പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തടഞ്ഞുവച്ചിരിക്കുകയാണെന്ന് കൊക്കോകോള വിരുദ്ധ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയമസഭ 2011 ഫെബ്രുവരി 24ന് പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചിട്ട് ഒരു വര്‍ഷത്തിലേറെയായിട്ടും രാഷ്ട്രപതിയുടെ ഓഫീസില്‍ എത്തിയില്ല. കേരള ഗവര്‍ണര്‍ കഴിഞ്ഞ മാര്‍ച്ച് അവസാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം വഴി അയച്ച ബില്‍ ആഭ്യന്തരമന്ത്രാലയം കൊക്കോകോളയ്ക്കുവേണ്ടി തടഞ്ഞവച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച രാഷ്ട്രപതിഭവനുമായി ബന്ധപ്പെട്ടപ്പോഴും ബില്‍ എത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി 15 അംഗ ഉന്നതാധികാരസമിതി നടത്തിയ വിശദ പഠനത്തിനുശേഷം സമിതി ശുപാര്‍ശ പ്രകാരമാണ് നഷ്ടപരിഹാര ട്രിബ്യൂണല്‍ സ്ഥാപിക്കാന്‍ നിയമം നിര്‍മിച്ചത്. ഭരണഘടനാ വ്യവസ്ഥകള്‍ക്ക് അനുസൃതമായി തയ്യറാക്കിയ നിയമം ഏകകണ്ഠമായാണ് നിയമസഭ പാസാക്കിയത്. ഈ ബില്ലിന് അംഗീകാരം നല്‍കണമെന്ന് അഞ്ച് മന്ത്രാലയങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. ആറാഴ്ചയില്‍ കൂടുതല്‍ ഒരു ബില്‍ വച്ചുതാമസിക്കാന്‍ പാടില്ലെന്ന് ക്യാബിനറ്റ് നേരത്തെ നിര്‍ദേശിച്ചിട്ടുള്ളതുമാണ്.
ഇതിനിടെ ആഭ്യന്തരമന്ത്രാലയം കോളക്കമ്പനിയുടെ നിയമോപദേശം കൈപ്പറ്റുകയും സംസ്ഥാന സര്‍ക്കാരിന് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ പതിവുള്ളതല്ലാതിരുന്നിട്ടും അതിനും മറുപടി സംസ്ഥാനം നല്‍കിയിട്ടുണ്ട്. നിയമം രാഷ്ട്രപതിക്ക് കൈമാറാതിരിക്കുന്നത് നിയമസഭയോടുള്ള അവഹേളനവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് സമരസമിതി ആരോപിച്ചു. ഇതിനായി സമരസമിതിയും ഐക്യദാഢ്യസമിതിയും നിയമസഭയ്ക്കു മുന്നില്‍ 28ന് ധര്‍ണ നടത്തും. ക്വിറ്റ് ഇന്ത്യ ദിനത്തില്‍ അനിശ്ചിതകാല നിരാഹാരവും തുടങ്ങും. വാര്‍ത്താ സമ്മേളനത്തില്‍ ടി പീറ്റര്‍, കെ സജിത്, ആര്‍ ബിജു, എം ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
deshabhimani 280612
No comments:
Post a Comment