Monday, April 9, 2012

ചരിത്രത്തിലേക്ക് കണ്‍തുറന്ന് "പാട്ടബാക്കി"


ഇന്നത്തെ സമൂഹത്തിലും വിശപ്പ് ഒരപരാധമാണ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് കെ ദാമോദരന്റെ "പാട്ടബാക്കി" വീണ്ടും അരങ്ങിലെത്തി. കനല്‍വഴികളില്‍ വിപ്ലവത്തിന് ചൂടും ചൂരും പകര്‍ന്ന് അരങ്ങില്‍ നിന്നും സമൂഹത്തിലേക്ക് തീപിടര്‍ത്തിയ "പാട്ടബാക്കി" പുതിയ തലമുറയും ആവേശത്തോടെ എതിരേറ്റു. കൊച്ചനിയന് വിശപ്പടക്കാന്‍ ഒരുപിടി അരിമോഷ്ടിച്ചതിന് ജയിലില്‍പോയ കിട്ടുണ്ണി, ദുഷ്പ്രഭുത്വത്തിന്റെ കാമവെറിക്ക് ഇരയായി പിന്നീട് വേശ്യാവൃത്തി സ്വീകരിക്കുന്ന കുട്ടിമാളു, പ്രക്ഷോഭത്തിലൂടെ ജീവിതം തിരിച്ചുപിടിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന മുഹമ്മദ്, ദൈവം മരിച്ചാല്‍ സുഖമുണ്ടാവുമല്ലോ എന്ന ചോദ്യവുമായി ബാലന്‍, എല്ലാത്തിനും നേര്‍സാക്ഷിയായി കണ്ണീരുതോരാതെ ചേറോട്ടിരി അമ്മ... ഇവരിലൂടെ ഭൂതകാലത്തിന്റെ കറുത്ത ജീവിതചിത്രം പാട്ടബാക്കി പ്രേക്ഷകന് പകര്‍ന്നു നല്‍കുന്നു. ധീരദേശാഭിമാനികള്‍ ജീവന്‍ ബലിനല്‍കി കുഴിച്ചുമൂടിയ പാട്ടം, ജന്മി-കുടിയാന്‍ബന്ധം, ബ്രിട്ടീഷ് പൊലീസ് ഭീകരത എന്നിവ നടമാടിയ സമൂഹത്തിലേക്കായിരുന്നു ആ യാത്ര. നിലവിലുള്ള വ്യവസ്ഥിതിയാണ് പ്രശ്നങ്ങളുടെ പ്രധാനകാരണം. ഈ വ്യവസ്ഥയാണ് ഇവിടെ പട്ടിണിയും വ്യഭിചാരവും ഉണ്ടാക്കുന്നത്. അതിനെ മാറ്റിമറിക്കാന്‍ അടിസ്ഥാനവര്‍ഗം സംഘടിക്കേണ്ടതിന്റെ ആവശ്യകതയെന്തെന്ന് ചൂണ്ടിക്കാട്ടുകയാണ് നാടകം.

1930കളിലേയും 40കളിലേയും അയിത്തവും അനാചാരവും ജന്മിത്വവും പടര്‍ന്നുപന്തലിച്ച സമൂഹത്തെയാണ് നാടകം പരിചയപ്പെടുത്തുന്നത്. ഭൂപ്രഭുക്കളുടെയും കാര്യസ്ഥന്മാരുടെയും കാമപൂരണത്തിനിരയായ സ്ത്രീകള്‍. തൊഴിലാളി കുടുംബം പേറിയ ദുരിതങ്ങളും ദുരന്തങ്ങളും. സമുദായഘടനയുടെ ഭാഗമായ കള്ളവും വ്യഭിചാരവും. കഷ്ടതകള്‍ ദൈവഹിതമെന്ന സ്ഥിരം പല്ലവി. ദൈവം മരിക്കണമെന്ന് ആഗ്രഹിക്കുന്ന ജനത. അങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും പാട്ടബാക്കി പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു. ഇരുള്‍വഴികളില്‍ ചുവപ്പ് സൂര്യനായി വഴിതുറന്ന ധീരദേശാഭിമാനികളെ ഓര്‍മിപ്പിക്കുന്നതായി നാടകത്തിലെ ഓരോനിമിഷവും. പുതിയ കാലത്തും സദസിനെ വിപ്ലവതീച്ചൂളയിലേക്കിറങ്ങാന്‍ ആഹ്വാനം ചെയ്താണ് തിരശീല വീണത്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായാണ് ടൗണ്‍ഹാളില്‍ പാട്ടബാക്കി വീണ്ടും അരങ്ങിലെത്തിയത്. കോഴിക്കോട് "ശ്രദ്ധ"യ്ക്ക് വേണ്ടി എ രത്നാകരനാണ് കേരളത്തിലെ കര്‍ഷിക സമരങ്ങളുടെയും വിപ്ലവങ്ങളുടെയും ചെറുത്തുനില്‍പ്പിന്റെയും കഥ പറയുന്ന നാടകം വീണ്ടും രംഗത്ത് അവതരിപ്പിച്ചത്. കേരളത്തില്‍ കമ്യുണിസ്റ്റ് പ്രസ്ഥാനം വേരുറപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നാടകമാണിത്. 1937ല്‍ വൈലത്തൂരില്‍ നടന്ന പൊന്നാനി താലൂക്ക് കര്‍ഷക സമ്മേളനത്തിനുവേണ്ടിയായിരുന്നു കെ ദാമോദരന്‍ പാട്ടബാക്കി രചിച്ചത്.
(മിഥുന്‍ കൃഷ്ണ)

deshabhimani 090412

No comments:

Post a Comment