Monday, April 2, 2012

വിവരസാങ്കേതികവിദ്യ: സാമൂഹ്യ ഉടമസ്ഥാവകാശം വേണം


വിവരസാങ്കേതികവിദ്യയുടെ നേട്ടങ്ങളെ കുത്തകവല്‍ക്കരിക്കാനുള്ള ശ്രമത്തെ ചെറുക്കണമെന്ന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിവരസാങ്കേതികവിദ്യാ സെമിനാര്‍ ആഹ്വാനം ചെയ്തു. മൈക്രോസോഫ്റ്റ് അടക്കമുള്ള കുത്തകകളെ പ്രതിരോധിച്ച് എല്ലാവര്‍ക്കുമായി അറിവിന്റെ വാതായനങ്ങളെ സ്വതന്ത്രമായി തുറന്നിടാന്‍ പോരാട്ടം തുടരണം. പ്രതിസന്ധി നേരിടുന്ന ലോകമുതലാളിത്തത്തിന്റെ വികസനസങ്കല്‍പ്പങ്ങള്‍ക്ക് ബദലായി സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഇടതുപക്ഷ പുരോഗമന വികസനസാധ്യതകള്‍ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ""വിവരസാങ്കേതികവിദ്യയും പുരോഗമനപ്രസ്ഥാനങ്ങളും: വെല്ലുവിളികള്‍, സാധ്യതകള്‍" എന്ന വിഷയത്തിലുള്ള സെമിനാര്‍ ചര്‍ച്ച ചെയ്തു. ലോകമാകെ വളര്‍ന്ന സൈബര്‍ കൂട്ടായ്മകളും സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ഇതിന് പ്രയോജനപ്പെടുത്തണമെന്നും സെമിനാര്‍ നിര്‍ദേശിച്ചു.
അറിവിനെ വളച്ചുകെട്ടി സ്വന്തമാക്കി സാധാരണക്കാരെ അകറ്റി നിര്‍ത്താന്‍ കുത്തകകള്‍ ശ്രമിക്കുകയാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പി രാജീവ് എംപി പറഞ്ഞു. കുത്തകവല്‍ക്കരണത്തിനെതിരെ എല്ലാ മേഖലകളിലും നടക്കുന്ന മുന്നേറ്റം പോലെ ഇവിടെയും പ്രത്യയശാസ്ത്ര തെളിമയോടെ പ്രവര്‍ത്തിക്കാനാകണം- രാജീവ് പറഞ്ഞു. വിവരസാങ്കേതികവിദ്യയുടെ പ്രയോജനം എല്ലാവര്‍ക്കും നീതിപൂര്‍വം വിഭജിച്ചില്ലെങ്കില്‍ വിജ്ഞാനധനികര്‍, വിജ്ഞാനദരിദ്രര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങള്‍ ഉണ്ടാകുമെന്ന് സെമിനാറില്‍ അധ്യക്ഷനായിരുന്ന കേരള സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി ഇക്ബാല്‍ പറഞ്ഞു. ഇത് മനസിലാക്കി പുരോഗമനപ്രസ്ഥാനങ്ങള്‍ ഇടപെടല്‍ നടത്തണം. മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് മലയാളം കംപ്യൂട്ടിങിന് നിരവധി സംഭാവന നല്‍കാന്‍ കഴിഞ്ഞു. മലയാളഭാഷയെ അതിന്റെ തനിമയിലേക്ക് തിരികെ കൊണ്ടുവരാന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന് കഴിഞ്ഞു. സ്വതന്ത്രസോഫ്റ്റ്വെയര്‍ ലോഡ് ചെയ്യുന്നതിലൂടെ സാമ്രാജ്യത്വവിരുദ്ധപോരാട്ടത്തിലാണ് പങ്കുചേരുന്നതെന്നും ഇക്ബാല്‍ പറഞ്ഞു.

സ്വതന്ത്രസോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ പ്രസിഡന്റ് ജോസഫ് തോമസ്, അപ്രോപ്രൈറ്റ് ടെക്നോളജി പ്രൊമോഷന്‍ സൊസൈറ്റിയിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ശിവഹരി നന്ദകുമാര്‍, ഗുരുവായൂരപ്പന്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫ. ടി വി സുനീത എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. എന്‍ ഇ രാജീവ് സ്വാഗതവും കെ വി സുധീന്ദ്രനാഥ് നന്ദിയും പറഞ്ഞു.
(കെ എസ് ഷൈജു)


പുരോഗമനപ്രസ്ഥാനങ്ങള്‍ ഐടിയുടെ സാധ്യത പ്രയോജനപ്പെടുത്തണം: പി രാജീവ്

പുരോഗമന ജനാധിപത്യപ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ വിവരസാങ്കേതികവിദ്യയുടെ നവീനമാതൃകകളെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് പി രാജീവ് എംപി പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് "വിവരസാങ്കേതികവിദ്യയും പുരോഗമനപ്രസ്ഥാനങ്ങളും: വെല്ലുവിളികള്‍, സാധ്യതകള്‍" എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
അതാതിടത്തെ വസ്തുനിഷ്ഠ സാഹചര്യങ്ങളില്‍ ഇത്തരം നവീന സൈബര്‍ മാതൃകകളിലൂടെ ഇടപെട്ട് എങ്ങനെ ഇടതുപക്ഷമുന്നേറ്റം സാധ്യമാക്കാമെന്ന് പരിശോധിക്കണം. ഫെയ്സ്ബുക്കിനെയും മറ്റും ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്താന്‍ ഉപയോഗിച്ചതിന്റെ പ്രസക്തി ഇവിടെയാണ്. കര്‍ഷക ആത്മഹത്യപോലുള്ള സാമൂഹ്യവിഷയങ്ങളിലേക്ക് നവീനമാധ്യമങ്ങള്‍ വേണ്ടത്ര കടന്നുചെന്നിട്ടില്ല. കര്‍ഷക ആത്മഹത്യ സൃഷ്ടിക്കുന്ന നയങ്ങള്‍ക്കെതിരായ ചര്‍ച്ചാവേദി ഒരുക്കാന്‍ കഴിയുന്നില്ല. ഇടത്തരക്കാരുടെ ആശങ്കകള്‍കൂടി ഇവയിലൂടെ പങ്കുവയ്ക്കാന്‍ കഴിയണം. ഈ പരിമിതി തിരിച്ചറിഞ്ഞാകണം നവീനമാധ്യമങ്ങളെ എങ്ങിനെ ഉപയോഗിക്കാമെന്ന് നോക്കേണ്ടത്.

മാധ്യമങ്ങള്‍ കുത്തകകളാല്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ വിവിധ വിഷയങ്ങളില്‍ ഇടപെടാനുള്ള സാധ്യത ഇന്ന് നവമാധ്യമങ്ങളിലുണ്ട്. ചര്‍ച്ചചെയ്യുന്ന വിഷയങ്ങളെ ആസ്പദമാക്കി ചെറുസമൂഹങ്ങളും പിന്നീട് വിശാലമായ കൂട്ടായ്മയും രൂപപ്പെടുത്താന്‍ കഴിയും. പല ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കും ഇത്തരം ഇടപെടല്‍ വഴിവയ്ക്കും. വിവിധ വികാരങ്ങളുള്ള സമൂഹത്തോടും ബോധനിലവാരമുള്ള വ്യക്തികളോടും ഇടപെടുമ്പോള്‍ സംവാദത്തിന്റെ രീതിശാസ്ത്രത്തില്‍തന്നെ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനായി പദപ്രയോഗങ്ങളിലും മറ്റും പുനഃക്രമീകരണം ആവശ്യമാണ്. നവീനമാധ്യമങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് അവിടെയും സ്വാധീനം ഉറപ്പിക്കാന്‍ കുത്തകകള്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാരും നവീനമാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നു. പാര്‍ലമെന്റില്‍പോലും ചര്‍ച്ചചെയ്യാതെ പുതിയ നിയമത്തിലൂടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലായ്മചെയ്യാനാണ് സര്‍ക്കാര്‍ ശ്രമം. ഇത് പ്രാഥമികനീതിയുടെ അടിസ്ഥാന തത്വത്തെ നിഷേധിക്കലാണെന്നും പി രാജീവ് പറഞ്ഞു.


deshabhimani 020412

1 comment:

  1. വിവരസാങ്കേതികവിദ്യയുടെ നേട്ടങ്ങളെ കുത്തകവല്‍ക്കരിക്കാനുള്ള ശ്രമത്തെ ചെറുക്കണമെന്ന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിവരസാങ്കേതികവിദ്യാ സെമിനാര്‍ ആഹ്വാനം ചെയ്തു. മൈക്രോസോഫ്റ്റ് അടക്കമുള്ള കുത്തകകളെ പ്രതിരോധിച്ച് എല്ലാവര്‍ക്കുമായി അറിവിന്റെ വാതായനങ്ങളെ സ്വതന്ത്രമായി തുറന്നിടാന്‍ പോരാട്ടം തുടരണം. പ്രതിസന്ധി നേരിടുന്ന ലോകമുതലാളിത്തത്തിന്റെ വികസനസങ്കല്‍പ്പങ്ങള്‍ക്ക് ബദലായി സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഇടതുപക്ഷ പുരോഗമന വികസനസാധ്യതകള്‍ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ""വിവരസാങ്കേതികവിദ്യയും പുരോഗമനപ്രസ്ഥാനങ്ങളും: വെല്ലുവിളികള്‍, സാധ്യതകള്‍" എന്ന വിഷയത്തിലുള്ള സെമിനാര്‍ ചര്‍ച്ച ചെയ്തു. ലോകമാകെ വളര്‍ന്ന സൈബര്‍ കൂട്ടായ്മകളും സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ഇതിന് പ്രയോജനപ്പെടുത്തണമെന്നും സെമിനാര്‍ നിര്‍ദേശിച്ചു.

    ReplyDelete