Tuesday, April 3, 2012

ആഗോളവല്‍ക്കരണത്തിന്റെ ദൂഷ്യവശങ്ങള്‍ ജുഡീഷ്യറിയിലും


ആഗോളവല്‍ക്കരണ നയങ്ങള്‍ ഇന്ത്യന്‍ ജുഡീഷ്യറിയെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുണ്ടെന്ന് വ്യക്തമാക്കി സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് അനുബന്ധമായി നടത്തിയ "ജനാധിപത്യത്തില്‍ ജുഡീഷ്യറിയുടെ പങ്ക്" സെമിനാര്‍. ആഗോളവല്‍ക്കരണത്തിന്റെ കൂടപ്പിറപ്പായ അഴിമതി തടയാനും കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനുമെല്ലാം ഇടപെട്ടുവെന്നത് വിശ്വാസ്യത വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍, ജഡ്ജിമാരെ ആഗോളവല്‍ക്കരണം സ്വാധീനിച്ചതിനെതുടര്‍ന്നുണ്ടായ ജനവിരുദ്ധ കോടതിവിധികള്‍ രാജ്യത്തെ നീതിന്യായവ്യവസ്ഥിതിയുടെ വിശ്വാസ്യത തകര്‍ക്കുന്നതിന് കാരണമായെന്ന് സെമിനാറില്‍ പങ്കെടുത്തവരെല്ലാം ഐകകണ്ഠേന അഭിപ്രായപ്പെട്ടു.

ബംഗാളില്‍ ഭൂരിപക്ഷത്തിന്റെ പേരില്‍ ഭരണകൂടം, ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍പോലും ഹനിക്കുമ്പോള്‍ കോടതിയില്‍ നീതിക്കായി ഇരക്കേണ്ട അവസ്ഥയാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ വൈസ് പ്രസിഡന്റും കൊല്‍ക്കത്തയിലെ പ്രസിദ്ധ അഭിഭാഷകനുമായ വികാസ് രഞ്ജന്‍ ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. ആഗോളവല്‍ക്കരണനയങ്ങളുടെ സ്വാധീനത്തില്‍പെട്ടതുകൊണ്ടാണ് സമരത്തിനും പണിമുടക്കിനും പൊതുയോഗങ്ങള്‍ നടത്തുന്നതിനെതിരെയുമെല്ലാം കോടതി നിലപാട് സ്വീകരിക്കുന്നതെന്ന് മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള വിനയവും കോടതികള്‍ക്കുണ്ടാകണം. കോടതികളുടെ അസഹിഷ്ണുത ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും തങ്ങളുടെ അധികാരപരിധിയെക്കുറിച്ച് ജഡ്ജിമാര്‍ക്ക് കൃത്യവും വ്യക്തവുമായ ധാരണ ഉണ്ടായിരിക്കണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ഈ നയങ്ങളുടെ സ്വാധീനത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുകൂല വിധികള്‍ കൂടുതലായി ഉണ്ടാകുന്നതും സെമിനാര്‍ നിരീക്ഷിച്ചു. ഒരു നിയമം നിര്‍മിക്കുമ്പോള്‍ രാജ്യത്തെ ദരിദ്രന് എന്തു പ്രയോജനമെന്ന് ചിന്തിക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്. എന്നാല്‍ ഇന്ന് കോടതി വ്യവഹാരത്തിന് വന്‍ പണച്ചെലവ് വേണ്ടിവരുന്നു. സുപ്രീംകോടതിയില്‍ സാധാരണക്കാരന് നീതിക്കായി പോകാനാവില്ല. അരക്കോടിയിലേറെ ചെലവ് വരും. അബ്ദുള്‍ നാസര്‍ മഅദ്നി ജയിലില്‍ 4000 ദിവസം പിന്നിട്ടു. അദ്ദേഹത്തെ എന്തിനാണ് ജയിലിലിട്ടിരിക്കുന്നതെന്ന് വ്യക്തമായി പറയാന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് ഇതുവരെയായിട്ടില്ല. ഇതിനകം കോടതിയെ സമീപിക്കാന്‍ മാത്രമായി 60 ലക്ഷം ചെലവിട്ടുകഴിഞ്ഞതായി കേസ് നടത്തുന്ന ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ചിലര്‍ ഹൈക്കോടതികളില്‍ ജഡ്ജിമാരായി എത്തുമ്പോഴാണ് അങ്ങനെയൊരാളുണ്ടെന്ന് മനസിലാകുന്നതുതന്നെ. തങ്ങള്‍ ഒന്നിനും വിധേയരല്ലെന്ന സമീപനം ജനാധിപത്യത്തില്‍ ജഡ്ജിമാര്‍ കൈക്കൊള്ളുന്നത് അപകടകരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഇന്ത്യയില്‍ ദരിദ്രര്‍ക്കും ജനാധിപത്യസംഘടനകള്‍ക്കുമെതിരെ പലപ്പോഴും ഉണ്ടാകുന്ന കോടതിവിധികളെക്കുറിച്ചാണ് ചെന്നൈ ഹൈക്കോടതിയിലെ അഡ്വ. ജി ചാംകി രാജ് സംസാരിച്ചത്. നീതിദേവതയുടെ കണ്ണ് കെട്ടിയിരിക്കുന്നത് ജഡ്ജിമാരും വക്കീലന്മാരും ചെയ്യുന്ന അനീതികള്‍ കാണാതിരിക്കാനാണെന്ന പ്രസിദ്ധമായ വചനം അവതിരിപ്പിച്ചുകൊണ്ടാണ് അഡ്വ. മഞ്ചേരി സുന്ദര്‍രാജ് സംസാരിച്ചത്. തെറ്റായ വിധിന്യായങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന ആഹ്വാനവും സെമിനാര്‍ നല്‍കി.
(എം വി പ്രദീപ്)

കോടതികളുടെ നിലപാട് നീതീകരിക്കാനാകില്ല

ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ കോടതികള്‍ ചോദ്യംചെയ്യുന്നത് നീതീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ലോയേഴ്സ് യൂണിയന്‍ വൈസ് പ്രസിഡന്റും കൊല്‍ക്കൊത്ത മുന്‍മേയറുമായ വികാസ് രഞ്ജന്‍ ഭട്ടാചാര്യ പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ പലപ്പോഴും മൗനംപാലിക്കുന്ന കോടതികളാണ് അവകാശപോരാട്ടങ്ങളെ ചോദ്യംചെയ്യുന്നത്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സ. ഇ കെ നായനാര്‍ നഗറില്‍(കോഴിക്കോട് ടൗണ്‍ഹാള്‍) "ഇന്ത്യന്‍ ജനാധിപത്യത്തില്‍ ജുഡീഷ്യറിയുടെ പങ്ക്" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തെ അതിന്റെ പൂര്‍ണതലത്തില്‍ എത്തിക്കാന്‍ ജുഡീഷ്യറി കാര്യക്ഷമമായ തരത്തിലുള്ള ഇടപെടലുകള്‍ക്ക് തയാറാകണം. രാജ്യം സ്വാതന്ത്ര്യംപ്രാപിച്ച് ഇത്രയുംകാലമായിട്ടും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഇന്നും ഭൂരിഭാഗത്തിനും അപ്രാപ്യമാണ്. ഉള്ള അവകാശങ്ങള്‍ സംരക്ഷിക്കാനാവാത്തതില്‍ ഭരണാധികാരികളെപ്പോലെ ജുഡീഷ്യറിയും കുറ്റക്കാരാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമായ പല തീരുമാനങ്ങളും കോടതികളില്‍നിന്നുതന്നെ ഉണ്ടാകുന്നു. ഇത് ജനങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. റോഡരികില്‍ സംഘടിക്കാന്‍ പാടില്ലെന്ന കേരള ഹൈക്കോടതിവിധിയെ ഇത്തരത്തില്‍ കാണണം.

പണക്കൊഴുപ്പും മസില്‍പവറും ഒരുകൂട്ടം മാധ്യമങ്ങളെയും കൂട്ടുപിടിച്ച് ഭൂരിപക്ഷത്തിന്റെ അവകാശങ്ങളെ നിഷേധിച്ച് ഭരണഘടനയെതന്നെ വെല്ലുവിളിക്കാനും ചെറിയൊരുവിഭാഗം ശ്രമം നടത്തുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ ജുഡീഷ്യറിക്ക് പലപ്പോഴും കഴിയുന്നില്ല. അതോടൊപ്പം "പ്രത്യേക ക്ലാസി"ന്റെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള, പക്ഷപാതപരമായ സമീപനം പല കോടതിവിധികളിലും കടന്നുവരുന്നുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍ക്ക് അനുസൃതമായി ജുഡീഷ്യറിയെയും പാകപ്പെടുത്താനുള്ള നീക്കം നടക്കുന്ന സന്ദര്‍ഭത്തില്‍ ഇതിനെ ആശങ്കയോടെയേ കാണാനാവൂ. ഭരണഘടന നല്‍കിയിട്ടുള്ള അവകാശങ്ങളെ ഭൂരിപക്ഷം ഉപയോഗിച്ച് മറികടക്കുന്ന പ്രവണത കണ്ടുവരുന്നു. ഇത് തടയാന്‍ ജുഡീഷ്യറിക്ക് സാധിക്കണമെന്നും വികാസ് രഞ്ജന്‍ ഭട്ടാചാര്യ പറഞ്ഞു.

ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ഇ കെ നാരായണന്‍ അധ്യക്ഷനായി. മുന്‍മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. ചംകി രാജ്, അഡ്വ. മഞ്ചേരി സുന്ദര്‍രാജ് എന്നിവര്‍ സംസാരിച്ചു. കെ ചന്ദ്രന്‍ സ്വാഗതവും കെ എന്‍ ജയകുമാര്‍ നന്ദിയും പറഞ്ഞു.

deshabhimani 030412

1 comment:

  1. ആഗോളവല്‍ക്കരണ നയങ്ങള്‍ ഇന്ത്യന്‍ ജുഡീഷ്യറിയെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുണ്ടെന്ന് വ്യക്തമാക്കി സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് അനുബന്ധമായി നടത്തിയ "ജനാധിപത്യത്തില്‍ ജുഡീഷ്യറിയുടെ പങ്ക്" സെമിനാര്‍. ആഗോളവല്‍ക്കരണത്തിന്റെ കൂടപ്പിറപ്പായ അഴിമതി തടയാനും കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനുമെല്ലാം ഇടപെട്ടുവെന്നത് വിശ്വാസ്യത വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍, ജഡ്ജിമാരെ ആഗോളവല്‍ക്കരണം സ്വാധീനിച്ചതിനെതുടര്‍ന്നുണ്ടായ ജനവിരുദ്ധ കോടതിവിധികള്‍ രാജ്യത്തെ നീതിന്യായവ്യവസ്ഥിതിയുടെ വിശ്വാസ്യത തകര്‍ക്കുന്നതിന് കാരണമായെന്ന് സെമിനാറില്‍ പങ്കെടുത്തവരെല്ലാം ഐകകണ്ഠേന അഭിപ്രായപ്പെട്ടു.

    ReplyDelete