 ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് നിരാഹാരം പിന്‍വലിച്ചത്. 15 ദിവസത്തിനകം പരിഹാരമായില്ലെങ്കില്‍ കോടതിവിധി നടപ്പാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ , ആറുമാസം പിന്നിട്ടിട്ടും വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പിറവത്തെ സഭാവിശ്വാസികളായ ഇരുപത്തയ്യായിരത്തോളം വോട്ടര്‍മാര്‍ സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരെ പ്രതികരിക്കും.
പിറവത്തെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള സഭാവിശ്വാസികള്‍ സര്‍ക്കാര്‍നിലപാടില്‍ അസംതൃപ്തരാണ്. ഇതിനെതിരെ പ്രതികരിക്കാനുള്ള ആദ്യ അവസരമായാണ് വിശ്വാസികള്‍ പിറവം ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള ആഹ്വാനമോ നിര്‍ദേശമോ സഭ നേരിട്ടു നല്‍കില്ല. എന്നാല്‍ , സഭയുടെ മനസ്സ് വിശ്വാസികള്‍ക്കറിയാം. അവര്‍ സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരെ പ്രതികരിക്കുമെന്നും മീമ്പാറ അരമനയില്‍ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കോണ്‍ഗ്രസ് പിറവം ജനതയെ വെല്ലുവിളിക്കുന്നു: പ്രേമചന്ദ്രന്‍
പിറവം: യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് ജയിച്ചാല്‍ മന്ത്രിയാക്കുമെന്നു പ്രഖ്യാപിച്ച് പിറവത്തെ ജനങ്ങളുടെ രാഷ്ട്രീയപ്രബുദ്ധതയെ വെല്ലുവിളിക്കുകയാണ് കോണ്‍ഗ്രസുകാര്‍ ചെയ്തതെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിന്റെ പ്രചാരണാര്‍ഥം മണീട് ചീരക്കാട്ടുപാറയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ സമസ്ത മേഖലകളിലും എല്‍ഡിഎഫ് കൈവരിച്ച നേട്ടങ്ങളെ നഷ്ടപ്പെടുത്തുകയാണ് പത്തുമാസത്തെ ഭരണം കൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. സ്വന്തം അഭിപ്രായം മറ്റുള്ളവരെക്കൊണ്ടു പറയിച്ച് അതൊരു ചര്‍ച്ചാവിഷയമാക്കി കാര്യസാധ്യംനേടുന്ന നിലപാട് മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുര്‍ഭരണം കാഴ്ചവയ്ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വിചാരണചെയ്യാനുള്ള അവസരമാണ് പിറവത്തെ ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നതെന്ന് യോഗം ഉദ്ഘാടനംചെയ്ത സിപിഐ നേതാവ് മുല്ലക്കര രത്നാകരന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികള്‍ ഉദ്ഘാടനംചെയ്ത് ഗമ കാണിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റു മന്ത്രിമാരും ശ്രമിക്കുന്നത്. പിറവം കഴിഞ്ഞാല്‍ കാണാമെന്നാണ് ബാലകൃഷ്ണപിള്ള മകന്‍ ഗണേശനോടു പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പു കഴിയുന്നതോടെ യുഡിഎഫ് പാളയത്തില്‍ പട മുറുകുമെന്നും മുല്ലക്കര പറഞ്ഞു. തെരഞ്ഞെടുപ്പുകമ്മിറ്റി ചെയര്‍മാന്‍ ജോയ് പീറ്റര്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ , സംസ്ഥാനകമ്മിറ്റി അംഗം സി എന്‍ മോഹനന്‍ , കെ എം ജോസഫ്, ജയമോഹന്‍ , ജനതാദള്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ജോര്‍ജ് തോമസ്, ആര്‍എസ്പി മണ്ഡലം സെക്രട്ടറി ഷീലാസ് എന്നിവര്‍ സംസാരിച്ചു.
deshabhimani 270212
എല്‍ഡിഎഫ് സന്ദേശം കൂത്താട്ടുകുളം പഞ്ചായത്തില്‍ എത്താത്ത വീടുകള്‍ ചുരുക്കം; ഉണ്ടാകില്ലെന്നുതന്നെ പറയാം: അത്രയ്ക്കു സജീവമാണ് പ്രചാരണം ഈ മലയോരനാട്ടില്‍ എമ്പാടും. ഓേരോ വീടും സന്ദര്‍ശിക്കുന്ന പ്രവര്‍ത്തകസംഘത്തില്‍ അഞ്ചു മുതല്‍ 20 പേര്‍വരെയുണ്ട്. ഒരു ബൂത്തില്‍മാത്രം കുറഞ്ഞത് രണ്ട് സ്ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പുകമ്മറ്റി സെക്രട്ടറി എന്‍ കെ രവി ദേശാഭിമാനിയോടു പറഞ്ഞു. അതായത് 10 ബൂത്തുകളുള്ള ഈ പഞ്ചായത്തില്‍ മുന്നൂറ്റമ്പതോളം പ്രവര്‍ത്തകര്‍ ജനങ്ങളെ നേരില്‍ക്കണ്ട് സംവദിക്കുകയാണ്. ഇവരില്‍ മുന്നണിയുടെ സജീവപ്രവര്‍ത്തകര്‍മാത്രമല്ല; മറ്റുള്ളവരും അണിചേര്‍ന്നു കണ്ടു. ബഹുജനപങ്കാളിത്തത്തിലും ശ്രദ്ധേയമാണ് പ്രചാരണപരിപാടികള്‍ എന്നു വ്യക്തം. ഇത് പുതിയ അനുഭവമാണെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ നല്ല ആവേശം സ്ക്വാഡ് പ്രവര്‍ത്തനത്തില്‍ തിരയടിക്കുന്നു. മിക്കയിടങ്ങളിലും സന്ദര്‍ശനപരിപാടി ചെറു ചര്‍ച്ചാസമ്മേളന വേദികളാകുന്നു എന്ന പ്രത്യേകതയുണ്ട്. പ്രധാന ചര്‍ച്ച വികസനകാര്യങ്ങള്‍തന്നെ. അതാകട്ടെ പ്രവര്‍ത്തകര്‍ക്ക് ആവേശപൂര്‍വം പ്രതികരികാന്‍ ധാരാളമുള്ള വിഷയവുമാണ്. അതുകൊണ്ടുതന്നെ ചര്‍ച്ച കൊഴുക്കുകയുംചെയ്യുന്നു.
ReplyDelete