Tuesday, April 3, 2012

കാലുമാറ്റക്കാരനെ സ്വദേശാഭിമാനിയുടെ നാട് അംഗീകരിക്കില്ല: വി എസ്


കാലുമാറ്റക്കാരനെ സ്ഥാനാര്‍ഥിയാക്കാനുള്ള യുഡിഎഫ് നീക്കം സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പിറന്ന മണ്ണിനോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭീരുത്വപൂര്‍ണമായ ഇത്തരം നീക്കത്തെ ഈ മണ്ണ് പുച്ഛിച്ചു തള്ളും. എല്‍ഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പിറന്ന മണ്ണെന്നതാണ് നെയ്യാറ്റിന്‍കരയുടെ പ്രത്യേകത. രാജാധിപത്യ വാഴ്ചയ്ക്കും രാജഗോപാലാചാരിയുടെ ദുര്‍ഭരണത്തിനും എതിരെ ശക്തമായി പോരാടിയതിന്റ പേരില്‍ തന്നെ നാടുകടത്താനുള്ള വാര്‍ത്തയറിഞ്ഞപ്പോള്‍ അതിനെ പുഞ്ചിരിയോടെയാണ് സ്വദേശാഭിമാനി അഭിമുഖീകരിച്ചത്. നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായിരുന്നെങ്കില്‍ അദ്ദേഹത്തിന് രാജകീയമായി ജീവിക്കാമായിരുന്നു. ഈ മണ്ണിലാണ് ഒരു കാലുമാറ്റക്കാരനെ സ്ഥാനാര്‍ഥിയായി കൊണ്ടുവരുന്നത്. ഇത് ആ നാടിനോടു കാട്ടുന്ന അവഹേളനമാണ്. ദിവാന്‍ഭരണത്തിനെതിരെ പോരാടി വീരചരമമടഞ്ഞ രണധീരരുടെ മണ്ണില്‍ ഭീരുത്വപൂര്‍ണമായ ഇത്തരം നീക്കങ്ങള്‍ വിലപ്പോവില്ല. ഉമ്മന്‍ചാണ്ടിയുടെ ഭരണം കേരളത്തെ ഇരുട്ടിലേക്കാണ് നയിക്കുന്നത്. എല്‍ഡിഎഫ് ഭരണത്തില്‍ വൈദ്യുതിനിരക്ക് നയാപൈസ വര്‍ധിപ്പിച്ചിരുന്നില്ല. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആയിരത്തഞ്ഞൂറോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. എല്‍ഡിഎഫ് ഭരണത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായി. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ ഇതിനകം വീണ്ടും 48 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. അതില്‍ 24 പേരും വയനാട്ടിലായിരുന്നു- വി എസ് ചൂണ്ടിക്കാട്ടി.

deshabhimani 030412

1 comment:

  1. കാലുമാറ്റക്കാരനെ സ്ഥാനാര്‍ഥിയാക്കാനുള്ള യുഡിഎഫ് നീക്കം സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പിറന്ന മണ്ണിനോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭീരുത്വപൂര്‍ണമായ ഇത്തരം നീക്കത്തെ ഈ മണ്ണ് പുച്ഛിച്ചു തള്ളും. എല്‍ഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്.

    ReplyDelete