Wednesday, April 4, 2012

ഇബ്രാഹിം മാസ്റ്റര്‍ മന്ദിരം ലീഗുകാര്‍ തകര്‍ത്തു


സിപിഐ എം തൃക്കരിപ്പൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എ ബി ഇബ്രാഹിം മാസ്റ്റര്‍ മന്ദിരം മുസ്ലിംലീഗ് ക്രിമിനലുകള്‍ തകര്‍ത്തു. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. കൊടിതോരണങ്ങള്‍ നശിപ്പിച്ചു. ഒരു വര്‍ഷത്തിനിടെ ഓഫീസിന് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ചൊവ്വാഴ്ച രാത്രിയാണ് ലീഗ് തീവ്രവാദികള്‍ ഓഫീസ് കല്ലെറിഞ്ഞ് തകര്‍ത്തത്. കല്ലേറില്‍ ഒരുവശത്തെ ജനല്‍പാളികള്‍ തകര്‍ന്നു. 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ പ്രചാരണാര്‍ഥം ഓഫീസ് പരിസരത്ത് സ്ഥാപിച്ച ബോര്‍ഡും തോരണങ്ങളും നശിപ്പിച്ചു. പാര്‍ടിയുടെയും വര്‍ഗ- ബഹുജന സംഘടനകളുടെയും കൊടി തോരണങ്ങളും നശിപ്പിച്ചു.

ആയിറ്റി ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്ന ഇ എം എസ് മന്ദിരത്തിനുനേരെ അക്രമം നടത്താനുള്ള ലീഗ് തീവ്രവാദികളുടെ ശ്രമം പരിസരവാസികളുടെ ഇടപെടല്‍ മൂലം പരാജയപ്പെട്ടു. ഇവിടെ സ്ഥാപിച്ച കൊടി തോരണങ്ങള്‍ നശിപ്പിച്ച നിലയിലാണ്. ഇവ നശിപ്പിക്കുന്നത് കണ്ട് പരിസരവാസികളെത്തിയപ്പോള്‍ നാല് ബൈക്കുകളിലെത്തിയ അക്രമി സംഘം രക്ഷപ്പെട്ടു. ലോക്കല്‍ സെക്രട്ടറി പി കുഞ്ഞമ്പു ചന്തേര പൊലീസില്‍ പരാതി നല്‍കി. അക്രമത്തില്‍ സിപിഐ എം തൃക്കരിപ്പൂര്‍ ഏരിയാസെക്രട്ടറി വി പി പി മുസ്തഫ പ്രതിഷേധിച്ചു. ജില്ലയിലെ പല മേഖലയിലും അക്രമത്തിലൂടെ വര്‍ഗീയ ധ്രുവീകരണം നടത്തി കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇവര്‍ നടത്തുന്നത്. ലീഗ് നേതൃത്വത്തിനുപോലും ഇവരെ തടയാനാകുന്നില്ല. സിപിഐ എം പ്രവര്‍ത്തകരുടെ ആത്മസംയമനം കൊണ്ടാണ് സംഘര്‍ഷം പടരാതിരിക്കുന്നത്. പ്രതികളെ ഉടന്‍ പിടികൂടണമെന്നും ഏരിയാസെക്രട്ടറി ആവശ്യപ്പെട്ടു.

തൃക്കരിപ്പൂരില്‍ കലാപത്തിന് ലീഗ് ശ്രമം

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ കലാപം സൃഷ്ടിക്കാന്‍ ലീഗിന്റെ ആസൂത്രിത ശ്രമം. വടക്കുമ്പാട് റോഡരികില്‍ ലീഗ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡിന് തീയിട്ടുവെന്ന കള്ളപ്രചാരണം നടത്തിയാണ് സിപിഐ എം തൃക്കരിപ്പൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എ ബി ഇബ്രാഹിം മാസ്റ്റര്‍ മന്ദിരത്തിനുനേരെ ലീഗ് ക്രിമിനല്‍ സംഘം അക്രമം നടത്തിയത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ലീഗിന്റെ പ്രചാരണ ബോര്‍ഡ് കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. പതിവായി ലീഗ് പ്രവര്‍ത്തകര്‍ അസമയത്ത് തമ്പടിക്കുന്ന മേഖലയിലാണ് വ്യാജ തീവയ്പ്പ് നടത്തി അണികളെ പ്രകോപിക്കാന്‍ ശ്രമിച്ചത്. പത്തിന് ഇവിടെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. ഈ സമയത്ത് ഇവിടെ ലീഗ് പ്രവര്‍ത്തകര്‍ ഇരുന്നതായി വാഹനത്തില്‍ പോയവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ലീഗ് തീവ്രവാദികളുടെ നിര്‍ദേശപ്രകാരം അര്‍ധരാത്രിയോടെ എഎസ്ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് പുരുഷന്മാരില്ലാത്ത വീടുകളില്‍ ചെന്ന് സ്ത്രീകളെ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. ഒരു മാസം മുമ്പ് നബിദിനാഘോഷത്തിന്റെ മറവില്‍ ഈ പ്രദേശത്ത് വൈദ്യുതി പോസ്റ്റിലും റോഡിലുമായി ഐയുഎംഎല്‍ എന്നെഴുതിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. മൃഗാശുപത്രിയുടെ ചുറ്റുമതിലിലും ഇത്തരത്തില്‍ എഴുതിയതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ ഈ പ്രദേശത്ത് എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം ലംഘിച്ചാണ് പ്രചാരണ ബോര്‍ഡ് സ്ഥാപിച്ച് കലാപം സൃഷ്ടിക്കാന്‍ ലീഗ് ആസൂത്രിത ശ്രമം നടത്തിയത്. മൃഗാശുപത്രിക്ക് സമീപത്തെ ക്ഷേത്രപരിസരത്തുനിന്ന് മരം മുറിച്ചതുമായി ബന്ധപ്പെട്ട് ലീഗ് അനുകൂല ക്ലബ് ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിവാദം ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കാനാണ് മറ്റൊരു തരത്തില്‍ സംഘര്‍ഷം വ്യാപിപ്പിച്ച് തലയൂരാന്‍ ലീഗുകാര്‍ ശ്രമിക്കുന്നത്.

സിപിഐ എം പ്രവര്‍ത്തകനെ ബിജെപിക്കാര്‍ ആക്രമിച്ചു

കണ്ണൂര്‍: സിപിഐ എം പ്രവര്‍ത്തകനെ ബിജെപിക്കാര്‍ വീട് കയറി ആക്രമിച്ചു. എ കെ ജി ആശുപത്രി ജീവനക്കാരന്‍ പന്നേന്‍പാറ പോത്തേരി സ്കൂളിന് സമീപത്തെ പൂരത്താന്‍കണ്ടി രഞ്ജിത്തിനെ (53)യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ എട്ടോളം പേരടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ ഇരുമ്പ്പൈപ്പടക്കമുള്ള മാരകായുധങ്ങളുമായി ആക്രമിച്ചത്. വീടും തകര്‍ത്തു. പരിക്കേറ്റ രഞ്ജിത്ത് എ കെ ജി ആശുപത്രിയിലാണ്.

എട്ടുമാസം മുമ്പാണ് രഞ്ജിത്തും കുടുംബവും ചാലാടുനിന്ന് പന്നേന്‍പാറയിലെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. ബിജെപി പ്രവര്‍ത്തകര്‍ ധാരാളമുള്ള ഇവിടെ സിപിഐ എം പ്രവര്‍ത്തകന്‍ രഞ്ജിത്ത് താമസിക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. രഞ്ജിത്തിന്റെ ഭാര്യ കാഞ്ചനയെയും മറ്റു കുടുംബാംഗങ്ങളെയും ബിജെപിക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ചൊവ്വാഴ്ചത്തെ അക്രമം. വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ക്കുന്ന ശബ്ദം കേട്ട് പുറത്തെത്തിയ രഞ്ജിത്തിനെ അക്രമിസംഘം മര്‍ദിച്ച ശേഷം ഓടി രക്ഷപ്പെട്ടു. ബിജെപി പ്രവര്‍ത്തകരായ വയല്‍വീട്ടില്‍ പ്രകാശന്‍, അനുജന്‍ പ്രശാന്തന്‍(തെച്ചു), ജീവന്‍, ഗോകുല്‍, ഷിജിത്ത്, താക്കറെ സന്ദീപ്, ബിത്തു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ടൗണ്‍ പൊലീസ് കേസെടുത്തു.

deshabhimani 040412

1 comment:

  1. സിപിഐ എം തൃക്കരിപ്പൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എ ബി ഇബ്രാഹിം മാസ്റ്റര്‍ മന്ദിരം മുസ്ലിംലീഗ് ക്രിമിനലുകള്‍ തകര്‍ത്തു. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. കൊടിതോരണങ്ങള്‍ നശിപ്പിച്ചു. ഒരു വര്‍ഷത്തിനിടെ ഓഫീസിന് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ചൊവ്വാഴ്ച രാത്രിയാണ് ലീഗ് തീവ്രവാദികള്‍ ഓഫീസ് കല്ലെറിഞ്ഞ് തകര്‍ത്തത്. കല്ലേറില്‍ ഒരുവശത്തെ ജനല്‍പാളികള്‍ തകര്‍ന്നു. 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ പ്രചാരണാര്‍ഥം ഓഫീസ് പരിസരത്ത് സ്ഥാപിച്ച ബോര്‍ഡും തോരണങ്ങളും നശിപ്പിച്ചു. പാര്‍ടിയുടെയും വര്‍ഗ- ബഹുജന സംഘടനകളുടെയും കൊടി തോരണങ്ങളും നശിപ്പിച്ചു.

    ReplyDelete