Saturday, June 30, 2012

കലിക്കറ്റില്‍ ലീഗിന് 28 കോളേജ്


കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് ഒറ്റയടിയ്ക്ക്അനുവദിച്ച 38 സ്വാശ്രയ കോളേജുകളില്‍ 28 എണ്ണം മുസ്ലിംലീഗ് നേതാക്കളുടെ ട്രസ്റ്റുകള്‍ക്ക്. വിവാദമായ ഭൂമിദാനത്തിന് പിന്നാലെയാണ് യുഡിഎഫ് നിയന്ത്രണത്തിലുള്ള നോമിനേറ്റഡ് സിന്‍ഡിക്കേറ്റിന്റെ കോളേജ് ദാനം. ലഭിച്ച 52 അപേക്ഷകളില്‍ 13 കോളേജുകള്‍ക്കുമാത്രമാണ് അനുമതി നിഷേധിച്ചത്. കോടികളുടെ കോഴ ഇടപാടാണ് കോളേജ് അനുവദിക്കുന്നതില്‍ നടന്നതെന്ന് വ്യക്തം. ലീഗിനെ പിന്തുണയ്ക്കുന്ന ഇ കെ വിഭാഗം സമസ്ത ഉള്‍പ്പെടെ വിവിധ മുസ്ലിം മതസംഘടനകള്‍ക്കും യഥേഷ്ടം സ്ഥാപനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. മലപ്പുറം 14, കോഴിക്കോട് 14, വയനാട് രണ്ട്, പാലക്കാട് ആറ്, തൃശൂര്‍ രണ്ട് എന്നിങ്ങനെയാണ് പുതിയ കോളേജുകള്‍ അനുവദിച്ചത്. കോഴിക്കോട് ജില്ലയില്‍ അനുവദിച്ച കോളേജുകളില്‍ 10 എണ്ണവും ലീഗ് അനുകൂല മാനേജ്മെന്റിനാണ്. മലപ്പുറത്ത് ലീഗ് നേരിട്ടോ സമുദായ സംഘടനകള്‍ നടത്തുന്നതോ ആയ 13 മാനേജ്മെന്റുകള്‍ക്കാണ് കോളേജ് അനുവദിച്ചത്. ഇ കെ സുന്നി വിഭാഗം, ജമാഅത്തെ ഇസ്ലാമി, കെഎന്‍എം തുടങ്ങിയവയ്ക്ക് ഓരോ കോളേജ് അനുവദിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഒരെണ്ണം കോണ്‍ഗ്രസ് മാനേജ്മെന്റിനാണ്.

പാലക്കാട്ടെ രണ്ടും തൃശൂരിലെ ഒരു കോളേജും ലീഗ് നിയന്ത്രണമുള്ളവയാണ്. ഇതോടൊപ്പം പാലക്കാട് ജില്ലയിലെ അഗളി കോട്ടത്തറയില്‍ ഒരു സര്‍ക്കാര്‍ കോളേജിനും അനുമതി നല്‍കിയിട്ടുണ്ട്. ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും പ്രവാസി ലീഗ് സംസ്ഥാന കണ്‍വീനറുമായ സി പി എ ബാവഹാജി ചെയര്‍മാനായ അല്‍ഹിന്ദ് എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന് എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് എന്‍ജിനീയറിങ് കോളേജ് അനുവദിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 2012-13 വര്‍ഷത്തിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 2011 ഒക്ടോബര്‍ 31 ആയിരുന്നു. 2012 ജനുവരിയില്‍ വാങ്ങിയ അപേക്ഷ 2011 ഡിസംബറില്‍ സമര്‍പ്പിക്കുന്നതായി കാണിച്ച് ട്രസ്റ്റ് സര്‍വകലാശാലയെ കബളിപ്പിക്കച്ചു. ഈ അപേക്ഷ പരിഗണിച്ചാണ് മഞ്ചേരിക്കടുത്ത് ചെറുകുളത്ത് ഏറനാട് നോളേജ് സിറ്റി ടെക്നിക്കല്‍ ക്യാമ്പസിന്് സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയത്. സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് ബന്ധമുള്ള കോളേജുകളും അനുമതി നല്‍കിയവയില്‍ ഉള്‍പ്പെടും. മുസ്ലിംലീഗ് മലപ്പുറം ജില്ലാസെക്രട്ടറിയും സിന്‍ഡിക്കേറ്റംഗവുമായ ടി വി ഇബ്രാഹിം ഭാരവാഹിയായ മഖ്ദൂമിയ ഇസ്ലാമിക് കള്‍ച്ചറല്‍ കോംപ്ലക്സ് കമ്മറ്റിക്ക് വള്ളുവമ്പ്രത്തും കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റംഗമായ അഡ്വ. നിയാസിന്റെ കുടുംബം നടത്തുന്ന പിഎം ചാരിറ്റബിള്‍ ട്രസ്റ്റിന് വയനാട്ടിലുമാണ് കോളേജ് അനുവദിച്ചത്. ടി വി ഇബ്രാഹിം കണ്‍വീനറായ ഇന്‍സ്പെക്ഷന്‍ കമ്മീഷന്‍തന്നെയാണ് കോളേജുകള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്.

സ്ഥാപനങ്ങളുടെ ഉദ്ദേശ്യശുദ്ധി, പ്രവര്‍ത്തന പാരമ്പര്യം, അടിസ്ഥാന സൗകര്യം തുടങ്ങിയ നിരവധി മാനദണ്ഡങ്ങള്‍ പരിഗണിച്ചുവേണം കോളേജുകള്‍ക്ക് അനുമതി നല്‍കാനെന്ന് സര്‍വകലാശാലാ ചട്ടം അനുശാസിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് കോളേജ് അനുവദിച്ചത്. ഇവയില്‍ പകുതിയും നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താത്തവയാണ്. മതിയായ ഭൂമിയോ അടിസ്ഥാന സൗകര്യമോ ഇല്ലതാനും. കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്ന കാര്യത്തിലും വഴിവിട്ട നീക്കമുണ്ടായതായാണ് വിവരം. 108 കോളേജുകളില്‍ പുതിയ കോഴ്സ് ആരംഭിച്ചപ്പോള്‍ ആറ് ഗവ. കോളേജുകള്‍ മാത്രമാണ് ഉള്‍പ്പെട്ടത്. വയനാട്, തൃശൂര്‍ ജില്ലകളില്‍ ഒരു ഗവ. കോളേജ് പോലും ഇവയില്‍ ഉള്‍പ്പെട്ടിട്ടില്ല. അപേക്ഷ നല്‍കിയ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെല്ലാം സിന്‍ഡിക്കേറ്റ് വാരിക്കോരി കോഴ്സ് അനുവദിച്ചു. കോഴ്സുകളില്‍ സീറ്റ് വര്‍ധിപ്പിക്കുന്ന കാര്യത്തിലും സ്വാശ്രയ സ്ഥാപനങ്ങളോട് സര്‍വകലാശാല ഉദാരസമീപനമാണ് സ്വീകരിച്ചത്.
(സി പ്രജോഷ്കുമാര്‍)

deshabhimani 300612

1 comment:

  1. കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് ഒറ്റയടിയ്ക്ക്അനുവദിച്ച 38 സ്വാശ്രയ കോളേജുകളില്‍ 28 എണ്ണം മുസ്ലിംലീഗ് നേതാക്കളുടെ ട്രസ്റ്റുകള്‍ക്ക്.

    ReplyDelete