Wednesday, April 4, 2012

മുതലാളിത്ത പ്രതിസന്ധി രൂക്ഷമാകും: തപന്‍സെന്‍


ഇപ്പോഴത്തെ പ്രതിസന്ധികളില്‍നിന്ന് മുതലാളിത്തത്തിന് കരകയറാനാവില്ലെന്ന് സിഐടിയു ജനറല്‍സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു. പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കുകയാണ്. 21-ാം നൂറ്റാണ്ട് സോഷ്യലിസത്തിന്റേതായിരിക്കുമെന്നും തപന്‍സെന്‍ പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന "സോഷ്യലിസത്തിന്റെ ഭാവി" എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ രാജ്യങ്ങളില്‍, വിവിധ തലങ്ങളിലാണ് മുതലാളിത്തത്തിനെതിരെ പ്രതിരോധം ഉയര്‍ത്തുന്നത്. യൂറോപ്പിലും അമേരിക്കയിലും പ്രത്യേക സംഘാടകരില്ലാതെയാണ് ജനങ്ങള്‍ മുതലാളിത്തത്തിനെതിരെ പ്രതിരോധനിര പടുത്തുയര്‍ത്തുന്നത്. ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചപ്പോള്‍ അമേരിക്കയില്‍ 99 ശതമാനംപേര്‍ തെരുവിലിറങ്ങി മുതലാളിത്തത്തിനെതിരെ പോരാടുന്നു. മുതലാളിത്തത്തിന് സ്ഥിരതയാര്‍ന്ന നിലനില്‍പ്പില്ല. സോഷ്യലിസത്തിന്റെ പ്രസക്തിയിലേക്കാണിത് വിരല്‍ചൂണ്ടുന്നത്. സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കുന്ന നയങ്ങള്‍ക്കെതിരായ പോരാട്ടമാണ് സോഷ്യലിസം ഉയര്‍ത്തിപ്പിടിക്കുന്നത്. ഉല്‍പ്പാദനമേഖല തകര്‍ക്കുന്ന, പ്രകൃതിവിഭവങ്ങള്‍ അമിതമായി ചൂഷണം ചെയ്യുന്ന മുതലാളിത്തം ക്രിമിനലുകളെയും ഗുണ്ടകളെയും പോലെയാണ് പെരുമാറുന്നത്. ഇവരുടെ സാമൂഹ്യചൂഷണം തിരിച്ചറിഞ്ഞാണ് ലോകമെമ്പാടും സ്വമേധയാ പോരാട്ടം ഉയര്‍ന്നുവരുന്നത്.
ലോകസമ്പത്തിന്റെ ഭൂരിഭാഗവും ധനികര്‍ കൈയടക്കുകയും ഭൂരിപക്ഷം ദരിദ്രരായി ജീവിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഈ മുന്നേറ്റത്തെ തീക്ഷ്ണതയോടെ നയിക്കാനാവണം. സാമൂഹ്യമായ മാറ്റത്തിനുവേണ്ടി വലിയൊരു ഇടപെടല്‍ നടത്താന്‍ ജനാധിപത്യവിശ്വാസികള്‍ക്കും ഇടതുപക്ഷത്തിനും ബാധ്യതയുണ്ടെന്നും തപന്‍സെന്‍ പറഞ്ഞു.

സോഷ്യലിസം വളരാന്‍ ജനാധിപത്യം അനിവാര്യമാണെന്ന് സെമിനാറില്‍ അധ്യക്ഷനായ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. സോഷ്യലിസത്തില്‍ ജനാധിപത്യത്തിന്റെ രൂപം എന്തായിരിക്കണമെന്നുള്ളതിനെക്കുറിച്ച് ഗൗരവമായ പരിശോധന ആവശ്യമാണ്. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം പരിസ്ഥിതി, മതം, സംസ്കാരം, രാഷ്ട്രീയം എന്നിവയുടെ കാര്യത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിലെ സോഷ്യലിസത്തില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തും. സോവിയറ്റ് വിപ്ലവത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വളരുന്ന സോഷ്യലിസത്തിനായിരിക്കും നിലനില്‍പ്പെന്നും ഐസക് പറഞ്ഞു.

deshabhimani 040412

1 comment:

  1. ഇപ്പോഴത്തെ പ്രതിസന്ധികളില്‍നിന്ന് മുതലാളിത്തത്തിന് കരകയറാനാവില്ലെന്ന് സിഐടിയു ജനറല്‍സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു. പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കുകയാണ്. 21-ാം നൂറ്റാണ്ട് സോഷ്യലിസത്തിന്റേതായിരിക്കുമെന്നും തപന്‍സെന്‍ പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന "സോഷ്യലിസത്തിന്റെ ഭാവി" എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete