Wednesday, February 29, 2012

പുറമെനിന്നുള്ള വൈദ്യുതി പൂര്‍ണമായി നിലയ്ക്കും

കര്‍ണാടകത്തിനു പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ വൈദ്യുതി വില്‍പന നിരോധിക്കുന്നു. പുറമേ നിന്നുള്ള വൈദ്യുതിയെ ഗണ്യമായ തോതില്‍ വേനല്‍ക്കാലത്ത് ആശ്രയിക്കുന്ന കേരളത്തിന് ഇത് കനത്ത തിരിച്ചടിയാകും. സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിലെ അനാസ്ഥക്ക് കേരളം കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇതോടെ ഉറപ്പായി. ആസത്രണത്തിലെ പാളിച്ചകള്‍ മൂലം സംസ്ഥാനം ഇപ്പോള്‍ തന്നെ അപ്രഖ്യാപിത ലോഡ്ഷെഡിങ്ങിലാണ്. വേനലിനു മുമ്പേ അമിത ഉല്‍പാദനം നടത്തിയതു മൂലം ഇടുക്കിയെ ആശ്രയിക്കാന്‍ കഴിയില്ല. പുറമേനിന്നുള്ള വൈദ്യുതി കൂടി ഇല്ലാതാകുന്നത് കേരളത്തെ ഇരുട്ടിലേക്ക് തള്ളും. പിറവം ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ നിരക്ക് വര്‍ധനയും പവര്‍കട്ടും ഉണ്ടാകുമെന്നും ഉറപ്പായിക്കഴിഞ്ഞു.

വൈദ്യുതി ഉല്‍പാദനത്തെ നിയന്ത്രിക്കാന്‍ 2003ലെ കേന്ദ്ര വൈദ്യുതി നിയമത്തില്‍ വകുപ്പുകളില്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ സ്വകാര്യനിലയങ്ങളുടെ വൈദ്യുതി വില്‍പന നിരോധിക്കുന്നത്. വൈദ്യുതി കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ടതാണ്. 2003ലെ വൈദ്യുതി നിയമത്തില്‍ വൈദ്യുതി ഉല്‍പാദനത്തിന് ലൈസന്‍സിങ്ങ് ഏര്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങള്‍ക്ക് ഇഷ്ടാനുസരണം ഇതില്‍ നിയമം കൊണ്ടുവരാന്‍ കഴിയും. ഈ പഴുതുപയോഗിച്ച് സ്വകാര്യനിലയങ്ങളുടെ വൈദ്യുതി വില്‍പന ആദ്യം നിരോധിച്ചത് കര്‍ണാടകമാണ്. ആന്ധ്രാപ്രദേശും സ്വകാര്യ നിലയങ്ങളുടെ വൈദ്യുതി വില്‍പന നിരോധിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കടുത്ത വേനലാണ് വരാന്‍ പോകുന്നതെന്ന കാലാവസ്ഥാ മുന്നയിപ്പിന്റെ അടിസ്ഥാനത്തില്‍ മറ്റു സംസ്ഥാനങ്ങളും ഇതേ പാത സ്വീകരിക്കുമെന്നാണ് സൂചന. അതോടെ പുറമേ നിന്നുള്ള വൈദ്യുതി കേന്ദ്രപൂളില്‍ നിന്നുള്ളത് മാത്രമായി ചുരുങ്ങും.

ഛത്തീസ്ഗഡ് പോലുള്ള വടക്ക്-കിഴക്കന്‍ മേഖലയിലെ സ്വകാര്യ നിലയങ്ങളില്‍ നിന്നും മുന്‍കാലങ്ങളില്‍ കേരളത്തിന് വൈദ്യുതി ലഭിച്ചിരുന്നു. ഈ സംസ്ഥാനങ്ങള്‍ വൈദ്യുതിവില്‍പന നിരോധിച്ചില്ലെങ്കില്‍ പോലും അവിടെ നിന്നു വൈദ്യുതി കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യമാണ്. ദക്ഷിണ മേഖലയില്‍ നിന്നുള്ള പ്രസരണ ലൈനുകള്‍ ആന്ധ്രപ്രദേശും തമിഴ്നാടും മുന്‍കൂട്ടി ബുക്ക്ചെയ്തതാണ് കാരണം. വേനല്‍മുന്നില്‍ക്കണ്ട് കേരളം ഇത്തരം നടപടികളൊന്നും സ്വീകരിച്ചില്ല.

കേരളത്തിലെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാതെ കേരളത്തിലെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വൈദ്യുതി പദ്ധതി ആസൂത്രണത്തെയും അവതാളത്തിലാക്കുകയാണ് സര്‍ക്കാര്‍ . മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിഭാവനം ചെയ്ത പല പദ്ധതികളും ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. 2000 മെഗാവാട്ടിന്റെ ചീമേനി നിലയത്തിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിശദമായ പഠന റിപ്പോര്‍ടട് തയാറാക്കുകയും പാസ്ഥിതിക അനുമതിക്ക് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതില്‍ ഇന്ന് തുടര്‍ നടപടികളൊന്നുമില്ല. ആയിരം മെഗാവാട്ടിന്റെ ചീമേനി നിലയത്തിന്റെ നിര്‍മാണവും ഇന്ന് അനിശ്ചിതത്വത്തിലാണ്. എല്‍എന്‍ജി ടെര്‍മിനല്‍ വരുന്നതിന്റെ ഭാഗമായി ആരംഭിക്കാനിരുന്ന പദ്ധതി ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. മുന്‍കാലങ്ങളില്‍ തുടക്കമിട്ട വിവിധ ജലവൈദ്യുതി നിലയങ്ങളുടെ പണിയും മുടങ്ങിക്കിടക്കുന്നു. ഭൂമി സംബന്ധിച്ച വിവാദങ്ങള്‍ മൂലം കാറ്റാടി നിലയങ്ങളുടെ പണിയും നടക്കുന്നില്ല.
(ആര്‍ സാംബന്‍)

deshabhimani 290212

No comments:

Post a Comment