Friday, June 22, 2012

നികുതിവെട്ടിച്ച് കോഴിക്കടത്ത്; 50 കോടി നഷ്ടം


സര്‍ക്കാര്‍ ഒത്താശയോടെ നികുതി വെട്ടിച്ച് സംസ്ഥാനത്തേക്ക് കോഴിക്കടത്ത് വ്യാപകമായി. കഴിഞ്ഞവര്‍ഷം ഇതുമൂലം 50 കോടിയോളം രൂപയുടെ നികുതി സംസ്ഥാന ഖജനാവിന് നഷ്ടമായി. തൊട്ടുമുന്‍വര്‍ഷത്തേക്കാളും 28.10 കോടി രൂപയുടെ കുറവ് വന്നതായി ധനമന്ത്രി കെ എം മാണിതന്നെ സമ്മതിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ചെക്ക് പോസ്റ്റുകള്‍ നികുതിവെട്ടിപ്പുകാര്‍ക്ക് തുറന്നുകൊടുത്തിരിക്കയാണ്. ചെക്ക്പോസ്റ്റുകളില്‍ അഴിമതിയും വ്യാപകമായി. ഉദ്യോഗസ്ഥരുടെ സഹായത്തോടെ തമിഴ്നാട് അതിര്‍ത്തികളിലെ ഊടുവഴികളിലൂടെയും വന്‍തോതില്‍ കോഴി കടത്തുന്നുണ്ട്. ധനമന്ത്രി കെ എം മാണിയുടെ കണക്കില്‍ കഴിഞ്ഞവര്‍ഷം കോഴിനികുതിയിലുണ്ടായ കുറവ് 28.10 കോടി രൂപയാണ്. 2010-11ല്‍ കോഴിയില്‍നിന്നുള്ള നികുതിവരുമാനം 121.10 കോടിയായിരുന്നു. 2011-12ല്‍ ഇത് 93.06 കോടി രൂപയായി കുറഞ്ഞുവെന്ന് കെ എം മാണിയുടെ കണക്കുകള്‍ പറയുന്നു. എന്നാല്‍, യഥാര്‍ഥ നഷ്ടം 50 കോടി കവിയുമെന്നാണ് വാണിജ്യനികുതി വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്.

തിരുവനന്തപുരം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് അതിര്‍ത്തിജില്ലകളിലെ ഊടുവഴികളിലൂടെയും മാഹി കേന്ദ്രീകരിച്ചുമാണ് സംസ്ഥാനത്തേക്ക് അനധികൃതമായി കോഴി കടത്തുന്നത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇറച്ചിക്കോഴി കടത്തും നികുതിവെട്ടിപ്പും അഴിമതിയും വിവാദമായതാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ചെക്ക്പോസ്റ്റുകള്‍ സജീവമാക്കുകയും ഊടുവഴികളിലൂടെയുള്ള കോഴികടത്തിനെതിരെ കര്‍ശന നടപടിയെടുക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് കോഴിനികുതിയിനത്തില്‍ കാര്യമായ വര്‍ധനയുണ്ടായത്. ഒരുകിലോ കോഴി സംസ്ഥാനത്തേക്ക് അനധികൃതമായി കടത്തുമ്പോള്‍ ഖജനാവിന് 9.45 രൂപയുടെ നഷ്ടമുണ്ടാകും. കഴിഞ്ഞ ഒരുവര്‍ഷം കോഴിവില കിലോയ്ക്ക് 60 മുതല്‍ 65 രൂപവരെയുള്ളപ്പോഴാണ് 2010-11ല്‍ 121.10 കോടിയുടെ നികുതിവരുമാനമുണ്ടായത്. കഴിഞ്ഞവര്‍ഷം കോഴിവില ശരാശരി വില കിലോയ്ക്ക് 70 മുതല്‍ 80 രൂപവരെ ഉയര്‍ന്നു. പച്ചക്കറിക്കടക്കമുണ്ടായ വന്‍ വിലവര്‍ധനമൂലം കോഴിയുടെ ഉപഭോഗത്തിലും വര്‍ധനയുണ്ടായി. നികുതിയും 12.5 ശതമാനത്തില്‍നിന്ന് 13.50 ശതമാനമായി. എന്നിട്ടും സംസ്ഥാനത്ത് നികുതിവരുമാനം കുറഞ്ഞത് വന്‍വെട്ടിപ്പിന്റെ തെളിവാണ്.

deshabhimani 220612

No comments:

Post a Comment