Wednesday, June 27, 2012

വാഗണ്‍ ഫാക്ടറി: കൃഷിസ്ഥലമല്ലെന്ന് റവന്യുവകുപ്പ് റിപ്പോര്‍ട്ട്


ആലപ്പുഴ: സ്വകാര്യ വാഗണ്‍ ഫാക്ടറിക്കായി സിലിക്ക മണല്‍ നിക്ഷേപമുള്ള തിരുവിഴയിലെ ഇലഞ്ഞി പാടശേഖരം ഏറ്റെടുക്കാന്‍, പാടശേഖരത്ത് കൃഷിയില്ലെന്ന് റവന്യു വകുപ്പില്‍ നിന്ന് സര്‍ക്കാര്‍ എഴുതി വാങ്ങി. ഈ പ്രാഥമിക റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം ഭൂമി ഏറ്റെടുക്കല്‍ വിഭാഗത്തോട് നിര്‍ദേശിച്ചു. 67 ഏക്കര്‍ പാടത്ത് പല ഭാഗങ്ങളിലായി നെല്‍കൃഷി തുടരുമ്പോഴാണ് റവന്യു വകുപ്പ് കൃഷിയില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. ഉന്നതതല ഇടപെടലിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് അറിയുന്നു.

എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റിനോടോ, പഞ്ചായത്തിലെ കൃഷി ഓഫീസറോടോ ഇതു സംബന്ധിച്ച് ഉപദേശമൊന്നും റവന്യൂ അധികൃതര്‍ തേടിയിട്ടില്ലെന്ന് ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബെന്‍സിലാല്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിന്റെ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിന്, ഏറ്റെടുക്കുന്ന 67 ഏക്കര്‍ സ്ഥലത്തെ വീടുകളും മറ്റ് മരങ്ങളും തിട്ടപ്പെടുത്താനാണ് കഴിഞ്ഞ ദിവസം റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചത്. എന്നാല്‍ സ്ഥലത്തെ കര്‍ഷകത്തൊഴിലാളികളും കുടിയൊഴിപ്പിക്കപ്പെടുന്ന വീട്ടുകാരും സംഘത്തെ തടഞ്ഞു. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ഏറ്റവും വിസ്തൃതമായ പാടശേഖരമെന്ന് വികസന രേഖയിലടക്കം ഇടം പിടിച്ച പാടശേഖരമാണിത്. പ്രവര്‍ത്തിക്കുന്ന പാടശേഖര സമിതി ഇന്നും ഇവിടെയുണ്ട്. പഞ്ചായത്ത് ഈ പാടശേഖര സമിതിക്ക് ട്രാക്ടറും ട്രില്ലറും കൃഷി ചെയ്യാനായി നല്‍കിയിട്ടുണ്ട്. രണ്ടു കുടുംബക്കാരുടെ പക്കലുള്ള ഭൂമിയില്‍ മാത്രമാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി കൃഷി മുടങ്ങി കിടക്കുന്നത്. ഈ ഭൂമിയടക്കം വളരെ കുറഞ്ഞ ചെലവില്‍ കൃഷിയോഗ്യമാക്കാനും കഴിയും.

deshabhimani 270612

1 comment:

  1. സ്വകാര്യ വാഗണ്‍ ഫാക്ടറിക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ തിരുവിഴ വള്ളാകുന്നത്തുവെളി ഭാര്‍ഗവി ഉള്‍പ്പെടെ പത്ത് കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്നത് ഇത് രണ്ടാംതവണ. ഓട്ടോകാസ്റ്റിനും തിരുവിഴ റെയില്‍വെസ്റ്റേഷനും വേണ്ടി ഒരിക്കല്‍ കുടിയൊഴിപ്പിക്കപ്പെട്ടവരാണ് വീണ്ടും മറ്റൊരു വികസനത്തിന്റെ പേരില്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നത്. ഓട്ടോകാസ്റ്റ് സ്ഥാപിച്ചപ്പോഴാണ് ഭാര്‍ഗവിയെയും കുടുംബത്തെയുംആദ്യം കുടിയൊഴിപ്പിച്ചത്്. മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ ഇവര്‍ താമസിച്ചിരുന്ന വീടും സ്ഥലവും അന്ന് നഷ്ടമായി. ഇതെ തുടര്‍ന്ന് ഈ തൊഴിലാളികുടുംബം ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ഉണ്ടായിരുന്ന ഭൂമിയില്‍ ചെറിയ വീടുവച്ച് പിന്നീട് താമസിക്കുകയായിരുന്നു. ഇവരാണ് വീണ്ടും കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. വീട് വയ്ക്കാനോ താമസിക്കാനോ ഇനി വേറെ സ്ഥലമില്ല. ഓട്ടോകാസ്റ്റിന് സ്ഥലം വിട്ടുനല്‍കി കുടിയൊഴിപ്പിക്കലിന് വിധേയരായ മൂന്നുകുടുംബങ്ങള്‍കൂടി രണ്ടാമത്തെ ഒഴിപ്പിക്കല്‍ ഭീഷണിയിലുണ്ട്. റെയില്‍പാതയ്ക്കു സ്ഥലം ഏറ്റെടുത്തപ്പോള്‍ ഒഴിപ്പിക്കപ്പെട്ട അഞ്ച് കുടുംബങ്ങളും ഇപ്രകാരം രണ്ടാമത്തെ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നു. സര്‍ക്കാര്‍ ഭൂമി ഓട്ടോകാസ്റ്റിലുള്ളപ്പോള്‍ എന്തിന് ഞങ്ങളെ വീണ്ടും ഒഴിപ്പിച്ച് ഫാക്ടറി ഇവിടേക്ക് കൊണ്ടുവരുന്നുവെന്ന ചോദ്യമാണിവര്‍ ഉയര്‍ത്തുന്നത്. തിരുവിഴ റെയില്‍വെ സ്റ്റേഷന്‍ ഇലഞ്ഞിപാടത്തിന് അടുത്തേക്ക് മാറ്റിസ്ഥാപിക്കുമ്പോള്‍ വേറെ 30ല്‍പരം വീടുകള്‍കൂടി ഒഴിപ്പിക്കേണ്ടിവരും. മൊത്തം 50ല്‍പരം കുടുംബങ്ങളാകും കുടിയൊഴിപ്പിക്കലിന് വിധേയമാവുക. വിശാലമായ നെല്‍കൃഷിയിടവും ഇല്ലാതാകും.

    ReplyDelete