Wednesday, June 27, 2012

എയ് ഡഡ് വിവാദം: മുഖ്യമന്ത്രി മലക്കം മറിഞ്ഞു; പ്രതിപക്ഷം സഭ വിട്ടു


മന്ത്രിസഭാതീരുമാനം അട്ടിമറിച്ച് മലപ്പുറത്തെ 35 സ്കൂള്‍ എയ് ഡഡ് മേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ നിയമസഭയില്‍ ബുധനാഴ്ചയും ഇറങ്ങിപ്പോക്ക്. എയ്ഡഡ് സ്കൂളുാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി കൂടി നിലപാടെടുത്തതാണ് ഇറങ്ങിപ്പോക്കിനിടയാക്കിയത്.

ചൊവ്വാഴ്ച സഭയില്‍ പറഞ്ഞതില്‍ നിന്നു വ്യത്യസ്തമായിട്ടായിരുന്നു ബുധനാഴ്ച മുഖ്യമന്ത്രിയുടെ മറുപടി. കേന്ദ്ര സര്‍ക്കാരിന്റെ ഏരിയ ഇന്റന്‍സീവ് ഡെവലപ്മെന്റ് പ്രോഗ്രാമിനുകീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകള്‍ സര്‍ക്കാര്‍ സ്കൂള്‍ ആക്കി മാറ്റാനായിരുന്നു കഴിഞ്ഞ 13നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. എന്നാല്‍,സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചെന്ന് ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയവെ ചൊവ്വാഴ്ച നിയമസഭയില്‍ വിദ്യാഭ്യാസമന്ത്രി പറയുകയായിരുന്നു. മന്ത്രിയെ തിരുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി താനാണെന്നും താന്‍ പറഞ്ഞതാണ് ശരിയെന്നും അവകാശപ്പെട്ടിരുന്നു.(അന്നത്തെ മന്ത്രിസഭാ തീരുമാനം മുഖ്യമന്ത്രി വിശദീകരിക്കുന്ന വീഡിയോ ഇവിടെ കാണാം.)

എന്നാല്‍ പ്രത്യേക സബ്മിഷനിലൂടെ പ്രശ്നം വീണ്ടും ബുധനാഴ്ച ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ചുവടുമാറ്റി. സ്കൂളുകള്‍ എയ്ഡഡ് ആക്കാന്‍ തത്വത്തില്‍ തീരുമാനമെടുത്തതായി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇത്തരത്തില്‍ ആലോചന ഉണ്ടായിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വിദ്യഭ്യാസവകുപ്പ് എയ്ഡഡ് സ്കൂളാക്കണമെന്നാണ് ശുപാര്‍ശ ചെയ്തതെന്നും അത് മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കോടികളുടെ അഴിമതിക്ക് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വിഎസ് ചൂണ്ടിക്കാട്ടി.

സഭയെ തെറ്റിദ്ധരിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.

നേരത്തേ ആദിവാസികള്‍ നടത്തുന്ന ഭൂസമരത്തെക്കുറിച്ച് സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. എ കെ ബാലനാണ് നോട്ടീസ് നല്‍കിയത്. ഭൂസമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത 225 ആദിവാസികളെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് എ കെ ബാലന്‍ ആവശ്യപ്പെട്ടു.

അറസ്റ്റിലായവരുടെ റിമാന്റ് കാലാവധി നീട്ടരുതെന്നും മുത്തങ്ങ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദിവാസി സമരത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് മറുപടി നല്‍കി. ആദിവാസികളെ സമരത്തിന് പ്രേരിപ്പിക്കുന്നത് എല്‍ഡിഎഫ് നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. ആദിവാസി പ്രശ്നം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും വിവിധ ആദിവാസി സംഘടനകളുടെ 12 പ്രതിനിധികളും പങ്കെടുത്ത് ചര്‍ച്ച ചെയ്തിരുന്നു.

ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഭൂമി കണ്ടെത്തി ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നെന്നും പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എ കെ ബാലന്‍ ചൂണ്ടിക്കാട്ടി. പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ റവന്യൂമന്ത്രിയടക്കം ആറ് മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമരം നടത്തുന്ന ആദിവാസികളെ മേലില്‍ അറസ്റ്റ് ചെയ്യില്ലെന്നും റിമാന്റ് ചെയ്തവരെ നിരുപാധികം വിട്ടയക്കുമെന്നും തീരുമാനിച്ചിരുന്നു. ഈ തീരുമാനം സര്‍ക്കാര്‍ പാലിച്ചില്ല. യോഗത്തിന് ശേഷം ജൂണ്‍ 25ന് സ്ത്രീകളടക്കം 102 പേരെ അറസ്റ്റ് ചെയ്തിരുന്നു. സമരത്തിന്റെ പേരില്‍ റിമാന്റ് ചെയ്തവരെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ റിമാന്റ് കാലാവധീ നീട്ടുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പെരിഞ്ചാന്‍കുട്ടിയില്‍നിന്നും ആദിവാസികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മതിയായ ചികിത്സ കിട്ടാതെ ഒരു ആദിവാസി സ്ത്രീ ജയിലില്‍ മരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

deshabhimani news

2 comments:

  1. മന്ത്രിസഭാതീരുമാനം അട്ടിമറിച്ച് മലപ്പുറത്തെ 35 സ്കൂള്‍ എയ് ഡഡ് മേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ നിയമസഭയില്‍ ബുധനാഴ്ചയും ഇറങ്ങിപ്പോക്ക്. എയ്ഡഡ് സ്കൂളുാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി കൂടി നിലപാടെടുത്തതാണ് ഇറങ്ങിപ്പോക്കിനിടയാക്കിയത്.

    ReplyDelete
  2. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നെന്ന് കെപിസിസി വക്താവ് എം എം ഹസന്‍. കോണ്‍ഗ്രസിന് താല്‍പര്യമുള്ളതും പാര്‍ട്ടി ആഗ്രഹിച്ചതുമായ വകുപ്പാണ് വിദ്യാഭ്യാസ വകുപ്പെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേകക്ഷി തന്നെ ഒരുവകുപ്പ് കയ്യില്‍ വെക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കിയ സര്‍ക്കാര്‍ നടപടി തെറ്റാണ്. തീരുമാനത്തില്‍ കെപിസിസി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ നയപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ReplyDelete