Friday, June 22, 2012
താങ്ങുവില നിശ്ചയിച്ചത് കാര്‍ഷിക ചെലവ് വര്‍ധന പരിഗണിക്കാതെ
നെല്ല് ഉള്‍പ്പെടെയുള്ള ഖാരിഫ് വിളകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില തീര്‍ത്തും അപര്യാപ്തമാണെന്ന് അഖിലേന്ത്യാ കിസാന്‍സഭ പ്രസ്താവനയില്‍ പറഞ്ഞു. കൃഷിച്ചെലവില്‍ വന്ന വന്‍ വര്‍ധന കണക്കിലെടുക്കാതെയാണ് താങ്ങുവില പ്രഖ്യാപിച്ചത്. അശാസ്ത്രീയമായി നാമമാത്ര താങ്ങുവില നിശ്ചയിച്ചത് വഞ്ചനയാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികചെലവു-വില കമീഷന്റെ കണക്കനുസരിച്ച് 2011-12 വര്‍ഷം നെല്ലിന്റെ ശരാശരി ഉല്‍പ്പാദനച്ചെലവ് ക്വിന്റലിന് 887.82 രൂപയാണ്. 2008-09ലെ വിവരം അടിസ്ഥാനമാക്കിയുള്ള ഈ കണക്ക് യഥാര്‍ഥ ചെലവിനേക്കാള്‍ കുറഞ്ഞതുമാണ്. ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനുള്ള തുക, കര്‍ഷകര്‍ അടയ്ക്കുന്ന ഇന്‍ഷുറന്‍സ് പ്രീമിയം, വിപണനചെലവ് എന്നിവകൂടി ഉള്‍പ്പെടുത്തിയാല്‍ ഉല്‍പ്പാദനച്ചെലവ് 916.91 രൂപ വരുമെന്ന് കമീഷന്‍ വ്യക്തമാക്കിയതാണ്. സ്വാമിനാഥന്‍ കമീഷന്റെ മാനദണ്ഡപ്രകാരം കഴിഞ്ഞവര്‍ഷം 1331.73 രൂപയാണ് നെല്ലിന് താങ്ങുവില നിശ്ചയിക്കേണ്ടിയിരുന്നത്. ഉല്‍പ്പാദനച്ചെലവും ഉല്‍പ്പാദനച്ചെലവിന്റെ 50 ശതമാനവും കൂട്ടി താങ്ങുവില കണക്കാക്കുന്ന രീതിയനുസരിച്ചാണിത്. എന്നാല്‍, 2012-13ല്‍ ഇത്രയും തുക പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറായില്ല. സാധാരണ നെല്ലിന് 1250 രൂപയും എ ഗ്രേഡ് നെല്ലിന്് 1280 രൂപയുമാണ് ഈ വര്‍ഷം താങ്ങുവില നിശ്ചയിച്ചിരിക്കുന്നത്.
ഒരുവര്‍ഷംകൊണ്ട് വളംവില കുതിച്ചു. കേന്ദ്രസര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ച ദിവസം യൂറിയ ഒഴികെയുള്ള വളങ്ങളുടെ വില 30 ശതമാനംമുതല്‍ 62.50 ശതമാനംവരെ കമ്പനികള്‍ ഒറ്റയടിക്ക് കൂട്ടി. ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ വില 18,200 രൂപയില്‍നിന്ന് 24,000 രൂപയാക്കി. 2010ല്‍ 9350 രൂപയായിരുന്നതാണ് രണ്ടുവര്‍ഷത്തിനകം മൂന്നിരട്ടിയാക്കിയത്. പൊട്ടാഷ് വില 41.66 ശതമാനം കൂട്ടി. സിംഗിള്‍ സൂപ്പര്‍ ഫോസ്ഫേറ്റിന്റെ വില 62.50 ശതമാനം കൂട്ടി. എന്‍പികെ കോംപ്ലക്സിന്റെ വില 16,000ല്‍നിന്ന് 22,000 ആക്കി. രൂപയുടെ മൂല്യശോഷണവും പോഷകാധിഷ്ഠിത സബ്സിഡിയില്‍ വരുത്തിയ വെട്ടിക്കുറയ്ക്കലുമാണ് വിലവര്‍ധനയ്ക്ക് കമ്പനികള്‍ നിരത്തുന്ന വാദം. കരിഞ്ചന്തക്കാരുടെയും വളത്തിന് കൃത്രിമക്ഷാമം സൃഷ്ടിക്കുന്ന വ്യാപാരികളുടെയും ചൂഷണത്തിനും കര്‍ഷകര്‍ വിധേയരാകുന്നു. വര്‍ധിപ്പിച്ച നിരക്കിനേക്കാള്‍ കൂടിയ തുക നല്‍കിയാണ് കര്‍ഷകര്‍ വളം വാങ്ങുന്നത്്. ഇത് മറച്ചുവച്ച് കര്‍ഷകര്‍ക്കുവേണ്ടി എന്തോ വലിയ കാര്യം ചെയ്തെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
സര്‍ക്കാര്‍തീരുമാനം നാണയപ്പെരുപ്പം കൂട്ടുമെന്നാണ് ഈ നിലപാട് അപ്പടി മുഖവിലയ്ക്കെടുത്ത് പ്രമുഖ മാധ്യമങ്ങള്‍ വാദിച്ചത്. മുന്‍വര്‍ഷങ്ങളില്‍ കാര്‍ഷികചെലവില്‍ വന്ന വര്‍ധന പരിഗണിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. പകരം, കുറഞ്ഞ തുക പ്രഖ്യാപിച്ച് കര്‍ഷകരെ വഞ്ചിച്ചത് മറച്ചുവയ്ക്കാന്‍ സര്‍ക്കാരിന് അവസരം നല്‍കുകയാണ് ചെയ്തത്. സര്‍ക്കാരിന്റെ വ്യാജ അവകാശവാദത്തിന്റെ പൊള്ളത്തരം തിരിച്ചറിയാന്‍ അഖിലേന്ത്യാ കിസാന്‍സഭ ആവശ്യപ്പെട്ടു.
deshabhimani 220612
Labels:
കാര്‍ഷികം
Subscribe to:
Post Comments (Atom)
No comments:
Post a Comment