Thursday, June 28, 2012

ലീഗ് വിരട്ടി, മുഖ്യമന്ത്രി മലക്കംമറിഞ്ഞു


കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ആരംഭിച്ച 35 സ്കൂളുകള്‍ എയ്ഡഡ് മേഖലയിലേക്കു മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിന് പിന്തുണയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. ഈ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള മന്ത്രിസഭാതീരുമാനം നിലനില്‍ക്കെയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മലക്കംമറിച്ചില്‍. സ്കൂളുകള്‍ എയ്ഡഡാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ ഏരിയ ഇന്റന്‍സീവ് ഡെവലപ്മെന്റ് പ്രോഗ്രാ(എഐപി)മിനുകീഴില്‍ ആരംഭിച്ച സ്കൂളുകള്‍ എയ്ഡഡ് മേഖലയിലാക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബുധനാഴ്ച നിയമസഭയില്‍ തന്നെ തിരുത്തി. ഇതോടെ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് ഉറപ്പായി.

സ്കൂളുകള്‍ എയ്ഡഡ് മേഖലയിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചുവെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ചൊവ്വാഴ്ച നിയമസഭയില്‍ പറഞ്ഞതോടെയാണ് കോടികളുടെ കൊള്ളയ്ക്ക് അവസരമൊരുക്കുന്ന തട്ടിപ്പ് പുറത്തായത്. സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നായിരുന്നു ജൂണ്‍ 13ന് ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. അടുത്ത ദിവസം പ്രമുഖ പത്രങ്ങളടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതുമാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇക്കാര്യം പ്രസിദ്ധീകരിച്ചു. 35 സ്കൂളില്‍ 30 ഉം നടത്തുന്നത് ലീഗ് നേതാക്കളാണ്. ഇതില്‍ രണ്ട് സ്കൂളിന്റെ ചെയര്‍മാന്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളാണ്. മന്ത്രിസഭാതീരുമാനം അട്ടിമറിച്ചാണ് സ്കൂളുകള്‍ എയ്ഡഡ് മേഖലയിലാക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്.

ചൊവാഴ്ച നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഇതിനെ ചോദ്യംചെയ്തപ്പോഴാണ് എയ്ഡഡ് മേഖലയിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വിദ്യാഭ്യാസമന്ത്രിയെ തിരുത്തിയത്. എന്നാല്‍,മുസ്ലിംലീഗ് നേതൃത്വം വിരട്ടിയതിനെ തുടര്‍ന്ന് ഒറ്റരാത്രികൊണ്ട് മുന്‍നിലപാടില്‍നിന്ന് മലക്കംമറിഞ്ഞു. സ്കൂളുകള്‍ എയ്ഡഡ് മേഖലയിലാക്കാനാണ് മന്ത്രിസഭ തത്വത്തില്‍ തീരുമാനിച്ചതെന്നും തുടര്‍നടപടികള്‍ക്ക് ധനവകുപ്പിലേക്ക് അയച്ചെന്നും മുഖ്യമന്ത്രി ബുധനാഴ്ച പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കലാത്താണ് എയ്ഡഡ് മേഖലയിലാക്കാനുള്ള നടപടികള്‍ക്ക് തുടക്കംകുറിച്ചതെന്നും അവകാശപ്പെട്ടു. ഇതിനായി പഴയ ഫയലുകളുമായി എത്തിയ മുഖ്യമന്ത്രിക്ക് പക്ഷേ, തന്റെ നിലപാട് സമര്‍ഥിക്കാനായില്ല. ഒടുവില്‍, യുഡിഎഫില്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനാണ് ബുധനാഴ്ച ഇതുസംബന്ധിച്ച് സബ്മിഷന്‍ അവതരിപ്പിച്ചത്. അതോടെ നിയയസഭ പ്രക്ഷുബ്ധമായി. മുന്‍നിലപാട് മാറ്റി ലീഗിനു കീഴടങ്ങിയ മുഖ്യമന്ത്രിക്കെതിരെയും ലീഗിന്റെ കൊള്ളയ്ക്കെതിരെയും പ്രതിപക്ഷം ആഞ്ഞടിച്ചു. കോടികളുടെ കൊള്ളയ്ക്കാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്ന് വി എസ് പറഞ്ഞു. മന്ത്രിസഭ ഒരു തീരുമാനമെടുക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിയും മറ്റൊന്നു പറയുന്നു, വകുപ്പ് പറഞ്ഞതാണ് ശരിയെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറയുന്നു. സംസ്ഥാനത്ത് രണ്ട് മുഖ്യമന്ത്രിമാരുണ്ടോ? ലീഗിന് വേറെ മുഖ്യമന്ത്രിയാണോ?- വി എസ് ചോദിച്ചു. എല്‍ഡിഎഫ് കാലത്ത് എയ്ഡഡ് ആക്കാന്‍ തീരുമാനിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുസ്ലിംലീഗിനെ ടാര്‍ജറ്റ് ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ലീഗിനെ അങ്ങനെ ആരും ബ്ലാക്ക്മെയില്‍ ചെയ്യേണ്ട. ഞങ്ങള്‍ ഓട് പൊളിച്ച് സഭയില്‍ വന്നവരല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം അപ്പുറത്ത് ഇരിക്കുന്നവര്‍ക്കുള്ള മറുപടിയാണെന്ന് വി എസ് തിരിച്ചടിച്ചു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

ലക്ഷ്യം കോടികളുടെ കോഴ

മലപ്പുറം: 35 സ്കൂളുകള്‍ എയ്ഡഡ് മേഖലയിലാക്കാനുള്ള നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് കോടികളുടെ കോഴ. മുസ്ലീംലീഗ് നേതാക്കള്‍ നടത്തുന്ന ഈ സ്കൂളുകളിലെ അധ്യാപക- അനധ്യാപക നിയമനത്തിലൂടെ കിട്ടുന്ന കോഴപ്പണത്തില്‍ കണ്ണുവച്ചാണ് ഇവ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ അട്ടിമറിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ 1995 മുതലാണ് സംസ്ഥാനത്ത് മേഖലാ തീവ്ര വികസന പരിപാടി(ഏരിയ ഇന്റന്‍സീവ് ഡെവലെപ്മെന്റ് പ്രോഗ്രാം)ക്ക് കീഴില്‍ സ്കൂളുകള്‍ ആരംഭിച്ചത്. പിന്നോക്ക വിഭാഗങ്ങളുടെ പഠനത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു ലക്ഷ്യം. എയ്ഡഡ് പദവി കിട്ടുന്നതോടെ ഓരോ സ്കൂളളിലും അമ്പതോളം അധ്യാപക തസ്തികകളിലും അതിന്റെ രണ്ടിരട്ടിയോളം അനധ്യാപക ഒഴിവുകളിലും നിയമനാധികാരം മാനേജ്മെന്റിനു കൈവരും. ഓരോ നിയമനത്തിലൂടെയും ലക്ഷങ്ങള്‍ കീശയിലാകും. നിലവില്‍ 35 സ്കൂളുകളില്‍ 238 സ്ഥിരം അധ്യാപകരുണ്ട്. അധിക തസ്തികകളില്‍ 50 പേരും ജോലിചെയ്യുന്നു. എന്നാല്‍, 95 മുതല്‍ ജോലിചെയ്യുന്ന 238 പേര്‍ക്കു മാത്രമാണ് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം ലഭിക്കുന്നത്. ഇവരില്‍നിന്നുള്ള പണപ്പിരിവിനു പുറമെ സ്ഥിരനിയമനമെന്ന പേരില്‍ ബാക്കി 50 പേരില്‍നിന്നും വന്‍ തുക കോഴ വാങ്ങാനാണ് നീക്കം. പല സ്കൂളിലും ഇപ്പോള്‍ അനധ്യാപക തസ്തികകളില്ല. എയ്ഡഡ് പദവി ലഭിക്കുമ്പോള്‍ ഈ ഒഴിവുകളിലേക്കും നിയമനം നടത്താം. 10 മുതല്‍ 15 ലക്ഷം രൂപവരെ ഓരാരുത്തരില്‍നിന്നും "സംഭാവ" വാങ്ങാന്‍ ധാരണയായിട്ടുണ്ട്.

സ്കൂളുകള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ കെട്ടിട നിര്‍മാണത്തിനും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വലിയ തുക അനുവദിച്ചിരുന്നു. സ്ഥലസൗകര്യം മാത്രമാണ് മാനേജ്മെന്റുകള്‍ വഹിച്ചത്. ഇതാകട്ടെ നാട്ടുകാരും വിവിധ മഹല്ല് കമ്മിറ്റികളും സംഭാവന നല്‍കിയതായിരുന്നു. എന്നാല്‍, പിന്നീട് സ്കൂളുകളുടെ നടത്തിപ്പ് സ്വകാര്യ മാനേജ്മെന്റുകളുടേതായി മാറി. ഇവരാണ് കോഴ ലക്ഷ്യമിട്ട് എയ്ഡഡ് പദവിയ്ക്ക് സര്‍ക്കാറില്‍ സമ്മര്‍ദ്ദംചെലുത്തിയത്. 35 ല്‍ 27 സ്കൂളുകളും മലപ്പുറത്താണ്. പാലക്കാട്-3, കോഴിക്കോട്-3, വയനാട്-1, കാസര്‍കോട്-1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
(ബിജു കാര്‍ത്തിക്)

ഗുരുതര പ്രത്യാഘാതം: വി എസ്

തിരു: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ ആരംഭിച്ച 35 സ്കൂളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്് മന്ത്രിസഭ എടുത്ത തീരുമാനത്തിന് പ്രതിപക്ഷം ശക്തമായ പിന്തുണ നല്‍കും. ലീഗ് ഭീഷണിക്ക് വഴങ്ങി തീരുമാനത്തില്‍നിന്നു പിന്മാറിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും വി എസ് പറഞ്ഞു. ഈ സ്കൂളുകള്‍ എയ്ഡഡ് മേഖലയിലാക്കിയാല്‍ കോടികള്‍ കൊള്ളയടിക്കാനുള്ള സുവര്‍ണാവസരമാകും. അഴിമതിക്കുവേണ്ടി മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കുമോ? അതല്ലെങ്കില്‍ എന്തുകൊണ്ട് മന്ത്രിസഭാ തീരുമാനം നടപ്പാക്കാന്‍ വൈകുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി ഇപ്പോള്‍ ആര്‍ക്ക് വിധേയമായാണ് നിലപാട് മാറ്റിയതെന്ന് ലോകം മനസ്സിലാക്കും. പ്രതിപക്ഷം ന്യായമായ സംശയങ്ങള്‍ ഉന്നയിക്കുമ്പോള്‍ വര്‍ഗീയകാര്‍ഡിറക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ലീഗ് യോഗത്തില്‍ പറഞ്ഞാല്‍ മതിയെന്നും വി എസ് പറഞ്ഞു.

മുഖ്യമന്ത്രിയുടേത് രക്ഷപ്പെടാനുള്ള ശ്രമം: ബേബി

തിരു: മലപ്പുറത്ത് 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഈ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ തുടര്‍പഠനവും അധ്യാപകരുടേയും ജീവനക്കാരുടേയും സംരക്ഷണവും ഉറപ്പുവരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. എന്നാല്‍, എയ്ഡഡ് പദവി നല്‍കുന്ന കാര്യം ആലോചിച്ചിരുന്നില്ല. അത്തരമൊരു ഫയല്‍ വന്നപ്പോള്‍ ധനവകുപ്പിന്റെ പരിശോധനയ്ക്ക് വിടുകയാണ് ചെയ്തത്. ആ ഫയലില്‍ ഒരു തീരുമാനവുമെടുത്തില്ല. മന്ത്രിസഭ ചര്‍ച്ച ചെയ്തതുമില്ല. ഇതു മറച്ചുവെച്ച് പരസ്പരവിരുദ്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. 13ന് മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനം എന്താണെന്ന് സത്യസന്ധമായി പറയാന്‍ ഇനിയെങ്കിലും മുഖ്യമന്ത്രി തയ്യാറാകണം. ധനവകുപ്പിന്റെ അനുമതി ഇല്ലാതെ മുഖ്യമന്ത്രി തീരുമാനിച്ച ശേഷം ക്യാബിനറ്റില്‍ വെച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കണം. സാധാരണ ധനവകുപ്പിന്റെ കൂടി അനുമതിക്കു ശേഷമേ ക്യാബിനറ്റില്‍ വെക്കൂ. എന്നാല്‍, ഇതിനിടെ എന്താണ് സംഭവിച്ചതെന്ന് സുതാര്യമായി കാര്യങ്ങള്‍ നടക്കുന്നുവെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും ബേബി ആവശ്യപ്പെട്ടു.

യുഡിഎഫില്‍ ചര്‍ച്ചചെയ്തില്ല: എം എം ഹസ്സന്‍

കോഴിക്കോട്: വിദ്യാഭ്യാസവകുപ്പ് ലഭിക്കാന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യവും ആഗ്രഹവുമുണ്ടായിരുന്നുവെന്ന് കെപിസിസി വക്താവ് എം എം ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരുകക്ഷിതന്നെ ഒരേവകുപ്പ് കുറേക്കാലം വച്ചുനടക്കുന്നത് ശരിയല്ല. കാഴ്ചപ്പാടിലും നടത്തിപ്പിലുമെല്ലാം കക്ഷിമാറ്റം ഗുണമുണ്ടാക്കും. 35 വിദ്യാലയങ്ങള്‍ എയ്ഡഡ് സ്കൂളുകളാക്കിയ തീരുമാനം തെറ്റാണ്. ഇക്കാര്യത്തില്‍ കെപിസിസിക്കുള്ള പ്രതിഷേധം മുഖ്യമന്ത്രിയെയും പി കെ കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചിട്ടുണ്ട്. യുഡിഎഫില്‍ ചര്‍ച്ചചെയ്തേ നയപരമായ തീരുമാനമെടുക്കാവൂ. അതിന് വിരുദ്ധമായാണ് എയ്ഡഡ് സകൂളാക്കിയ തീരുമാനം. ഈ വിഷയത്തില്‍ പരസ്പരവിരുദ്ധമായ വിശദീകരണം നല്‍കിയതിനെപ്പറ്റി മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമാണ് വിശദീകരിക്കേണ്ടത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ള പ്രതിഷേധം ചെന്നിത്തല അറിയിച്ചിട്ടുണ്ടെന്ന് ഹസ്സന്‍ മലപ്പുറത്ത് ആവര്‍ത്തിച്ചു.

ചവറയില്‍ ലീഗ് ഓഫീസ് കോണ്‍ഗ്രസുകാര്‍ അടിച്ചുതകര്‍ത്തു

കൊല്ലം: മുസ്ലിംലീഗ് ചവറ മണ്ഡലംകമ്മിറ്റി ഓഫീസ് കെഎസ്യു -യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി അടിച്ചുതകര്‍ത്തു. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുദ്രാവാക്യം മുഴക്കിയെത്തിയ മുപ്പതോളം പ്രവര്‍ത്തകരാണ് ലീഗ് ഓഫീസ് ആക്രമിച്ചത്. ബുധനാഴ്ച രാത്രി 7.30നാണ് സംഭവം. ഓഫീസിനു മുന്നില്‍ സ്ഥാപിച്ച കുഞ്ഞാലിക്കുട്ടിയുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡും തകര്‍ത്തു.

കോണ്‍ഗ്രസുകാര്‍ ലീഗിനെ നിരന്തരം അധിക്ഷേപിക്കുന്നതില്‍ പ്രതിഷേധിച്ച് എംഎസ്എഫുകാര്‍ ചവറ ഇടപ്പള്ളിക്കോട്ടയില്‍നിന്ന് ശങ്കരമംഗലത്തേക്ക് ബുധനാഴ്ച വൈകിട്ട് പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ ശങ്കരമംഗലത്തുനിന്ന് ഇടപ്പള്ളിക്കോട്ടയിലേക്ക് നടത്തിയ പ്രകടനമാണ് ഓഫീസ് തകര്‍ക്കലില്‍ കലാശിച്ചത്. ഇടപ്പള്ളിക്കോട്ടയില്‍ ദേശീയപാതയ്ക്കു സമീപമാണ് ലീഗ് ഓഫീസ്. കുഞ്ഞാലിക്കുട്ടിക്കും പി കെ അബ്ദുറബ്ബിനുമെതിരെ പ്രകോപനം നിറഞ്ഞ മുദ്രാവാക്യമാണ് കോണ്‍ഗ്രസുകാര്‍ മുഴക്കിയത്. തുടര്‍ന്ന് ലീഗ് ഓഫീസിലേക്ക് വ്യാപകമായി കല്ലെറിഞ്ഞു. ഈ സമയം ഓഫീസിലുണ്ടായിരുന്ന ലീഗ് പ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെട്ടു. ഓഫീസിനു മുന്നിലുണ്ടായിരുന്ന ലീഗിന്റെ കൊടിയും ബോര്‍ഡും ബാനറുകളുമെല്ലാം നശിപ്പിച്ചു. പ്രകടനം കടന്നുപോയ വഴിയിലുണ്ടായിരുന്ന ലീഗിന്റെ എല്ലാ പ്രചാരണബോര്‍ഡുകളും തകര്‍ത്തു.

കൊല്ലത്ത് പ്രസ്ക്ലബ് മൈതാനിയില്‍ കെഎസ്യു ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ കോലം കത്തിച്ചു. റെസ്റ്റ്ഹൗസിനു മുന്നില്‍നിന്ന് പ്രകടനമായെത്തിയാണ് കോലം കത്തിച്ചത്. ഇതില്‍ പ്രതിഷേധിച്ച് പിന്നീട് എംഎസ്എഫ് പ്രവര്‍ത്തകരും നഗരത്തില്‍ പ്രകടനം നടത്തി. ഇത് ഏറെസമയം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

deshabhimani 280612

1 comment:

  1. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ആരംഭിച്ച 35 സ്കൂളുകള്‍ എയ്ഡഡ് മേഖലയിലേക്കു മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിന് പിന്തുണയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. ഈ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള മന്ത്രിസഭാതീരുമാനം നിലനില്‍ക്കെയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മലക്കംമറിച്ചില്‍. സ്കൂളുകള്‍ എയ്ഡഡാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ ഏരിയ ഇന്റന്‍സീവ് ഡെവലപ്മെന്റ് പ്രോഗ്രാ(എഐപി)മിനുകീഴില്‍ ആരംഭിച്ച സ്കൂളുകള്‍ എയ്ഡഡ് മേഖലയിലാക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബുധനാഴ്ച നിയമസഭയില്‍ തന്നെ തിരുത്തി. ഇതോടെ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് ഉറപ്പായി.

    ReplyDelete