Monday, April 2, 2012

കുതിരക്കച്ചവടം: ജാര്‍ഖണ്ഡ് രാജ്യസഭാതെരഞ്ഞെടുപ്പ് റദ്ദാക്കി


ജാര്‍ഖണ്ഡില്‍നിന്നുള്ള രാജ്യസഭാതെരഞ്ഞെടുപ്പ് റദ്ദാക്കി. കുതിരക്കച്ചവടം നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്നാണിത്. തെരഞ്ഞെടുപ്പിനായി എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ കൊണ്ടുവന്ന രണ്ടുകോടിയിലേറെ രൂപ കസ്റ്റംസ് വെള്ളിയാഴ്ച പിടിച്ചെടുത്തിരുന്നു. പണവുമായി മറ്റു രണ്ട് വാഹനങ്ങള്‍ കൂടി റാഞ്ചിയിലേക്ക് വന്നിരുന്നെങ്കിലും പിടികൂടാനായില്ല. പണമൊഴുക്കിന്റെപേരില്‍ രാജ്യസഭാതെരഞ്ഞെടുപ്പ് റദ്ദാക്കുന്നത് രാജ്യത്ത് ആദ്യമാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന് കത്തുനല്‍കി.

അതിനിടെ, ജാര്‍ഖണ്ഡിലെ കുതിരക്കച്ചവടത്തില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കിക്കൊണ്ട് പാര്‍ടിക്കകത്തെ ഭിന്നത രൂക്ഷമായി. തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന തീരുമാനം അവഗണിച്ച് ബിജെപി എംഎല്‍എമാര്‍ വോട്ട് ചെയ്തതോടെയാണിത്. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനം തള്ളി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ നിര്‍ദേശമനുസരിച്ചാണ് എംഎല്‍എമാര്‍ വോട്ടിങ്ങില്‍ പങ്കെടുത്തത്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) പിന്തുണയോടെ മത്സരിച്ച ആര്‍ കെ അഗര്‍വാളിന്റെ സഹോദരന്റെ വാഹനത്തില്‍നിന്ന് പണവും എംഎല്‍എമാരുടെ പേരുവിവരവും കണ്ടെത്തിയതിന് പിന്നാലെയായിരുന്നു തെരഞ്ഞെടുപ്പ്. തുടര്‍ന്ന്, ഗഡ്കരിക്കെതിരെ പാര്‍ടിയില്‍ ഒരുവിഭാഗം രംഗത്തെത്തി. ജാര്‍ഖണ്ഡില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ തെരഞ്ഞെടുപ്പ് റദ്ദാക്കിയത് സ്വാഗതം ചെയ്തു.

പണവുമായി മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി റാഞ്ചിയിലേക്കു വന്നിരുന്നതായി ജാര്‍ഖണ്ഡ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആദ്യവാഹനം പിടികൂടിയതറിഞ്ഞ് ഇവ ജാംഷഡ്പുരിലേക്ക് തിരിച്ചുപോയി. എന്നാല്‍, പ്രകാശ് ഖേമാനി എന്നയാളുടെ ജാംഷഡ്പുരിലെ വീട്ടില്‍ പണംകൈമാറ്റം നടന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ജാംഷഡ്പുരില്‍നിന്ന് അഗര്‍വാളിന്റെ സഹോദരന്റെ വാഹനത്തില്‍ സുധാംശു ത്രിപാഠി എന്നയാള്‍ കൊണ്ടുവന്ന പണമാണ് കസ്റ്റംസ് പിടികൂടിയത്. അഗര്‍വാളിന്റെ മരുമകനായിരുന്നു പണം ഏല്‍പ്പിച്ചത്. റാഞ്ചിയിലെ ഫോര്‍ഡ് ഐക്കണ്‍ ഷോറൂം ഉടമയായ ഖണ്ഡേല്‍വാളിന്റെ പക്കല്‍ പണം എത്തിക്കാനായിരുന്നു സുധാംശുവിനുള്ള നിര്‍ദേശം. എന്നാല്‍, പണം കൈമാറുംമുമ്പ് കസ്റ്റംസ് പിടികൂടി. നിയമസഭയിലെ 81 അംഗങ്ങളില്‍ 79 പേരാണ് വോട്ട് ചെയ്തതെന്ന് റിട്ടേണിങ് ഓഫീസര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. നടപടിക്രമത്തില്‍ വീഴ്ചയുണ്ടായതായി തെരഞ്ഞെടുപ്പ് കമീഷണര്‍ എസ് വൈ ഖുറേഷി അറിയിച്ചു. മൂന്നംഗങ്ങള്‍ ബാലറ്റ് പേപ്പറുകള്‍ തങ്ങളുടെ പാര്‍ടി ഏജന്റുമാരല്ലാത്തവരെ കാണിച്ചതായി അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പണമൊഴുക്ക് നടന്നതായി സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ടികള്‍ തെരഞ്ഞെടുപ്പ് കമീഷനു നല്‍കിയ പരാതിയില്‍ പറഞ്ഞു.

deshabhimani

1 comment:

  1. ജാര്‍ഖണ്ഡില്‍നിന്നുള്ള രാജ്യസഭാതെരഞ്ഞെടുപ്പ് റദ്ദാക്കി. കുതിരക്കച്ചവടം നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്നാണിത്. തെരഞ്ഞെടുപ്പിനായി എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ കൊണ്ടുവന്ന രണ്ടുകോടിയിലേറെ രൂപ കസ്റ്റംസ് വെള്ളിയാഴ്ച പിടിച്ചെടുത്തിരുന്നു. പണവുമായി മറ്റു രണ്ട് വാഹനങ്ങള്‍ കൂടി റാഞ്ചിയിലേക്ക് വന്നിരുന്നെങ്കിലും പിടികൂടാനായില്ല. പണമൊഴുക്കിന്റെപേരില്‍ രാജ്യസഭാതെരഞ്ഞെടുപ്പ് റദ്ദാക്കുന്നത് രാജ്യത്ത് ആദ്യമാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന് കത്തുനല്‍കി.

    ReplyDelete