Tuesday, April 3, 2012

ഭക്ഷ്യവസ്തുക്കളുടെ വില കൂടുന്നു


പെട്രോള്‍ വില ഉടന്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇന്ധന വിതരണം മുടക്കുമെന്ന് പെട്രോളിയം വിതരണ കമ്പനികളുടെ അന്ത്യശാസനത്തിനു പിന്നാലെ രാജ്യത്ത് ഭക്ഷ്യഎണ്ണയുടെ വില കൂടി. ഇന്ധനവില വര്‍ധിച്ചാല്‍ ഭക്ഷ്യവിലക്കയറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച ഭക്ഷ്യ എണ്ണകളുടെ വിലയില്‍ 10% വര്‍ധനയുണ്ടായി. ഭക്ഷ്യവസ്തുകളുടെ വിലക്കയറ്റത്തിന്റെ ഭാഗമായാണ് വിലയുയര്‍ന്നത്. പാമോയില്‍ വില കിലോയ്ക്ക് 10 രൂപ വര്‍ധിച്ചു. വില ഉടന്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇന്ധന വിതരണം മുടങ്ങുമെന്ന് പെട്രോളിയം കമ്പനികളുടെ പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിതരണം തടസ്സപ്പെടാതിരിക്കാന്‍ വിലകൂട്ടല്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ 7.67 രൂപ നഷ്ടമുണ്ടെന്നാണ് പെട്രോളിയം കമ്പനികള്‍ അവകാശപ്പെടുന്നത്. ലിറ്ററിന് 9.20 രൂപയെങ്കിലും വര്‍ധിപ്പിച്ചില്ലെങ്കില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ എസ് ബുട്ടോല വ്യക്തമാക്കി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനച്ചെലവിന്റെ 93 ശതമാനം ഇറക്കുമതി ചെലവാണെന്ന് കമ്പനികള്‍ പറയുന്നു. ഇറക്കുമതി ചെയ്യാനുള്ള പണമെങ്കിലും ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ കണ്ടെത്തിയില്ലെങ്കില്‍ ഇറക്കുമതി മുടങ്ങും. അത് പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിതരണത്തെ ബാധിക്കും. അതിനാല്‍ എത്രയും പെട്ടെന്ന് വില കൂട്ടണം. ഇതാണ് കമ്പനികള്‍ ഉയര്‍ത്തുന്ന വാദം. പെട്രോള്‍ വില്‍പ്പന ഇനത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ക്കായി പ്രതിദിനം 48 കോടി രൂപ നഷ്ടം വരുന്നുണ്ടെന്നാണ് ഇവരുടെ കണക്ക്. ഓരോ ലിറ്റര്‍ പെട്രോളില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് 15 രൂപയോളമാണ് നികുതിയായി ലഭിക്കുന്നത്. സംസ്ഥാനസര്‍ക്കാരുകള്‍ക്ക് 10 രൂപ മുതല്‍ 20 രൂപ വരെ നികുതിയായി ലഭിക്കുന്നു. കേന്ദ്രം നികുതി കുറച്ചാല്‍ തന്നെ ഇന്നത്തേക്കാള്‍ വില കുറച്ച് പെട്രോള്‍ നല്‍കാന്‍ കഴിയും. എന്നാല്‍, അത്തരത്തിലുള്ള ചര്‍ച്ചകള്‍ ബോധപൂര്‍വം നിരുത്സാഹപ്പെടുത്തി വില കൂട്ടുകയെന്ന ഒറ്റ പോംവഴി മാത്രമേയുള്ളൂ എന്ന് പ്രചരിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

എല്ലാ മാസാവസാനവും 16-ാം തീയതിയും അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്രവിലയും ഡോളറിന് രൂപയുമായുള്ള വിനിമയനിരക്കും വിലയിരുത്തി പെട്രോള്‍ വിലയില്‍ മാറ്റംവരുത്താനാണ് പെട്രോളിയം കമ്പനികളെ അനുവദിച്ചിട്ടുള്ളത്. 2011 ഡിസംബറില്‍ വില പരിഷ്കരിച്ചശേഷം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്ത് വിലവര്‍ധന ഒഴിവാക്കിയിരുന്നു.

deshabhimani 030412

1 comment:

  1. പെട്രോള്‍ വില ഉടന്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇന്ധന വിതരണം മുടക്കുമെന്ന് പെട്രോളിയം വിതരണ കമ്പനികളുടെ അന്ത്യശാസനത്തിനു പിന്നാലെ രാജ്യത്ത് ഭക്ഷ്യഎണ്ണയുടെ വില കൂടി. ഇന്ധനവില വര്‍ധിച്ചാല്‍ ഭക്ഷ്യവിലക്കയറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച ഭക്ഷ്യ എണ്ണകളുടെ വിലയില്‍ 10% വര്‍ധനയുണ്ടായി. ഭക്ഷ്യവസ്തുകളുടെ വിലക്കയറ്റത്തിന്റെ ഭാഗമായാണ് വിലയുയര്‍ന്നത്. പാമോയില്‍ വില കിലോയ്ക്ക് 10 രൂപ വര്‍ധിച്ചു. വില ഉടന്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇന്ധന വിതരണം മുടങ്ങുമെന്ന് പെട്രോളിയം കമ്പനികളുടെ പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിതരണം തടസ്സപ്പെടാതിരിക്കാന്‍ വിലകൂട്ടല്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം

    ReplyDelete