ധനവകുപ്പ് പ്രണബ് മുഖര്‍ജി ഒഴിഞ്ഞതോടെ സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികള്‍ കൂടുതല്‍ തീവ്രമാക്കാന്‍ പ്രധാനമന്ത്രി കാര്യാലയം നീക്കം തുടങ്ങി. പ്രണബ് സ്വീകരിച്ച നയസമീപനങ്ങളോട് കോര്‍പറേറ്റ് മേഖലയ്ക്കുണ്ടായ നീരസം ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരിട്ടാണ് നടപടികള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ടെലികോം രംഗത്തെ വിദേശകുത്തകയായ വൊഡാഫോണ്‍ സര്‍ക്കാരിനു നല്‍കേണ്ട 11,200 കോടി രൂപ നികുതിയുടെ കാര്യത്തില്‍ ധനമന്ത്രാലയം പുനരാലോചന തുടങ്ങി. വൊഡാഫോണിന് അനുകൂലമായി നികുതി വേണ്ടെന്നുവയ്ക്കുകയോ അതല്ലെങ്കില്‍ യഥാര്‍ഥ തുകയില്‍ ഗണ്യമായ വെട്ടിക്കുറവ് വരുത്തുകയോ ചെയ്യുമെന്നാണ് സൂചന.
വിദേശനിക്ഷേപകരുടെ നികുതിവെട്ടിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെ പ്രണബ് ബജറ്റില്‍ പ്രഖ്യാപിച്ച പൊതു ഒഴിവാക്കല്‍വിരുദ്ധ ചട്ടങ്ങളില്‍ (ഗാര്‍) നിര്‍ദേശിച്ച ഭേദഗതികളിലും പ്രധാനമന്ത്രി മാറ്റംവരുത്തും. ധനമന്ത്രാലയം കഴിഞ്ഞദിവസം പുറപ്പെടുവിച്ച കരട് ഗാര്‍ മാനദണ്ഡങ്ങള്‍ തങ്ങളുടെ അറിവോടെയല്ലെന്ന് പ്രധാനമന്ത്രി കാര്യാലയം വെള്ളിയാഴ്ച പ്രസ്താവനയിറക്കി. കരട് മാനദണ്ഡങ്ങള്‍ പ്രധാനമന്ത്രി കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി കൂടി പരിശോധിച്ചിട്ടേ അന്തിമ മാനദണ്ഡങ്ങള്‍ നിലവില്‍ വരികയുള്ളൂവെന്നും പിഎംഒ പ്രസ്താവനയില്‍ വ്യക്തമാക്കി. ധനമന്ത്രാലയം ഇപ്പോള്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളെ വന്‍കിട കോര്‍പറേറ്റുകള്‍ എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍.
ഹച്ച് ടെലികോം കമ്പനി വൊഡാഫോണ്‍ ഏറ്റെടുത്തപ്പോള്‍ നികുതിയിനത്തില്‍ 11,200 കോടി രൂപ അടയ്ക്കണമെന്ന് നികുതിവകുപ്പ് ആവശ്യപ്പെട്ടിരുന്നു. 2007ല്‍ കേമാന്‍ ദ്വീപില്‍ വച്ചായിരുന്നു ഹച്ച്-വൊഡാഫോണ്‍ ഇടപാട്. വിദേശത്തു നടന്ന ഇടപാടായതിനാല്‍ നികുതി നല്‍കേണ്ടതില്ലെന്നായിരുന്നു വൊഡാഫോണിന്റെ നിലപാട്. സുപ്രീംകോടതി അവര്‍ക്ക് അനുകൂലമായി വിധിയും പുറപ്പെടുവിച്ചു. എന്നാല്‍, പ്രണബ് മുഖര്‍ജി മുന്‍കൈയെടുത്ത് നികുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു. വിദേശത്ത്നടന്നാലും ഇന്ത്യന്‍ സ്വത്ത് ഉള്‍പ്പെടുന്ന ഏത് ഇടപാടിനും കേന്ദ്രത്തിന് നികുതി നല്‍കണമെന്നായിരുന്നു ഭേദഗതി. ഇതിന് മുന്‍കാല പ്രാബല്യവും കൊണ്ടുവന്നു. ഇതോടെ വൊഡാഫോണ്‍ നികുതി നല്‍കേണ്ട സ്ഥിതിയായി. നികുതി ഏതുവിധേനയും ഒഴിവാക്കാന്‍ യുപിഎ സര്‍ക്കാരില്‍ വൊഡാഫോണ്‍ സമ്മര്‍ദം ചെലുത്തവെയാണ് പ്രണബ് രാഷ്ട്രപതി സ്ഥാനാര്‍ഥിയായത്. ധനവകുപ്പ് പ്രധാനമന്ത്രി ഏറ്റെടുക്കുക കൂടി ചെയ്തതോടെ വിദേശകുത്തകയ്ക്ക് കാര്യങ്ങള്‍ എളുപ്പവുമായി. വൊഡാഫോണ്‍ നികുതി വിഷയത്തില്‍ തിടുക്കത്തില്‍ നടപടിയൊന്നും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി കാര്യാലയവൃത്തങ്ങള്‍ വ്യക്തമാക്കി.
ഗാര്‍ ചട്ട മാനദണ്ഡങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് പിഎംഒ അറിയിച്ചതും വിദേശനിക്ഷേപകരെ തൃപ്തിപ്പെടുത്താനാണ്. മൗറീഷ്യസ് ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവച്ചിട്ടുള്ള ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിന്റെ മറവില്‍ നികുതിവെട്ടിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഗാര്‍ ചട്ടങ്ങള്‍ കൊണ്ടുവന്നത്. കോര്‍പറേറ്റ് സമ്മര്‍ദത്തെ തുടര്‍ന്ന് ഗാര്‍ ചട്ടങ്ങള്‍ നടപ്പാക്കുന്നത് ഒരുവര്‍ഷത്തേക്ക് സര്‍ക്കാര്‍ മാറ്റിയിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി ധനവകുപ്പിലേക്ക് എത്തിയതോടെ ഗാര്‍ ചട്ടങ്ങള്‍ പൂര്‍ണമായും കുഴിച്ചുമൂടപ്പെടുമെന്നാണ് കോര്‍പറേറ്റ് ലോകത്തിന്റെ പ്രതീക്ഷ. പ്രധാനമന്ത്രി ധനവകുപ്പ് ഏറ്റെടുത്തതോടെ കോര്‍പറേറ്റ് മാധ്യമങ്ങളും ആവേശത്തിലാണ്. തൊണ്ണൂറുകളിലെ സ്വപ്നസംഘം മടങ്ങിയെത്തിയെന്നാണ് മന്‍മോഹന്റെയും മൊണ്ടേക്സിങ് അലുവാലിയയുടെയും സി രംഗരാജന്റെയും കാരിക്കേച്ചര്‍ സഹിതം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഒരു കുത്തകമാധ്യമത്തിന്റെ നിരീക്ഷണം.
(എം പ്രശാന്ത്)
deshabhimani 300612
ധനവകുപ്പ് പ്രണബ് മുഖര്‍ജി ഒഴിഞ്ഞതോടെ സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികള്‍ കൂടുതല്‍ തീവ്രമാക്കാന്‍ പ്രധാനമന്ത്രി കാര്യാലയം നീക്കം തുടങ്ങി. പ്രണബ് സ്വീകരിച്ച നയസമീപനങ്ങളോട് കോര്‍പറേറ്റ് മേഖലയ്ക്കുണ്ടായ നീരസം ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരിട്ടാണ് നടപടികള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ടെലികോം രംഗത്തെ വിദേശകുത്തകയായ വൊഡാഫോണ്‍ സര്‍ക്കാരിനു നല്‍കേണ്ട 11,200 കോടി രൂപ നികുതിയുടെ കാര്യത്തില്‍ ധനമന്ത്രാലയം പുനരാലോചന തുടങ്ങി.
ReplyDelete