Wednesday, April 4, 2012

ഡിജിപിയുടെ സര്‍ക്കുലര്‍ തൊഴിലാളിവിരുദ്ധം: ഹെഡ്ലോഡ് യൂണിയന്‍


കൊച്ചി: ഡിജിപി പുറപ്പെടുവിച്ച പുതിയ സര്‍ക്കുലറിന്റെ മറവില്‍ ജില്ലയില്‍ ചുമട്ടുതൊഴിലാളികളുടെ തൊഴിലവകാശങ്ങളില്‍ ചൂഷണം വ്യാപകമാകുന്നു. തൊഴിലാളികള്‍ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്ന വലിയ കരിങ്കല്‍, സിമന്റ്, ഇഷ്ടിക, ചെങ്കല്ല്, ഹോളോ ബ്രിക്സ് എന്നിവ ടിപ്പറില്‍ കൊണ്ടുപോകുന്നത് വ്യാപകമായി. ഇത്തരത്തില്‍ തൊഴിലാളികളുടെ ജോലി നിഷേധിക്കാന്‍ അനുവദിക്കില്ലെന്ന് എറണാകുളം ജില്ലാ ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ കമ്മിറ്റിയോഗം വ്യക്തമാക്കി.

ഒരു മേഖലയിലും ജോലിചെയ്യാതെ കൂലി വാങ്ങുന്നതിനോട് യൂണിയന്‍ യോജിക്കുന്നില്ല. എന്നാല്‍ നോക്കുകൂലിക്കെതിരെയുള്ള നിയമങ്ങളുടെ മറവില്‍ തൊഴിലാളികള്‍ ചെയ്യേണ്ട ജോലികള്‍ ചില തൊഴിലുടമകള്‍ ചെയ്യുന്നതിനോട് യൂണിയന്‍ യോജിക്കുന്നില്ല. ആളുകള്‍ വീടുമാറി പോകുമ്പോള്‍ ഗൃഹോപകരണങ്ങള്‍ കയറ്റാനും ഇറക്കാനും തൊഴിലാളികള്‍ പോകേണ്ടെന്ന നിലപാടാണ് ഉള്ളത്. എന്നാല്‍ സര്‍ക്കാര്‍തന്നെ കൂലി നിശ്ചയിച്ച് ഈ ജോലികൂടി ചെയ്യണമെന്ന് തീരുമാനിച്ചിരിക്കയാണ്. വീട്ടുടമയ്ക്ക് ഗൃഹോപകരണങ്ങള്‍ ഇറക്കുന്നതിനുള്ള അവകാശം ഉണ്ടെന്ന നിലപാടാണ് സിഐടിയുവിനുള്ളത്.

വസ്തുത ഇതായിരിക്കെ ചുമട്ടുതൊഴിലാളികള്‍ക്കെതിരെ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ നല്‍കുന്ന പരാതിയില്‍ കൊള്ള, പിടിച്ചുപറി, ഭീഷണിപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘംചേരല്‍ തുടങ്ങിയ വകുപ്പുകളില്‍ കേസെടുത്ത് ജയിലിലടയ്ക്കാനാണ് ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളാണ് ഡിജിപിയെ ഇത്തരത്തിലുള്ള സര്‍ക്കുലര്‍ ഇറക്കാന്‍ പ്രേരിപ്പിച്ചത്. ഇതേക്കുറിച്ച് ഐഎന്‍ടിയുസിയും എസ്ടിയുവും നിലപാട് വ്യക്തമാക്കണം. വിവിധ വിഭാഗം തൊഴിലാളികളെ അണിനിരത്തി സര്‍ക്കുലറിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എറണാകുളം ജില്ലാ ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാകമ്മിറ്റി തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി സി കെ മണിശങ്കര്‍ അറിയിച്ചു.

deshabhimani 040412

1 comment:

  1. ഒരു മേഖലയിലും ജോലിചെയ്യാതെ കൂലി വാങ്ങുന്നതിനോട് യൂണിയന്‍ യോജിക്കുന്നില്ല. എന്നാല്‍ നോക്കുകൂലിക്കെതിരെയുള്ള നിയമങ്ങളുടെ മറവില്‍ തൊഴിലാളികള്‍ ചെയ്യേണ്ട ജോലികള്‍ ചില തൊഴിലുടമകള്‍ ചെയ്യുന്നതിനോട് യൂണിയന്‍ യോജിക്കുന്നില്ല. ആളുകള്‍ വീടുമാറി പോകുമ്പോള്‍ ഗൃഹോപകരണങ്ങള്‍ കയറ്റാനും ഇറക്കാനും തൊഴിലാളികള്‍ പോകേണ്ടെന്ന നിലപാടാണ് ഉള്ളത്. എന്നാല്‍ സര്‍ക്കാര്‍തന്നെ കൂലി നിശ്ചയിച്ച് ഈ ജോലികൂടി ചെയ്യണമെന്ന് തീരുമാനിച്ചിരിക്കയാണ്. വീട്ടുടമയ്ക്ക് ഗൃഹോപകരണങ്ങള്‍ ഇറക്കുന്നതിനുള്ള അവകാശം ഉണ്ടെന്ന നിലപാടാണ് സിഐടിയുവിനുള്ളത്.

    ReplyDelete