Monday, February 27, 2012

സ്വാഗതാര്‍ഹം

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) ട്രേഡ്യൂണിയന്‍ സംഘടനയാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അതിന്റെ ഭാവവും പ്രവൃത്തിയും ട്രേഡ്യൂണിയന്റെ നിലവാരത്തിലേക്ക് ഉയരുന്നത് അപൂര്‍വം സന്ദര്‍ഭങ്ങളിലാണ്. പത്രപ്രവര്‍ത്തകരുടെ തൊഴിലിന്റെ പ്രത്യേകത തന്നെയാണ് ലക്ഷണമൊത്ത ട്രേഡ്യൂണിയനായി സംഘടനയെ മാറ്റാന്‍ കഴിയാത്തതിന് പ്രധാനകാരണം. സൂര്യനുതാഴെയുള്ള എല്ലാപ്രശ്നങ്ങളും ആധികാരിക ഭാവത്തോടെ കൈകാര്യംചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ അധ്വാനിക്കുന്ന വര്‍ഗത്തിന്റെ വിഷയങ്ങള്‍ കൈകാര്യംചെയ്യുമ്പോള്‍ പത്രമുടമയുടെ വീക്ഷണത്തിനും വിലക്കിനും അപ്പുറത്തേക്ക് പോകാന്‍ കഴിയാത്തവരാണ്. പ്രവര്‍ത്തിക്കുന്ന മാധ്യമത്തിന്റെ നയത്തിനനുസരിച്ചാണ് അവരുടെ രാഷ്ട്രീയവീക്ഷണവും ചുറ്റിത്തിരിയുന്നത്. ആ വലയത്തിന് പുറത്തുകടന്ന്, പൗരന്‍ എന്ന നിലയിലും അധ്വാനിച്ച് ജീവിക്കുന്ന വ്യക്തി എന്ന നിലയിലും സമൂഹത്തോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തയാറാകുന്ന അവസ്ഥ ശുഭോദര്‍ക്കമാണ്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെയും രാജ്യത്തെ സാമാന്യജനങ്ങളുടെയും ജീവല്‍പ്രധാനമായ പത്താവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 28ന് സംയുക്ത സമരസമിതി നടത്തുന്ന പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് അനുഭാവ പ്രകടനങ്ങള്‍ നടത്താനുള്ള പത്രപ്രവര്‍ത്തകയൂണിയന്റെയും പത്രജീവനക്കാരുടെ സംഘടനയായ കെഎന്‍ഇഎഫിന്റെയും തീരുമാനം അതുകൊണ്ടുതന്നെ പ്രശംസിക്കപ്പെടേണ്ടതാണ്.

ട്രേഡ്യൂണിയനുകളും ദേശീയ ഫെഡറേഷനുകളും മാത്രമല്ല, പ്രൊഫഷണലുകള്‍ അണിനിരക്കുന്ന വിവിധ സംഘടനകളും പണിമുടക്കില്‍ സജീവമായി രംഗത്തുണ്ട്. പ്രൊഫഷണലുകള്‍ അണിനിരക്കുന്ന കെയുഡബ്ല്യുജെയുടെ സാന്നിധ്യം ആ അര്‍ഥത്തില്‍ സവിശേഷതകളില്ലാത്തതാണെങ്കിലും രാജ്യത്തുയര്‍ന്നുവന്ന അഭൂതപൂര്‍വമായ തൊഴിലാളിവര്‍ഗ ഐക്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതുതന്നെയാണത്. നിയമപ്രകാരമുള്ള വേജ്ബോഡ് ശുപാര്‍ശകള്‍ അംഗീകരിക്കപ്പെടാതെ; വ്യാഴവട്ടത്തിനുശേഷം മാത്രം പ്രഖ്യാപിക്കപ്പെട്ട വേതന പരിഷ്കരണനിര്‍ദേശങ്ങളെ നിസ്സഹായരായി നോക്കിനില്‍ക്കേണ്ട ഗതികേടിലാണ് രാജ്യത്തെ മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും. തൊഴിലാളി ഐക്യം ഊട്ടിയുറപ്പിക്കുന്നതിലൂടെയും പൊതു മുന്നേറ്റത്തില്‍ അണിചേരുന്നതിലൂടെയുമേ ഈ ദുസ്ഥിതി മറികടക്കാന്‍ പറ്റൂ എന്ന വസ്തുതകൂടി പത്രപ്രവര്‍ത്തകയൂണിയന് പ്രചോദനമായിട്ടുണ്ട് എന്ന് കരുതണം.

പത്രമാധ്യമ രംഗം വന്‍ബിസിനസായി വളരുകയും കോര്‍പറേറ്റുകള്‍ ആധിപത്യം നേടുകയും ചെയ്ത സാഹചര്യത്തില്‍ ചെറുകിട സ്ഥാപനങ്ങള്‍ പിടിച്ചുനില്‍ക്കാന്‍പോലും ബുദ്ധിമുട്ടുന്നു. മാധ്യമ അധിപന്‍മാരായ കോര്‍പറേറ്റുകള്‍ തൊഴിലാളിവിരുദ്ധ സമീപനം കടുപ്പിക്കുകയും കരാര്‍ തൊഴില്‍ വ്യാപകമാക്കുകയും ചെയ്യുമ്പോള്‍ ചെറുകിട പത്രങ്ങള്‍ക്ക് മുന്നോട്ടുള്ള വഴി അടയുകതന്നെയാണ്. നിയമപരമായ വേതന പരിഷ്കരണത്തിനുള്ള അത്തരം സ്ഥാപനങ്ങളുടെ മുന്‍കൈകള്‍ക്കുപോലും വന്‍കിടക്കാര്‍ തടസ്സംനില്‍ക്കുകയാണ്. ദേശീയ പണിമുടക്കിനാധാരമായി സംയുക്ത സമരസമിതി ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ഓരോ മാധ്യമപ്രവര്‍ത്തകനെയും ബാധിക്കുന്നതായി മാറുന്നത് ഈ പശ്ചാത്തലത്തിലാണ്.

deshabhimani editorial 280212

1 comment:

  1. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) ട്രേഡ്യൂണിയന്‍ സംഘടനയാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അതിന്റെ ഭാവവും പ്രവൃത്തിയും ട്രേഡ്യൂണിയന്റെ നിലവാരത്തിലേക്ക് ഉയരുന്നത് അപൂര്‍വം സന്ദര്‍ഭങ്ങളിലാണ്. പത്രപ്രവര്‍ത്തകരുടെ തൊഴിലിന്റെ പ്രത്യേകത തന്നെയാണ് ലക്ഷണമൊത്ത ട്രേഡ്യൂണിയനായി സംഘടനയെ മാറ്റാന്‍ കഴിയാത്തതിന് പ്രധാനകാരണം. സൂര്യനുതാഴെയുള്ള എല്ലാപ്രശ്നങ്ങളും ആധികാരിക ഭാവത്തോടെ കൈകാര്യംചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ അധ്വാനിക്കുന്ന വര്‍ഗത്തിന്റെ വിഷയങ്ങള്‍ കൈകാര്യംചെയ്യുമ്പോള്‍ പത്രമുടമയുടെ വീക്ഷണത്തിനും വിലക്കിനും അപ്പുറത്തേക്ക് പോകാന്‍ കഴിയാത്തവരാണ്. പ്രവര്‍ത്തിക്കുന്ന മാധ്യമത്തിന്റെ നയത്തിനനുസരിച്ചാണ് അവരുടെ രാഷ്ട്രീയവീക്ഷണവും ചുറ്റിത്തിരിയുന്നത്. ആ വലയത്തിന് പുറത്തുകടന്ന്, പൗരന്‍ എന്ന നിലയിലും അധ്വാനിച്ച് ജീവിക്കുന്ന വ്യക്തി എന്ന നിലയിലും സമൂഹത്തോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തയാറാകുന്ന അവസ്ഥ ശുഭോദര്‍ക്കമാണ്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെയും രാജ്യത്തെ സാമാന്യജനങ്ങളുടെയും ജീവല്‍പ്രധാനമായ പത്താവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 28ന് സംയുക്ത സമരസമിതി നടത്തുന്ന പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് അനുഭാവ പ്രകടനങ്ങള്‍ നടത്താനുള്ള പത്രപ്രവര്‍ത്തകയൂണിയന്റെയും പത്രജീവനക്കാരുടെ സംഘടനയായ കെഎന്‍ഇഎഫിന്റെയും തീരുമാനം അതുകൊണ്ടുതന്നെ പ്രശംസിക്കപ്പെടേണ്ടതാണ്.

    ReplyDelete