Tuesday, April 3, 2012

രാത്രിയില്‍ "108" ആംബുലന്‍സ് ആലപ്പുഴയിലേക്ക് കടത്തി


ജില്ലയുടെ ഏക മൊബൈല്‍ ഐസിയുവായ "108" ആംബുലന്‍സ് രാത്രിയില്‍ ആലപ്പുഴയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച പുലര്‍ച്ചെ 3.30നാണ് മലപ്പുറം സിഐയുടെ സാന്നിധ്യത്തില്‍ "108" ആംബുലന്‍സ് കൊണ്ടുപോയത്. ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതുമൂലം ആംബുലന്‍സ് കൊണ്ടുപോകാനുള്ള ശ്രമം നേരത്തെ പലതവണ പരാജയപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് രാത്രിയില്‍ ജനറല്‍ ആശുപത്രി പരിസരത്തുനിന്ന് ആംബുലന്‍സ് കടത്തിയത്. ഇതോടെ ആംബുലന്‍സിലെ ഏഴ് ജീവനക്കാര്‍ക്ക് തൊഴിലും നഷ്ടമാകുകയാണ്.

കഴിഞ്ഞ മാസം 16ന് ആംബുലന്‍സ് കൊണ്ടുപോകാനുള്ള ശ്രമം ഡിവൈഎഫ്ഐ തടഞ്ഞിരുന്നു. തുടര്‍ന്ന് കലക്ടര്‍, ഡിഎംഒ, ജനറല്‍ ആശുപത്രി സൂപ്രണ്ട് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ആംബുലന്‍സ് കൊണ്ടുപോകില്ലെന്നും കൊണ്ടുപോകുമെങ്കില്‍ എല്ലാവരെയും അറിയിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു. ഇത് കാറ്റില്‍പ്പറത്തിയാണ് സൂപ്രണ്ടിന്റെയും കലക്ടറുടെയും അനുമതിയോടെ ആംബുലന്‍സ് കടത്തിയത്. കഴിഞ്ഞ മാസം ജനറല്‍ ആശുപത്രിക്ക് അനുവദിച്ച സാധാരണ ഡ്രൈവറാണ് "108" ആംബുലന്‍സ് കൊണ്ടുപോയതെന്ന് ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാരോട് ഞായറാഴ്ച ജോലിക്ക് എത്തേണ്ടെന്നും ഇനി ഒരറിയിപ്പ് ലഭിച്ചിട്ട് വന്നാല്‍ മതിയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ആംബുലന്‍സിന്റെ താക്കോലും മൊബൈല്‍ ഫോണും ഡ്യൂട്ടി നേഴ്സിനെ ഏല്‍പ്പിച്ചു.

പുലര്‍ച്ചെ മൂന്നോടെ എത്തിയ മലപ്പുറം സിഐ താക്കോലും മൊബൈലും ആവശ്യപ്പെട്ടു. നേഴ്സ് കൊടുക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കലക്ടറെയും സൂപ്രണ്ടിനെയും ഫോണില്‍ ബന്ധപ്പെടുകയും ഇവര്‍ കൊടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍പോലുമറിയാതെ ആംബുലന്‍സ് കൊണ്ടുപോവുകയായിരുന്നു. "108" നമ്പര്‍ ആക്ടിവേറ്റ് ചെയ്യാനുള്ള നടപടി നടന്നുവരവേയാണ് ആംബുലന്‍സ് കടത്തിയത്. നാല് ഡ്രൈവര്‍മാരും മൂന്ന് ടെക്നീഷ്യന്മാരുമാണ് ഇതിനുള്ളത്. കാഞ്ഞങ്ങാട്, വയനാട് എന്നിവിടങ്ങളിലെ "108" പിന്‍വലിച്ചപ്പോള്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. "108" ആംബുലന്‍സ് കൊണ്ടുപോയതോടെ തങ്ങളെയും പിരിച്ചുവിടുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍.

35 ലക്ഷത്തിലധികം രൂപ വിലവരുന്ന ആംബുലന്‍സില്‍ വെന്റിലേറ്റര്‍, ഇന്‍ഫ്യൂഷന്‍ പമ്പ്, ഡെലിവറി കിറ്റ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്. അപകടത്തില്‍പ്പെട്ടയാളുടെ ജീവന്‍ ആശുപത്രിയിലെത്തുന്നതുവരെ നിലനിര്‍ത്താന്‍ മൊബൈല്‍ ഐസിയുകൂടിയായ "108"നാകും. അത്യാഹിത സന്ദര്‍ഭങ്ങളില്‍ റസ്ക്യൂ വാഹനംകൂടിയാണ് സൗജന്യ സേവനം നടത്തുന്ന ഈ ആംബുലന്‍സ്. ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ അഞ്ഞൂറിലധികം മേജര്‍ കേസുകളില്‍ രക്ഷക്കെത്തിയിട്ടുണ്ട് "108" ആംബുലന്‍സ്. രണ്ട് പ്രസവങ്ങള്‍ വാഹനത്തില്‍ നടന്നു. വെള്ളിയാഴ്ച രാത്രി നറുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട മൂന്നുപേരെ ആശുപത്രിയിലെത്തിച്ചതാണ് "108"ന്റെ ജില്ലയിലെ അവസാന സേവനം.

deshabhimani 020412

1 comment:

  1. ജില്ലയുടെ ഏക മൊബൈല്‍ ഐസിയുവായ "108" ആംബുലന്‍സ് രാത്രിയില്‍ ആലപ്പുഴയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച പുലര്‍ച്ചെ 3.30നാണ് മലപ്പുറം സിഐയുടെ സാന്നിധ്യത്തില്‍ "108" ആംബുലന്‍സ് കൊണ്ടുപോയത്. ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതുമൂലം ആംബുലന്‍സ് കൊണ്ടുപോകാനുള്ള ശ്രമം നേരത്തെ പലതവണ പരാജയപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് രാത്രിയില്‍ ജനറല്‍ ആശുപത്രി പരിസരത്തുനിന്ന് ആംബുലന്‍സ് കടത്തിയത്. ഇതോടെ ആംബുലന്‍സിലെ ഏഴ് ജീവനക്കാര്‍ക്ക് തൊഴിലും നഷ്ടമാകുകയാണ്.

    ReplyDelete