Wednesday, April 25, 2012

വിദ്യാഭ്യാസമേഖലയില്‍ അരാജകത്വം


മുസ്ലിംലീഗുകാരെ കുത്തി നിറച്ചും അഴിമതിയും കച്ചവടവും കൊഴുപ്പിച്ചും വിദ്യാഭ്യാസവകുപ്പില്‍ അരാജകത്വം കൊടികുത്തി വാഴുന്നു. കലിക്കറ്റ് സര്‍വകലാശാലയില്‍ അരങ്ങേറിയ ഭൂമിദാനം വിദ്യാഭ്യാസമേഖലയെ നാശോന്മുഖമാക്കിയ ലീഗുവല്‍ക്കരണത്തിന്റെ ദുരന്തങ്ങളില്‍ ഒന്നുമാത്രമാണ്. യുഡിഎഫ് അധികാരമേറ്റ അന്നുതുടങ്ങിയ ലീഗുവല്‍ക്കരണപ്രക്രിയ എല്ലാ അതിരും ലംഘിച്ച അവസ്ഥയാണ്. വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളിലും സമിതികളിലും മുസ്ലിംലീഗുകാരെ കുത്തിനിറച്ചിരിക്കുകയാണ്.

സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കുന്നതിനും പുതിയ സ്വാശ്രയ കോളേജുകളും സ്കൂളുകളും കോഴ്സുകളും തുടങ്ങുന്നതിനും പിന്നില്‍ കോടികളുടെ ഇടപാടാണ് നടക്കുന്നത്. നിയമനങ്ങള്‍ക്കും സ്ഥലംമാറ്റങ്ങള്‍ക്കും ഭീമമായ തുക കൈമറിയുന്നു. കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് പുതുതായി അനുമതി നല്‍കിയ 36 സ്വാശ്രയ കോളേജുകളില്‍ 28ഉം ലീഗുമായി ബന്ധപ്പെട്ട ട്രസ്റ്റുകളുടേതും സൊസൈറ്റികളുടേതുമാണ്. മുസ്ലിംലീഗിന്റെ പ്രാദേശിക നേതാക്കളും ഉറുദു- അറബി അധ്യാപകസംഘടനാ ഭാരവാഹികളുമൊക്കെ ചേര്‍ന്ന് വിദ്യാഭ്യാസനയവും പാഠ്യപദ്ധതിയും നിശ്ചയിക്കുന്ന അതിദയനീയമായ അവസ്ഥയാണ് സംസ്ഥാനം നേരിടുന്നത്. സര്‍വകലാശാലാ ഭരണസമിതികളും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലുമൊക്കെ ലീഗുകാരുടെ മേച്ചില്‍പ്പുറമായി. വിദ്യാഭ്യാസരംഗമാകെ മുസ്ലിംലീഗ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഉഴുതുമറിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണപിന്തുണ ലീഗുകാര്‍ക്കുണ്ട്.

ലീഗ് പ്രവര്‍ത്തകരെ ഉന്നതസ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നതിന് നിലവിലുള്ളവരെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് പിരിച്ചുവിടുകയാണ്. ഐടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ നിയമനമാണ് ഏറ്റവും ഒടുവിലത്തേത്. ഡയറക്ടറായിരുന്ന അന്‍വര്‍ സാദത്തിനെ ഒഴിവാക്കി മന്ത്രി എം കെ മുനീറിന്റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു. സ്വകാര്യ പോളിടെക്നിക് അധ്യാപകനായ ഇയാളുടെ യോഗ്യത ലീഗ് പ്രവര്‍ത്തകനും മുന്‍ പഞ്ചായത്ത് പ്രസിഡന്റും എന്നതുമാത്രം. ഡയറക്ടറെ മാറ്റാന്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടു. എസ്സിഇആര്‍ടി ഡയറക്ടറായി നിയമിച്ചത് മുന്‍ കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ എ എ ഹാഷിമിനെയാണ്. എംഎഡും ഡോക്ടറേറ്റും ഉള്ളവരെമാത്രമേ ഡയറക്ടറായി നിയമിക്കാവൂ. ഹാഷിമിന് ബിഎഡുപോലുമില്ല. അക്കാദമിക് യോഗ്യതകളില്‍ തിരിമറി നടത്തിയതുസംബന്ധിച്ച് അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹാഷിമിനെ രജിസ്ട്രാര്‍സ്ഥാനത്തുനിന്ന് നീക്കാന്‍ സെനറ്റ് പ്രമേയം പാസാക്കിയിരുന്നു. ഇദ്ദേഹത്തെയാണ് അധ്യാപകരെ പരിശീലിപ്പിക്കുന്ന എസ്സിഇആര്‍ടിയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സെക്രട്ടറിയും ലീഗിന്റെ സ്വന്തക്കാരനാണ്. മലപ്പുറത്ത് അധ്യാപകനായ അന്‍വറെയാണ് സെക്രട്ടറിയാക്കിയത്. ഓപ്പണ്‍ സ്കൂള്‍ കോ- ഓര്‍ഡിനേറ്ററായി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ ജലീലിനെയും എസ്എസ്എ പ്രോഗ്രാം ഓഫീസര്‍മാരായി അധ്യാപകരായ മൂന്ന് ലീഗുകാരെയും നിയമിച്ചു. ഡയറ്റ് സീനിയര്‍ ലക്ചര്‍മാരെ നിയമിക്കണമെന്ന വ്യവസ്ഥ ലംഘിച്ച് നിയമിച്ചവരില്‍ രണ്ടുപേര്‍ ഹൈസ്കൂള്‍ അധ്യാപകരും ഒരാള്‍ ജൂനിയര്‍ ലക്ചററുമാണ്. എസ്എസ്എ ഇതോടെ പ്രവര്‍ത്തനരഹിതമായി.

സാക്ഷരതാമിഷന്‍ ഡയറക്ടറും ലീഗ് നോമിനിയാണ്. കരിക്കുലം കമ്മിറ്റിയില്‍ 11 ലീഗുകാരെയാണ് കുത്തിത്തിരുകിയത്. അറബിക് അധ്യാപകസംഘടനകളുടെ നാലു പ്രതിനിധികള്‍ ഇതില്‍ കയറിപ്പറ്റി. ഒ എന്‍ വി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പി വത്സല, പി ടി ഉഷ തുടങ്ങിയവരെ ഒഴിവാക്കിയാണ് സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് നിര്‍ണായകസ്ഥാനമുള്ള കമ്മിറ്റി ലീഗ്താവളമാക്കിയത്. പാഠപുസ്തകങ്ങള്‍ തിരുത്താനുള്ള അപകടകരമായ നീക്കത്തിലാണ് ഇപ്പോള്‍ ലീഗുകാര്‍. അറബിക്- ഉറുദു അധ്യാപകരെ ഹെഡ്മാസ്റ്റര്‍മാരാക്കാന്‍ ഭാഷാധ്യാപക പരിശീലന ഡിപ്ലോമ കോഴ്സ് പാസായാല്‍ മതിയെന്ന് കരിക്കുലം കമ്മിറ്റി നിര്‍ദേശിച്ചിരിക്കുകയാണ്. അധ്യാപകസംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് ഇത് നടപ്പാക്കാനാണ് വിദ്യാഭ്യാസമന്ത്രിയുടെ തീരുമാനം.
(കെ എം മോഹന്‍ദാസ്)

അനന്തമൂര്‍ത്തി കമ്മിറ്റി റിപ്പോര്‍ട്ട് നിലനില്‍ക്കെ ലീഗ് സമ്മര്‍ദത്തില്‍ പുതിയ കമ്മിറ്റി

ഉന്നതവിദ്യാഭ്യാസനയം രൂപീകരിക്കാന്‍ ഡോ. യു ആര്‍ അനന്തമൂര്‍ത്തി ചെയര്‍മാനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നിലനില്‍ക്കേ, ലീഗിന്റെ സമ്മര്‍ദത്തിനുവഴങ്ങി പുതിയ കമ്മിറ്റിയെ നിയമിച്ചു. മുസ്ലിംലീഗിന്റെയും വിദ്യാഭ്യാസമന്ത്രിയുടെയും സമ്മര്‍ദത്തിനു വഴങ്ങിയാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പുതിയ കമ്മിറ്റി രൂപീകരിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. യു ആര്‍ അനന്തമൂര്‍ത്തി അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അനന്തമൂര്‍ത്തി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സ്വകാര്യ കോളേജ് മാനേജ്മെന്റുകളുടെ താല്‍പ്പര്യത്തിനു വിരുദ്ധമായതിനാലാണ് പുതിയ കമ്മിറ്റിക്കായി ലീഗ് സമ്മര്‍ദം ചെലുത്തിയത്. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ അധ്യാപകനിയമനത്തിന് കോളേജ് സര്‍വീസ് കമീഷന്‍ രൂപീകരിക്കണമെന്ന സുപ്രധാന നിര്‍ദേശം അനന്തമൂര്‍ത്തി കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അധ്യാപകനിയമനത്തില്‍ കോഴയും ക്രമക്കേടുകളും നടക്കുന്ന സാഹചര്യത്തില്‍ ഈ നിര്‍ദേശം വ്യാപകമായി അംഗീകരിക്കപ്പെട്ടിരുന്നു. ഈ നിര്‍ദേശം അട്ടിമറിക്കാനാണ് പുതിയ കമ്മിറ്റിയിലൂടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശ്രമിക്കുന്നത്.

പുതിയ കമ്മിറ്റിയെ നിയോഗിച്ചില്ലെങ്കില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പോലും പുനഃസംഘടിപ്പിക്കേണ്ടിവരുമെന്ന് ഉന്നതങ്ങളില്‍നിന്നും ഭീഷണിയുമുണ്ടായി. പോണ്ടിച്ചേരി സര്‍വകലാശാലാ വിസി പ്രൊഫ. ജെ എ കെ തരീനാണ് പുതിയ കമ്മിറ്റിയുടെ ചെയര്‍മാനെന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോ. ഷീന ഷുക്കൂര്‍, പ്രൊഫ. കെ കെ അഷറഫ്, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, സീമ ജോഷി, ഡോ. പി എസ് റോബി, ഡോ. കെ ബാബു ജോസഫ്, ഡോ. ജി ഗോപകുമാര്‍ എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങള്‍. അനന്തമൂര്‍ത്തി കമ്മിറ്റി റിപ്പോര്‍ട്ട് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നേരത്തെ അംഗീകരിച്ചിരുന്നു. തുടര്‍ന്ന് കമ്മിറ്റി റിപ്പോര്‍ട്ട് സര്‍വകക്ഷിയോഗത്തിനു വിട്ടു. സര്‍വകക്ഷിയോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തെങ്കിലും തീരുമാനമെടുക്കാതെ മറ്റൊരു യോഗം കൂടി ചേരാന്‍ തീരുമാനിച്ച് പിരിയുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് ആയതിനാല്‍ യോഗം നടന്നില്ല. ഈ റിപ്പോര്‍ട്ട് തള്ളുകയോ കൊള്ളുകയോ ചെയ്യുംമുമ്പ് പുതിയ കമ്മിറ്റിയെ നിശ്ചയിക്കുന്നത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്.

deshabhimani 250412

1 comment:

  1. മുസ്ലിംലീഗുകാരെ കുത്തി നിറച്ചും അഴിമതിയും കച്ചവടവും കൊഴുപ്പിച്ചും വിദ്യാഭ്യാസവകുപ്പില്‍ അരാജകത്വം കൊടികുത്തി വാഴുന്നു. കലിക്കറ്റ് സര്‍വകലാശാലയില്‍ അരങ്ങേറിയ ഭൂമിദാനം വിദ്യാഭ്യാസമേഖലയെ നാശോന്മുഖമാക്കിയ ലീഗുവല്‍ക്കരണത്തിന്റെ ദുരന്തങ്ങളില്‍ ഒന്നുമാത്രമാണ്. യുഡിഎഫ് അധികാരമേറ്റ അന്നുതുടങ്ങിയ ലീഗുവല്‍ക്കരണപ്രക്രിയ എല്ലാ അതിരും ലംഘിച്ച അവസ്ഥയാണ്. വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളിലും സമിതികളിലും മുസ്ലിംലീഗുകാരെ കുത്തിനിറച്ചിരിക്കുകയാണ്.

    ReplyDelete