Sunday, February 26, 2012

പോളി കലോത്സവം മാറ്റിയതിനു പിന്നില്‍ മന്ത്രി ഓഫീസിലെ ഗൂഢാലോചന

ഇന്റര്‍ പോളി കലോത്സവം നിര്‍ത്തിവച്ചു

തിരൂര്‍ : മാര്‍ഗംകളിക്കും തിരുവാതിരക്കും വേഷമിട്ട വിദ്യാര്‍ഥികളുടെ കണ്ണീര്‍വീഴ്ത്തി സംസ്ഥാന ഇന്റര്‍ പോളി കലോത്സവം സര്‍ക്കാര്‍ നിര്‍ത്തിവച്ചു. തിരൂര്‍ എസ്എസ്എം പോളിയില്‍ വ്യാഴാഴ്ച തുടങ്ങിയ കലോത്സവമാണ് ഗ്ലാമര്‍ ഇനങ്ങള്‍ അരങ്ങിലെത്താന്‍ മിനിറ്റുകള്‍ ശേഷിക്കെ വിദ്യാഭ്യാസമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തിവച്ചത്. വിദ്യാര്‍ഥികളും രക്ഷിതാക്കളും സംഘാടകരും കേണപേക്ഷിച്ചിട്ടും അധികൃതര്‍ തീരുമാനം മാറ്റിയില്ല. ഇതോടെ മത്സരത്തിനായി വേഷമിട്ടവരുള്‍പ്പെടെയുള്ള കലാപ്രതിഭകള്‍ നിറകണ്ണുമായി തുഞ്ചന്റെ മണ്ണില്‍നിന്ന് മടങ്ങി. കലോത്സവം നിര്‍ത്തിവച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ പോളി ടെക്നിക് കോളേജുകളില്‍നിന്നെത്തിയ കലാപ്രതിഭകളടക്കമുള്ള വിദ്യാര്‍ഥികള്‍ സാങ്കേതിക വിദ്യാഭ്യാസവകുപ്പ് റീജ്യണല്‍ ജോയിന്റ് ഡയറക്ടറെയും എസ്എസ്എം പോളി ടെക്നിക് പ്രിന്‍സിപ്പലിനെയും ഉപരോധിച്ചു.

വെള്ളിയാഴ്ച രാവിലെ പത്തോടെ സ്റ്റേജിതര ഇനങ്ങള്‍ ആരംഭിക്കാനിരിക്കെ കലോത്സവം നിര്‍ത്തിവയ്ക്കാന്‍ വിദ്യാഭ്യാസമന്ത്രി ഫോണില്‍ ഉത്തരവിറക്കിയതായി പ്രിന്‍സിപ്പല്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ വാക്കാലുള്ള ഉത്തരവായതിനാല്‍ സ്റ്റേജിതര ഇനങ്ങള്‍ നടത്തുകയും ചെയ്തു. ഉച്ചയോടെ സാങ്കേതികവകുപ്പ് റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ കെ പി സലീംകുമാര്‍ തിരൂര്‍ പോളിയിലെത്തി. കലോത്സവം നിര്‍ത്തിവയ്ക്കാന്‍ സാങ്കേതിക വിഭാഗം ഡയറക്ടര്‍ ജെ ലതയുടെ ഉത്തരവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതേതുടര്‍ന്ന് സ്റ്റേറ്റ് പോളി ടെക്നിക് സ്റ്റുഡന്റ്സ് യൂണിയന്‍ ചെയര്‍മാന്‍ കെ വി പ്രദീപ്, ജനറല്‍ സെക്രട്ടറി മിഥുന്‍മോഹന്‍ , വൈസ് ചെയര്‍മാന്‍ സച്ചുലാല്‍ , ബിജി, പ്രവീണ്‍ എന്നിവര്‍ റീജ്യണല്‍ ഡയറക്ടറുമായി ചര്‍ച്ച നടത്തിയെങ്കിലും ഡയറക്ടര്‍ ഉത്തരവിട്ടതിനാല്‍ നിര്‍ദേശം നടപ്പിലാക്കണമെന്ന് ഉറച്ചുനിന്നു. ഇതോടെയാണ് സ്റ്റുഡന്റ്സ് യൂണിയന്‍ നേതൃത്വത്തില്‍ ജോയിന്റ് ഡയറക്ടറെയും പ്രിന്‍സിപ്പലിനെയും ഉപരോധിച്ചത്. ഇതിനിടെ കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ പ്രശസ്ത ചലച്ചിത്രനടന്‍ വി കെ ശ്രീരാമന്‍ എത്തിയെങ്കിലും അദ്ദേഹത്തെയും അധികൃതര്‍ അപമാനിച്ചുവിട്ടു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. വിദ്യാര്‍ഥികളെ നേരിടാന്‍ തിരൂര്‍ ഡിവൈഎസ്പി കെ സലീമിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും ക്യാമ്പസില്‍ വിന്യസിച്ചു.

പോളി കലോത്സവം മാറ്റിയതിനു പിന്നില്‍ മന്ത്രി ഓഫീസിലെ ഗൂഢാലോചന

തിരൂര്‍ : സംസ്ഥാന പോളിടെക്നിക് കലോത്സവം പെട്ടെന്ന് നിര്‍ത്തിവച്ചതിന് പിന്നില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചന. നിസ്സാര പ്രശ്നത്തിന്റെ പേരിലാണ് മന്ത്രി പി കെ അബ്ദുറബ്ബ് ഇടപെട്ട് കലോത്സവം നിര്‍ത്തിവെപ്പിച്ചത്. മാസങ്ങളോളം നീണ്ട പരിശീലനത്തിനും തയ്യാറെടുപ്പിനും ശേഷം കലോത്സവവേദിയിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് പൊലീസിന്റെ ലാത്തിയടിയുമേറ്റു. തിരൂര്‍ എസ്എസ്എം പോളിടെക്നിക്കില്‍ ആരംഭിച്ച സംസ്ഥാന ഇന്റര്‍പോളി കലോത്സവം ഒരുദിനം പിന്നിട്ടപ്പോള്‍ നിര്‍ത്തിവയ്ക്കാന്‍ വിദ്യാഭ്യാസമന്ത്രി ഉത്തരവിട്ടത് ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണ്. ഇതിനാധാരമായ സംഭവം ക്യാമ്പസിന് പുറത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കശപിശയാണ്. ഇതുസംബന്ധിച്ച് പോളിടെക്നിക് പ്രിന്‍സിപ്പലോ മറ്റ് ഉദ്യോഗസ്ഥരോ ആരോടും പരാതിപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയടക്കമുള്ളവര്‍ക്ക്റിപ്പോര്‍ട്ടും നല്‍കിയിട്ടില്ല. എന്നിട്ടും കലോത്സവം മാറ്റാനും പൊലീസിനെ ഉപയോഗിച്ച് വിദ്യാര്‍ഥികളെ തല്ലിയോടിക്കാനും മന്ത്രി തന്നെ നിര്‍ദേശം നല്‍കുകയായിരുന്നു.

എംഎസ്എഫ് കോട്ടയായിരുന്ന തിരൂര്‍ എസ്എസ്എം പോളിടെക്നിക്കില്‍ ഇത്തവണ എസ്എഫ്ഐക്കായിരുന്നു മുന്നേറ്റം. ലീഗ് സംസ്ഥാന സെക്രട്ടറി കെ കുട്ടി അഹമ്മദ് കുട്ടി ഗവേണിങ് ബോഡി ചെയര്‍മാനായ കമ്മിറ്റിയാണ് പോളിടെക്നിക് നിയന്ത്രിക്കുന്നത്. പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായ കേരള മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റിയ്ക്കാണ് പോളിടെക്നിക്കിന്റെ ചുമതല. കലോത്സവം നടത്താതിരിക്കാനായിരുന്നു തുടക്കംമുതല്‍ പോളി അധികൃതരുടെ നീക്കം. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പ് സംഘാടകരായ എസ്എഫ്ഐക്ക് ഗുണം ചെയ്യുമെന്ന് ലീഗ് നേതൃത്വം ഭയന്നു. എന്നാല്‍ കോളേജിലെ വലിയ വിഭാഗം ജീവനക്കാര്‍ കലോത്സവത്തില്‍ സഹകരിക്കാന്‍ തയ്യാറായതാണ് എംഎസ്എഫിനെയും ലീഗിനെയും പ്രകോപിപ്പിച്ചത്. ഇതേത്തുടര്‍ന്നാണ് എംഎസ്എഫ്- യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ കരുതിക്കൂട്ടി അക്രമങ്ങള്‍ക്ക് മുതിര്‍ന്നത്. എംഎസ്എഫിന്റെ അക്രമം തുടര്‍ന്നെങ്കിലും കലോത്സവം അലങ്കോലപ്പെടരുതെന്ന് സംഘാടകസമിതിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഈ സമീപനമാണ് പ്രശ്നങ്ങള്‍ വഷളാകാതിരുന്നത്. എന്നാല്‍ എംഎസ്എഫും ലീഗും സി മമ്മുട്ടി എംഎല്‍എ അടക്കമുള്ളവരും ഇടപെട്ടാണ്് വിദ്യാഭ്യാസമന്ത്രിയെക്കൊണ്ട് കലോത്സവം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുവിപ്പിച്ചത്.

സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ അക്രമിക്കാനാണ് പോളിടെക്നിക്കിലെ ചില ജീവനക്കാര്‍ ശ്രമിച്ചത്. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും നടത്തി. ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് പ്രശ്നം സമാധാനപരമായി തീരുന്നതിനിടയില്‍ ജില്ലാ പൊലീസ് ചീഫ് കെ സേതുരാമന്‍ സ്ഥലത്തെത്തി വീണ്ടും വിദ്യാര്‍ഥികളെ മര്‍ദിക്കാനും നിരപരാധികളായ വിദ്യാര്‍ഥികളെയും മത്സരാര്‍ഥികളെയും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു. ഇതിന് പിന്നില്‍ ഉന്നതതല സമ്മര്‍ദമാണെന്നറിയുന്നു. സംഘര്‍ഷം ഉണ്ടായപ്പോള്‍ വിദ്യാര്‍ഥിനികളടക്കമുള്ളവരോട് പ്രോഗ്രാം കമ്മിറ്റി ഓഫീസില്‍ ഇരിക്കാന്‍ എസ്ഐ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഓഫീസിലിരുന്ന വിദ്യാര്‍ഥികളെയും മത്സരാര്‍ഥികളെയും വീണ്ടുമെത്തിയ പൊലീസ് മര്‍ദിച്ചശേഷം അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥികളെ പട്ടികകൊണ്ട് തലക്കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച പോളിടെക്നിക്കിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് ശ്രമിക്കാത്തതും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.

deshabhimani news

2 comments:

  1. മാര്‍ഗംകളിക്കും തിരുവാതിരക്കും വേഷമിട്ട വിദ്യാര്‍ഥികളുടെ കണ്ണീര്‍വീഴ്ത്തി സംസ്ഥാന ഇന്റര്‍ പോളി കലോത്സവം സര്‍ക്കാര്‍ നിര്‍ത്തിവച്ചു. തിരൂര്‍ എസ്എസ്എം പോളിയില്‍ വ്യാഴാഴ്ച തുടങ്ങിയ കലോത്സവമാണ് ഗ്ലാമര്‍ ഇനങ്ങള്‍ അരങ്ങിലെത്താന്‍ മിനിറ്റുകള്‍ ശേഷിക്കെ വിദ്യാഭ്യാസമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തിവച്ചത്.

    ReplyDelete
  2. എംഎസ്എഫിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന പോളി കലാമേള മാറ്റിവച്ച വിദ്യാഭ്യാസ മന്ത്രി കേരള സമൂഹത്തോട് മാപ്പുപറയണമെന്ന് ഇടതുമുന്നണി തിരൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കണ്ണീരാണ് കലോത്സവ നഗരിയില്‍ പതിച്ചത്. മേളക്കെത്തിയവര്‍ പൊലീസിന്റെയും പോളിടെക്നിക്കിലെ ചില ജീവനക്കാരുടെയും അടിയേറ്റാണ് മടങ്ങിയത്. ഇതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ പോളിടെക്നിക് മാനേജ്മെന്റ് തയ്യാറാവണമെന്നും എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. കലോത്സവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയുണ്ടായ നേരിയ പ്രശ്നം തിരൂര്‍ എസ്ഐയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പരിഹരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രചാരണ ബോര്‍ഡുകള്‍ മാറ്റി. എന്നാല്‍ കലോത്സവം മാറ്റുന്നതിന്റെ മുന്നോടിയായാണ് പ്രചാരണ ബോര്‍ഡുകള്‍ നീക്കണമെന്ന തീരുമാനമുണ്ടായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പോളിയിലെ മുന്‍ ജീവനക്കാരനും വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ അംഗവുമായ ഹനീഫയെ ഉപയോഗിച്ചാണ് കലോത്സവം മാറ്റിവെപ്പിച്ചത്. മുസ്ലിംലീഗിലെ പുതിയ ചേരിതിരിവിന് എംഎസ്എഫിന്റെ പിന്തുണ ലഭിക്കുന്നതിനാണ് കലോത്സവം നിര്‍ത്തിവച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ച് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുകയും സ്റ്റേജിതര മത്സരങ്ങള്‍ അവസാനിക്കാനിരിക്കെയുമാണ് പോളിയില്‍ കലാമേള നടത്താനാവില്ലെന്ന് അധികൃതര്‍ അറിയിച്ചത്. ഇത് വിശ്വാസവഞ്ചനയും കരാര്‍ ലംഘനവുമാണ്. മാനേജ്മെന്റുമായി രാഷ്ട്രീയരംഗത്തെ ഉന്നതര്‍ സംസാരിച്ചിട്ടും മന്ത്രി വാക്കാല്‍ നിര്‍ദേശിച്ചെന്നും പറഞ്ഞ് മേള മാറ്റുകയായിരുന്നു. ഇതിനിടെ സി മമ്മൂട്ടി എംഎല്‍എ യോഗം വിളിക്കുന്നുവെന്ന പ്രചാരണവുമുണ്ടായി. എന്നാല്‍ എംഎല്‍എയുമായി ബന്ധപ്പെട്ടപ്പോള്‍ ഡിവൈഎസ്പിയാണ് യോഗം വിളിക്കുന്നതെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി. ഡിവൈഎസ്പിയാവട്ടെ എംഎല്‍എ സ്ഥലത്തില്ലെന്ന മറുപടിയാണ് നല്‍കിയത്. മന്ത്രി ഇടപെട്ട് കലാമേള മാറ്റിവച്ചത് ചരിത്രത്തില്‍ ആദ്യ സംഭവമാണെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി പി അബ്ദുള്ളക്കുട്ടി, എ ശിവദാസന്‍ , കുഞ്ഞു മീനടത്തൂര്‍ , പിമ്പുറത്ത് ശ്രീനിവാസന്‍ , കെ ഹംസ എന്നിവര്‍ പങ്കെടുത്തു.

    ReplyDelete