Wednesday, June 27, 2012

പ്രസംഗം എങ്ങനെ ഗൂഢാലോചനയാകുമെന്ന് ഹൈക്കോടതി


ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം നേതാക്കളായ സി എച്ച് അശോകന്‍, കെ കെ കൃഷ്ണന്‍ എന്നിവരെ പ്രതിചേര്‍ത്തത് പ്രസംഗങ്ങളുടെ അടിസ്ഥാനത്തിലെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. എന്നാല്‍, പ്രസംഗം എങ്ങനെ ഗൂഢാലോചനയാകുമെന്ന് കോടതി ചോദിച്ചു.

ചന്ദ്രശേഖരന്റെ ജീവന് ഭീഷണിയുള്ളതായി സ്പെഷ്യല്‍ ബ്രാഞ്ചിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്നും അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. മണ്ടോളി കുമാരന്‍ രക്തസാക്ഷി അനുസ്മരണദിനത്തില്‍ സി എച്ച് അശോകന്‍ നടത്തിയ പ്രസംഗം ഉദ്ധരിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് എജി കോടതിയില്‍ പരാമര്‍ശിച്ചത്. അതേസമയം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എങ്ങനെ തെളിവായി കണക്കാക്കുമെന്ന് ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്‍ ചോദിച്ചു. പ്രസംഗത്തിന്റെ പേരില്‍ പ്രതിചേര്‍ക്കപ്പെട്ട അശോകന്റെയും കൃഷ്ണന്റെയും അറസ്റ്റ് നിയമവിരുദ്ധമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനാണ് ഇതിന്റെ ഉത്തരവാദിയെന്നും ഇരുവരുടെയും തടങ്കല്‍ അന്യായമാണെന്നും പ്രതിഭാഗത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ ചൂണ്ടിക്കാട്ടി.

പൊതുയോഗത്തിലെ പ്രസംഗങ്ങള്‍ ഗൂഢാലോചനയായി കണക്കാക്കാനാവില്ല. ഗൂഢാലോചന പരസ്യമായി വെളിപ്പെടുത്തിയതിനുശേഷമല്ല കൊലപാതകം നടക്കുന്നത്. അന്വേഷണസംഘത്തിന് പ്രതികളുടെ പങ്കാളിത്തം സംബന്ധിച്ച് വ്യക്തമായ വിശദീകരണം ഇതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. സിപിഐ എം സംസ്ഥാനനേതാക്കള്‍ അടക്കമുള്ളവര്‍ ആര്‍എംപിക്കെതിരെ നടത്തിയ പ്രസംഗങ്ങള്‍ ആ സംഘടനയ്ക്കെതിരെമാത്രമുള്ളതാണെന്നും ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണെന്ന പൊലീസിന്റെ വാദം ബാലിശമാണെന്നും അദ്ദേഹം വാദിച്ചു. ചന്ദ്രശേഖരന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നുവെന്ന സാക്ഷിമൊഴികള്‍ കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. സാക്ഷികളുടെ മൊഴികള്‍ പ്രസംഗങ്ങളുടെമാത്രം അടിസ്ഥാനത്തിലുള്ളതാണെന്നും ചൂണ്ടിക്കാട്ടി.

ഗൂഢാലോചന എങ്ങനെ, എപ്പോള്‍, എവിടെ, ആരൊക്കെച്ചേര്‍ന്നു നടത്തി എന്ന കാര്യം പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലോ മറ്റു റിപ്പോര്‍ട്ടുകളിലോ പരാമര്‍ശിച്ചിട്ടില്ല. കൊടി സുനിയുടെ നിര്‍ദേശപ്രകാരമാണ് കൊലനടത്തിയതെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഈ സാഹചര്യത്തില്‍ പ്രസംഗങ്ങളുടെ പേരില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവിലാക്കപ്പെട്ട ഇരുവര്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

കോടതി ഉടന്‍ ഇവരെ ജയില്‍മോചിതരാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ജാമ്യഹര്‍ജികളില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കേസ് കോടതി വിധിപറയാന്‍ മാറ്റി. അഡ്വക്കറ്റ് ജനറല്‍ ഹാജരാക്കിയ കേസ് ഡയറിയും കോടതി പരിശോധിക്കും.

deshabhimani news

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം നേതാക്കളായ സി എച്ച് അശോകന്‍, കെ കെ കൃഷ്ണന്‍ എന്നിവരെ പ്രതിചേര്‍ത്തത് പ്രസംഗങ്ങളുടെ അടിസ്ഥാനത്തിലെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. എന്നാല്‍, പ്രസംഗം എങ്ങനെ ഗൂഢാലോചനയാകുമെന്ന് കോടതി ചോദിച്ചു.

    ReplyDelete