Wednesday, June 20, 2012

കോണ്‍ഗ്രസുകാര്‍ കരുണാകരനെപ്പോലും കൊലക്കേസില്‍ കുടുക്കി: കോടിയേരി


മുതിര്‍ന്ന നേതാവ് കരുണാകരനെപോലും കൊലക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസുകാര്‍ സിപിഐ എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ അതിശയോക്തിയില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. വെള്ളാണിക്കര കൊലക്കേസില്‍ തന്നെ പ്രതിയാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെന്ന് കരുണാകരന്‍ ആത്മകഥയില്‍ തുറന്നു സമ്മതിച്ചിട്ടുണ്ട്.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നിഷ്കരുണം നടപടിയെടുക്കും. കോണ്‍ഗ്രസുകാര്‍ തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ച് സിപിഐ എം പ്രവര്‍ത്തകരെ പൊലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയാണെന്നും ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് കോടിയേരി പറഞ്ഞു. മുസ്ലിംകേന്ദ്രങ്ങളെല്ലാം തങ്ങളുടെ നിയന്ത്രണത്തിലാക്കാനാണ് ഭരണത്തിന്റെ തണലില്‍ മുസ്ലിംലീഗ് ശ്രമിക്കുന്നതെന്ന് ലീഗ് പറയുന്നതേ നടക്കാവൂ എന്ന സ്ഥിതിയാണുള്ളത്. ലീഗ് കേന്ദ്രങ്ങളില്‍ മറ്റ് പാര്‍ടികള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യമില്ല. കണ്ണൂര്‍ ജില്ലയിലെ പട്ടുവത്ത് ഡിസിസി പ്രസിഡന്റ് നാട്ടിയ കൊടിയും ലീഗുകാര്‍ എടുത്തുമാറ്റി. ലീഗിന്റെ ഇത്തരം നിലപാടുകള്‍ ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ തയ്യാറാകണം.

സിപിഐ എം രൂപീകൃതമായ കാലം മുതല്‍ 510 പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഗാന്ധിശിഷ്യന്മാരായി വേഷംകെട്ടി നടക്കുന്ന കോണ്‍ഗ്രസുകാര്‍ 192 സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. ആര്‍എസ്എസ് കൊലക്കത്തിക്ക് ഇരയായവര്‍ 151 പേര്‍. 20 പേരെ ലീഗുകാരാണ് കൊന്നത്. എന്നിട്ടാണ് സിപിഐ എമ്മിനെ കൊലയാളികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. ഇതുകൊണ്ടൊന്നും സിപിഐ എമ്മിനെ തകര്‍ക്കാമെന്ന് കരുതേണ്ട.

ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് "14 മന്ത്രി"മാരാണ്. ഓരോ ജില്ലയ്ക്കും ഓരോ മന്ത്രി. കണ്ണൂരില്‍ സതീശന്‍ പാച്ചേനി ഭരിക്കുമ്പോള്‍ തിരുവനന്തപുരത്ത് തമ്പാനൂര്‍ രവിക്കാണ് ചുമതല. ജില്ലയിലെ "ചുമതലക്കാര്‍" പറയുന്നത് അനുസരിക്കാത്തവര്‍ക്ക് രായ്ക്കുരാമാനം സ്ഥലമാറ്റം ഉറപ്പ്. കണ്‍ഫര്‍ ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയാണ് പൊലീസ് ഭരണം നടത്തുന്നത്. 19 പൊലീസ് ജില്ലകളില്‍ 13 ഇടങ്ങളില്‍ കണ്‍ഫര്‍ ചെയ്ത ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. നേരിട്ട് ഐപിഎസ് എടുത്ത് സര്‍വീസിലെത്തിയ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി. പൊലീസിനെ കോണ്‍ഗ്രസ്വല്‍ക്കരിച്ചിരിക്കുകയാണിപ്പോള്‍. ആഭ്യന്തരമന്ത്രിക്കൊപ്പം കെപിസിസി പ്രസിഡന്റുമായി ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം ചേരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരം സിപിഐ എം നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നു. എന്നാല്‍, ഒരു മന്ത്രിയെ അവഹേളിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ച ലീഗുകാര്‍ക്കെതിരെ കേസില്ല. നാല്‍പാടി വാസുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെ സുധാകരന്‍ എംപി നടത്തിയ പ്രസംഗത്തിലും നടപടിയില്ല. സുധാകരന്റെ പഴയ ഡ്രൈവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണം. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ജീവന് അപകടമുണ്ടായേക്കാം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ ഫലം എന്തും ചെയ്യാനുള്ള ലൈസന്‍സായി യുഡിഎഫ് കാണരുതെന്നും കോടിയേരി പറഞ്ഞു.

deshabhimani 200612

No comments:

Post a Comment