Wednesday, April 4, 2012

ഇടപ്പള്ളി, വരാപ്പുഴ ഒറ്റടോള്‍: നിരക്ക് കുത്തനെ കൂട്ടാന്‍ നീക്കം


ഇടപ്പള്ളി, വരാപ്പുഴ പാലങ്ങള്‍ക്ക് ഒറ്റടോള്‍ ഏര്‍പ്പെടുത്തുന്നതിന്റെ പേരില്‍ നിലവിലുള്ള നിരക്ക് കുത്തനെ വര്‍ധിപ്പിക്കാന്‍ നീക്കം. ഇടപ്പള്ളി മേല്‍പ്പാലത്തിന് ടോള്‍ ഏര്‍പ്പെടുത്തുമ്പോള്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന അധികഭാരം ഇല്ലാതാക്കാനെന്ന പേരിലാണ് പുതിയ തീരുമാനം. കാര്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് അഞ്ചു രൂപ, ഇരുവശങ്ങളിലേക്ക് 7.50 രൂപ, ബസ്, ലോറി എന്നിവയ്ക്ക് 15, 22.50 രൂപ, കണ്ടെയ്നര്‍ ട്രെയ്ലറിന് 30, 50 രൂപ എന്നിങ്ങനെയാണ് വരാപ്പുഴ പാലത്തില്‍ നിലവിലുള്ള ടോള്‍നിരക്ക്. ഇടപ്പള്ളി മേല്‍പ്പാലത്തിന് ടോള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ഇത് നാലിരട്ടിയോളം വര്‍ധിക്കും. കാര്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 20 രൂപ, ഇരുവശങ്ങളിലേക്ക് 30 രൂപ, ബസ്, ലോറി എന്നിവയ്ക്ക് 30, 45 രൂപ, കണ്ടെയ്നര്‍ ട്രെയ്ലറിന് 60, 90 രൂപ എന്നിങ്ങനെ വര്‍ധിപ്പിക്കാനാണ് നീക്കമെന്നറിയുന്നു. ഇടപ്പള്ളിയില്‍ ടോള്‍പിരിവ് വിജ്ഞാപനത്തിന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടോള്‍പിരിവു സംബന്ധിച്ച വിവരങ്ങള്‍ വിജ്ഞാപനം വന്നശേഷമേ കൂടുതല്‍ വ്യക്തമാകൂ.

ഏപ്രില്‍ ഒന്നുമുതല്‍ ടോള്‍ ഏര്‍പ്പെടുത്താനായിരുന്നു സര്‍ക്കാര്‍ നീക്കം. ജനരോഷം കനത്തതോടെ ഇതു വൈകിപ്പിക്കുകയായിരുന്നു. കോട്ടപ്പുറം, ചേറ്റുവ മേല്‍പ്പാലങ്ങളുടെ ടോള്‍പിരിവ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ഇടപ്പള്ളി മേല്‍പ്പാലത്തിന് ടോള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. വരാപ്പുഴ പാലത്തിന് ടോള്‍പിരിവ് ആരംഭിച്ചിട്ട് 11 വര്‍ഷം പിന്നിട്ടു. ഇടപ്പള്ളി പാലത്തിന്റെ നിര്‍മാണച്ചെലവ് 37 കോടിയും വരാപ്പുഴ പാലത്തിന്റേത് 46 കോടിയുമാണ്. ഇതു രണ്ടും ഒന്നിച്ചു കണക്കാക്കി ദേശീയപാത നിലവാരത്തില്‍ ഒറ്റടോള്‍ നിശ്ചയിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇടപ്പള്ളിയില്‍ ടോള്‍പിരിക്കാനുള്ള നീക്കം അനധികൃതമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിഒടി വ്യവസ്ഥയിലല്ല പാലം നിര്‍മിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും റെയില്‍വേയുടെയും ഫണ്ടാണ് പാലം നിര്‍മാണത്തിന് ഉപയോഗിച്ചത്. നിര്‍മാണം പൂര്‍ത്തിയായ ശേഷം ടോള്‍ പിരിക്കാന്‍ നീക്കം സജീവമാക്കുകയായിരുന്നു. ഇടപ്പള്ളി അല്‍ അമീന്‍ സ്കൂളിനു മുന്‍വശം ടോള്‍ പിരിവിനായി ബൂത്ത് നിര്‍മിക്കാനും ശ്രമമുണ്ട്.
(അഞ്ജുനാഥ്)

deshabhimani 040412

No comments:

Post a Comment