Monday, June 25, 2012

കേരളത്തില്‍ ഇപ്പോള്‍ മൊഴിവ്യവസായം: കെ ഇ എന്‍


കേരളത്തില്‍ ഇപ്പോള്‍ മൊഴിവ്യവസായമാണ് ഉയര്‍ന്നുവന്നിരിക്കുന്നതെന്ന് പുരോഗമനകലാസാഹിത്യസംഘം സെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. മഹാത്മാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍പോലും ഉണ്ടായിട്ടില്ലാത്ത പ്രചാരണമാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനേത്തുടര്‍ന്ന് മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുരോഗമനകലാസാഹിത്യസംഘം ജനറല്‍ ഹോസ്പിറ്റല്‍ യൂണിറ്റ് സംഘടിപ്പിച്ച സംവാദം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ദേശാഭമാനി റെസിഡന്റ് എഡിറ്ററായ പ്രഭാവര്‍മയുടെ കവിത "ശ്യാമമാധവ"ത്തിന്റെ പ്രസിദ്ധീകരണം മലയാളം വാരിക നിര്‍ത്തിവച്ച വിഷയത്തിലാണ് സംവാദം സംഘടിപ്പിച്ചത്. കേരളത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ് കവിതാബാഹ്യമായ കാരണങ്ങള്‍ പറഞ്ഞ് ഒരു കവിതയുടെ പ്രസിദ്ധീകരണം ഇടയ്ക്കുവച്ച് നിര്‍ത്തിവച്ച സംഭവമെന്നും കെ ഇ എന്‍ പറഞ്ഞു. ഞെട്ടലുളവാക്കിയ ഈ സംഭവത്തില്‍ ശക്തമായ പ്രതികരണം ഇടതുപക്ഷ എഴുത്തുകാരെന്ന് പറയുന്നവരില്‍ പലരില്‍നിന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രപ്രസിദ്ധീകരണങ്ങളെന്ന് നടിക്കുന്ന വമ്പന്‍ വാരികകളില്‍ തങ്ങളുടെ കൃതികള്‍ പ്രസിദ്ധീകരിക്കാതെ പോയാലോ എന്ന ഭയമായിരിക്കാം ഇതിനു കാരണം. ഇതുവരെ തെരുവിലിറങ്ങി പ്രവര്‍ത്തിച്ചിട്ടില്ലാത്ത വലതുപക്ഷ സാംസ്കാരികപ്രവര്‍ത്തകര്‍ പച്ചയായ രാഷ്ട്രീയം പറഞ്ഞുകൊണ്ട് തെരുവിലിറങ്ങിയിരിക്കുന്ന സമയമാണിപ്പോള്‍. ഇടതുപക്ഷസാംസ്കാരികപ്രവര്‍ത്തനം കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചാലേ ഈ വെല്ലുവിളിയെ മറികടക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. എം ശങ്കരനാരായണപിള്ള അധ്യക്ഷനായി. ഡോ. പി എസ് ശ്രീകല, എം ചന്ദ്രബോസ്, കെ ത്രിവിക്രമന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 250612

No comments:

Post a Comment