Sunday, June 17, 2012

ബലരാമന്‍ സമിതി റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സര്‍ക്കാര്‍നീക്കം


സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് ഡോ. എസ് ബലരാമന്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം. സമിതി അധ്യക്ഷനായ ഡോ. എസ് ബലരാമന്‍തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. വേതനം നിശ്ചയിക്കാന്‍ വ്യവസായബന്ധസമിതി രൂപീകരിക്കാനുള്ള തൊഴില്‍വകുപ്പിന്റെ നീക്കം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്. സ്വകാര്യ ആശുപത്രി മുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കാനാണ് ഈ നീക്കമെന്നും ബലരാമന്‍ "ദേശാഭിമാനി"യോടു പറഞ്ഞു.

റിപ്പോര്‍ട്ട് പഠിച്ച് ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കാമെന്ന് അന്നത്തെ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും ഇപ്പോഴത്തെ മന്ത്രി വി എസ് ശിവകുമാറും മെയ് രണ്ടിനു നടത്തിയ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയതാണ്. ഇതിനു വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ തുടങ്ങിയ വിദഗ്ധര്‍ ഉള്‍പ്പെട്ട തന്റെ നേതൃത്വത്തിലുണ്ടായ സമിതിയെക്കാള്‍ നല്ലൊരു സമിതിയെ നേഴ്സുമാരുടെ വിഷയം പഠിക്കാനായി കണ്ടെത്താനാവില്ല. സംസ്ഥാനമൊട്ടാകെയുള്ള സ്വകാര്യ ആശുപത്രികളില്‍ വിശദമായ പരിശോധനക്കു ശേഷവും പ്രശ്നങ്ങള്‍ ആഴത്തില്‍ പഠിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാനുള്ള അധികാരം ആരോഗ്യവകുപ്പിനാണ്. എന്നാല്‍, ആരോഗ്യവകുപ്പിനെ നോക്കുകുത്തിയാക്കുകയാണ് തൊഴില്‍വകുപ്പെന്ന് ബലരാമന്‍ പറഞ്ഞു.

സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാര്‍ അനുഭവിക്കുന്നത് ഞെട്ടിക്കുന്ന പീഡനങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ചൂഷണം അവസാനിപ്പിക്കാന്‍ കമ്മിറ്റി 50 നിര്‍ദേശങ്ങളും സമര്‍പ്പിച്ചു. സ്റ്റാഫ് നേഴ്സുമാരുടെ കുറഞ്ഞ അടിസ്ഥാനശമ്പളം 12,900 രൂപയും വാര്‍ഷിക ഇന്‍ക്രിമെന്റ് 250 രൂപയുമാക്കുക, ഉപഭോക്തൃസൂചിക അനുസരിച്ച് ക്ഷാമബത്ത നിശ്ചയിക്കുക, വര്‍ഷം 1000 രൂപ യൂണിഫോം അലവന്‍സും 15,000 രൂപവരെ അടിസ്ഥാനശമ്പളം വാങ്ങുന്നവര്‍ക്ക് ഒരുമാസത്തെ ശമ്പളം ബോണസും നല്‍കുക, 500 രൂപ സ്പെഷ്യല്‍-റിസ്ക് അലവന്‍സ്, ദിവസം 50 രൂപ നൈറ്റ് അലവന്‍സും മണിക്കൂറിന് 150 രൂപ ഓവര്‍ടൈം അലവന്‍സും നല്‍കുക, അധികജോലിക്ക് പകരം അവധിയോ മറ്റാനുകൂല്യമോ നല്‍കുക തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍. എന്നാല്‍, ശുപാര്‍ശകള്‍ക്കെതിരെ ഐഎംഎയും സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ സംഘടനയും രംഗത്തെത്തിയിരുന്നു. വേതനം മാനേജ്മെന്റുകള്‍ക്ക് താങ്ങാനാവില്ലെന്നായിരുന്നു ഇവരുടെ നിലപാട്. റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാന്‍ ഇവര്‍ ശക്തമായ സമ്മര്‍ദമാണ് തൊഴില്‍മന്ത്രിയിലും സര്‍ക്കാരിലും ചെലുത്തിയത്. തുടര്‍ന്നാണ് വ്യവസായ ബന്ധസമിതി രൂപീകരിച്ച് സേവന-വേതന വ്യവസ്ഥകളെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ തൊഴില്‍വകുപ്പ് തീരുമാനിച്ചത്. ജനുവരിയിലാണ് ഡോ. എസ് ബലരാമന്‍ അധ്യക്ഷനായ സമിതി രൂപീകരിച്ചത്. ഫെബ്രുവരി ഒന്നിന് പ്രവര്‍ത്തനമാരംഭിച്ച കമ്മിറ്റി മെയ് മൂന്നിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
(അഞ്ജുനാഥ്)

deshabhimani 180612

1 comment:

  1. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് ഡോ. എസ് ബലരാമന്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം. സമിതി അധ്യക്ഷനായ ഡോ. എസ് ബലരാമന്‍തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. വേതനം നിശ്ചയിക്കാന്‍ വ്യവസായബന്ധസമിതി രൂപീകരിക്കാനുള്ള തൊഴില്‍വകുപ്പിന്റെ നീക്കം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്. സ്വകാര്യ ആശുപത്രി മുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കാനാണ് ഈ നീക്കമെന്നും ബലരാമന്‍ "ദേശാഭിമാനി"യോടു പറഞ്ഞു.

    ReplyDelete