Thursday, June 28, 2012

ഒഞ്ചിയത്ത് വീണ്ടും അക്രമം: 2 സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചു


വീടുകളില്‍ കയറി ഭീഷണിമുഴക്കി

ഒഞ്ചിയം: മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള സര്‍വകക്ഷി യോഗതീരുമാനം അവഗണിച്ച് ഒഞ്ചിയത്തെ പാര്‍ടി വിരുദ്ധ സംഘം വീണ്ടും അക്രമങ്ങള്‍ അഴിച്ചുവിടുന്നു. രണ്ട് സിപിഐ എം പ്രവര്‍ത്തകരെ സംഘം അക്രമിച്ചു. നെല്ലോളി രാജീവനെയും വണ്ണാറത്ത്താഴെ പ്രദീപനേയുമാണ് പാര്‍ടി വിരുദ്ധ സംഘം ബുധനാഴ്ച ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. ഓര്‍ക്കാട്ടേരി അങ്ങാടിയില്‍വച്ച് ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് രാജീവനെതിരെ അക്രമം. പരിക്കേറ്റ അദ്ദേഹത്തെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഞ്ചിയം ബാങ്ക് പരിസരത്ത് വച്ചാണ് പ്രമോദിനെ ആക്രമിച്ചത്. പ്രകോപനപരമായ ഒന്നും ആവര്‍ത്തിക്കരുതെന്ന സര്‍വകക്ഷി യോഗ തീരുമാനം കാറ്റില്‍പറത്തി വ്യാപകമായി പോസ്റ്ററുകള്‍ സ്ഥാപിക്കാന്‍ പാര്‍ടി വിരുദ്ധസംഘം നീക്കം നടത്തി. അക്രമങ്ങള്‍ അഴിച്ചുവിട്ട് പാര്‍ടി നേതാക്കള്‍ക്കെതിരെ സ്വഭാവഹത്യകള്‍ നടത്തുന്ന പോസ്റ്ററുകള്‍ പതിക്കാനുള്ള നീക്കമാണ് സംഘം നടത്തിയത്. അഞ്ചുമൂല പറമ്പിലെ പുത്തൂര്‍ മീത്തല്‍ വിനോദിന്റെ വീട്ടില്‍ വച്ച് തയ്യാറാക്കുന്ന ഇത്തരം പോസ്റ്ററുകള്‍ വടകര പൊലീസ് ബുധനാഴ്ച രാത്രി പിടിച്ചെടുത്തു. പാര്‍ടി നേതാക്കള്‍ക്കെതിരെ കൊലവിളി നടത്തുന്ന മുദ്രാവാക്യമുയര്‍ത്തി പ്രകടനം നടത്തി. പാര്‍ടി പ്രവര്‍ത്തകരുടെ വീടുകള്‍ കയറി ഭീഷണിമുഴക്കി. എം കെ പ്രദീപന്‍, പുളിഞ്ഞോളിമീത്തല്‍ കുഞ്ഞിരാമന്‍, മഠത്തുംതാഴെ പ്രമോദന്‍, സനല്‍ രാജ്, കണിയന്റവിട രവി എന്നിവരുടെ വീടുകളില്‍ അതിക്രമിച്ചുകയറിയാണ് ഭീഷണിമുഴക്കിയത്. സ്ത്രീകളെയടക്കം അസഭ്യംപറഞ്ഞു.

പൊലീസ് സഹായത്തോടെ മേഖലയില്‍ സമാധാനം തകര്‍ക്കാനുള്ള പാര്‍ടി വിരുദ്ധ സംഘത്തിന്റെ നീക്കത്തില്‍ സിപിഐ എം എരിയാ കമ്മിറ്റി പ്രതിഷേധിച്ചു. സമാധാനം തകര്‍ക്കാനാണ് പാര്‍ടിവിരുദ്ധ സംഘത്തിന്റെ നീക്കം. സമാധാനം പുനഃസ്ഥാപിക്കാന്‍ പൊലീസും റവന്യു അധികാരികളും പ്രവര്‍ത്തിക്കണമെന്നും പാര്‍ടി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പാര്‍ടി സ്വയം പ്രതിരോധത്തിന് തയ്യാറാകേണ്ടിവരും. പാര്‍ടിവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. നേരത്തെ സിപിഐ എം പ്രവര്‍ത്തകരുടെ 78 വീട് അക്രമിസംഘം തകര്‍ത്തിരുന്നു. നിരവധി പാര്‍ടി ഓഫീസുകളും മന്ദിരങ്ങളും നശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രകോപനപരമായ നടപടികള്‍ ഉണ്ടാവരുതെന്നും ഇത്തരം പോസ്റ്ററുകള്‍ നീക്കണമെന്നും തീരുമാനിച്ചിരുന്നു. ഒഞ്ചിയം, ചോറോട്, അഴിയൂര്‍, ഏറാമല എന്നിവിടങ്ങളിലാണ് സര്‍വകക്ഷിയോഗം ചേര്‍ന്നത്.


രമയെ പരാമര്‍ശിച്ചെന്ന വിമര്‍ശനം തെറ്റിദ്ധാരണമൂലം: പി മോഹനന്‍

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെ ഭഭാര്യ കെ കെ രമയെക്കുറിച്ച് പരാമര്‍ശം നടത്തി എന്ന നിലയില്‍ ചില വനിതാ സാംസ്കാരിക പ്രവര്‍ത്തകരും മറ്റും പ്രതികരിക്കാനിടയായത് തെറ്റിദ്ധാരണമൂലമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയേറ്റ് അംഗം പി മോഹനന്‍ വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. കേളുഏട്ടന്‍ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 25ന് "അടിയന്തരാവസ്ഥയും ഇടതുപക്ഷ വേട്ടയുടെ രാഷ്ട്രീയവും" സെമിനാറില്‍ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെ രമയെയോ മറ്റാരെയെങ്കിലുമോ പരാമര്‍ശിച്ചിട്ടില്ല. ഒരുകൂട്ടം മാധ്യമങ്ങള്‍ പിന്തുടരുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധ നിലപാടിനെയാണ് വിമര്‍ശിച്ചത്. ജില്ലയില്‍ രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ രക്തസാക്ഷികളാകേണ്ടിവന്ന 55 സിപിഐ എം പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ കണ്ണുനീരും വേദനയും മാധ്യമങ്ങള്‍ കാണാത്തതിനെയാണ് വിമര്‍ശിച്ചത്. ഇതിലപ്പുറം ഒരു ഉദ്ദേശ്യം ആ പ്രസംഗത്തിന് ഉണ്ടായിരുന്നില്ല.

അക്രമത്തിനും അനീതിക്കുമെതിരെ നിലപാട് സ്വീകരിച്ചു മുന്നോട്ടുവരുന്ന സ്ത്രീകളുടെ പ്രവര്‍ത്തനത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഐ എം എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഡല്‍ഹി തെരുവില്‍ തെരുവുനാടകം അവതരിപ്പിക്കവെ രഷ്ട്രീയ ശത്രുക്കളാല്‍ കൊലചെയ്യപ്പെട്ട സഫ്ദര്‍ഹാഷ്മിയുടെ ഭാര്യ മാലശ്രീ ഹാഷ്മി ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കകം രംഗത്തുവന്ന് അതേ തെരുവില്‍ ഭഭര്‍ത്താവിന്റെ ദൗത്യം പൂര്‍ത്തീകരിച്ചതിനെ അഭിനന്ദിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ സമീപനമാണ് പൊതു ജീവിതത്തില്‍ ഉടനീളം സ്വീകരിച്ചിട്ടുള്ളതെന്നുകൂടി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.



deshabhimani 280612

1 comment:

  1. ഒഞ്ചിയം: മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള സര്‍വകക്ഷി യോഗതീരുമാനം അവഗണിച്ച് ഒഞ്ചിയത്തെ പാര്‍ടി വിരുദ്ധ സംഘം വീണ്ടും അക്രമങ്ങള്‍ അഴിച്ചുവിടുന്നു. രണ്ട് സിപിഐ എം പ്രവര്‍ത്തകരെ സംഘം അക്രമിച്ചു. നെല്ലോളി രാജീവനെയും വണ്ണാറത്ത്താഴെ പ്രദീപനേയുമാണ് പാര്‍ടി വിരുദ്ധ സംഘം ബുധനാഴ്ച ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. ഓര്‍ക്കാട്ടേരി അങ്ങാടിയില്‍വച്ച് ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് രാജീവനെതിരെ അക്രമം. പരിക്കേറ്റ അദ്ദേഹത്തെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ReplyDelete