Thursday, June 21, 2012

പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അച്ഛന്റെ കത്ത്


കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണ(32)നെ വധിച്ച കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛന്‍ എം ഗോപാലന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തുറന്ന കത്തയച്ചു. സംഭവത്തില്‍ മുസ്ലിംലീഗ് നേതാക്കളും ജനപ്രതിനിധികളും ഇടപെട്ട് അന്വേഷണം വഴിതെറ്റിച്ചതിന്റെ വിശദാംശങ്ങളും കത്തില്‍ വിവരിച്ചു. മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മകനെ മതഭ്രാന്ത് ബാധിച്ച ചിലര്‍ കൊലപ്പെടുത്തുകയായിരുന്നു. വാടകക്കൊലയാളികളെയാണ് ഉപയോഗിച്ചത്. സംഭവത്തിന്റെ ആസൂത്രണം പെണ്‍കുട്ടിയുടെ ബന്ധുക്കളും സമുദായത്തിലെ ചിലരും ചേര്‍ന്നാണെന്ന് കണ്ടെത്തി. തുടരന്വേഷണം മുസ്ലിംലീഗ് ഉന്നതര്‍ ഇടപെട്ട് അട്ടിമറിച്ചു. കൊലയാളികള്‍ക്ക് സംരക്ഷണവും നല്‍കി. 2002 ഫെബ്രുവരിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ഹബീബ് റഹ്മാനും അന്നത്തെ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് പി ബി അബ്ദുള്‍റസാഖും (ഇപ്പോഴത്തെ മഞ്ചേശ്വരം എംഎല്‍എ) ദുബായിലേക്ക് പോയി മുഖ്യപ്രതിയെ കണ്ട് സുരക്ഷിത താവളവുമൊരുക്കി. എന്‍ഡിഎഫ് പ്രവര്‍ത്തകരായ കുറ്റവാളികള്‍ എല്ലാവരും എന്‍ എ നെല്ലിക്കുന്നിന്റെ (ഇന്നത്തെ കാസര്‍കോട് എംഎല്‍എ) സംരക്ഷണയിലുമായിരുന്നു. മുഖ്യപ്രതിയുടെ വിവാഹത്തിനും മറ്റും എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍റസാഖ്, കോണ്‍ഗ്രസ് നേതാവായ പാദൂര്‍ കുഞ്ഞാമു എന്നിവര്‍ സഹായിച്ചതായി സംശയമുണ്ടെന്നും കത്തില്‍ പറഞ്ഞു.

പ്രതികള്‍ക്ക് ജാമ്യം നേടിക്കൊടുക്കുന്നതിലും ഇവര്‍ക്ക് പങ്കാളിത്തമുണ്ട്. ലീഗ് മന്ത്രിമാരായിരുന്ന ചെര്‍ക്കളം അബ്ദുള്ള, സി ടി അഹമ്മദലി എന്നിവര്‍ക്ക് ഈ വിവരങ്ങള്‍ അറിയാമായിരുന്നിട്ടും കുറ്റവാളികളെ പിടിക്കാന്‍ സഹകരിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അയച്ച എട്ട് പേജടങ്ങുന്ന കത്ത് ഫയലില്‍നിന്ന് കാണാതായതിലും ചിലര്‍ക്ക് പങ്കുണ്ട്. കേസ് സിബിഐ പത്തു വര്‍ഷത്തോളം അന്വേഷിച്ചെങ്കിലും സൂത്രധാരനെന്ന് സംശയിക്കുന്ന മേല്‍പറമ്പിലെ പാറക്കല്‍ അബ്ദുള്ള, മമ്മു അബ്ദുള്ള (പെണ്‍കുട്ടിയുടെ അമ്മാവന്മാര്‍) രണ്ട് പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയ ജമീല, അവരുടെ സഹോദരി എന്നിവരെ നിയമത്തിന് മുന്നിലെത്തിക്കാനായില്ല. കൊലയാളികള്‍ക്ക് നല്‍കിയ പ്രതിഫല സംഖ്യയുടെയും മുഖ്യപ്രതിയുടെ വ്യാജ പാസ്പോര്‍ട്ടിന്റെയും ഉറവിടവും കണ്ടെത്തിയില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ല. വിവാദസ്വഭാവമുള്ള കൊലപാതകങ്ങള്‍ പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മകന്റെ അരുംകൊലയും പുനരന്വേഷിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതെന്നും ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്തില്‍ ഗോപാലന്‍ പറഞ്ഞു.

deshabhimani 210612

No comments:

Post a Comment