Thursday, June 28, 2012
സ്കൂളുകള്‍ ലീഗ് നേതാക്കളുടേത്
മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച് എയിഡഡ് മേഖലയ്ക്ക് നല്‍കിയ 35 സ്കൂളുകളില്‍ ഭൂരിഭാഗവും മുസ്ലിംലീഗ് നേതാക്കളുടേത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍മുതല്‍ പ്രാദേശിക നേതാക്കള്‍വരെ ഭാരവാഹികളായ ട്രസ്റ്റുകളാണ് സ്കൂളുകള്‍ നടത്തുന്നത്. സ്കൂളുകള്‍ എയ്ഡഡ് ആക്കുകവഴി കോടികളുടെ കോഴയാണ് മാനേജ്മെന്റുകള്‍ ലക്ഷ്യമിട്ടത്. കേന്ദ്രസര്‍ക്കാരിന്റെ മേഖലാ ഊര്‍ജിത വികസന പരിപാടിക്ക്(ഏരിയ ഇന്റന്‍സീവ് ഡെവലെപ്മെന്റ് പ്രോഗ്രാം)കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകളില്‍ 27 എണ്ണം മലപ്പുറം ജില്ലയിലാണ്. മൂന്നെണ്ണം വീതം പാലക്കാട്ടും കോഴിക്കോട്ടും ഒന്ന് വീതം കാസര്‍കോടും വയനാട്ടിലുമാണ്.
ലീഗിന്റെ പഞ്ചായത്ത്- മണ്ഡലം- ജില്ലാ-സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റുകളാണ് സ്കൂളുകള്‍ നടത്തുന്നത്. അതില്‍ പത്തെണ്ണത്തിന്റെ പ്രസിഡന്റോ ചെയര്‍മാനോ പാണക്കാട് തങ്ങളാണ്. കരുവാരക്കുണ്ട് ദാറുനജാത്ത് ഓര്‍ഫനേജ് യുപി സ്കൂളും ഇരുവേറ്റി എളയൂര്‍ എംഎഒയുപിസ്കൂളും നടത്തുന്ന ട്രസ്റ്റിന്റെ ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ്. എടക്കര മുസ്ലിം ഓര്‍ഫനേജിന്റെ കീഴിലുള്ള സ്കൂളിന്റെ പ്രസിഡന്റും തങ്ങള്‍ തന്നെ. എഐഡിപി സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ലീഗിന്റെ ജില്ലാ നേതാവും അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എം സി മുഹമ്മദ് ഹാജിയാണ്. വള്ളുവമ്പ്രത്തുള്ള അത്താണിക്കല്‍ എംഐസിഎല്‍പി സ്കൂള്‍ നടത്തുന്നത് ലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടരിയും കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗവുമായ ടി വി ഇബ്രാഹിം ജനറല്‍ സെക്രട്ടറിയായ ട്രസ്റ്റാണ്. പാണക്കാട് മുനവറലി ശിഹാബ് തങ്ങളാണ് പ്രസിഡന്റ്.
തിരൂരിലുള്ള അഞ്ച് സ്കൂളുകള്‍ അവിടത്തെ പ്രാദേശിക ലീഗ് നേതാക്കളുടെ നിയന്ത്രണത്തിലാണ്. കുറ്റിപ്പുറത്തിനടുത്ത പുറമണ്ണൂര്‍ മജ്ലിസ് എല്‍പി സ്കൂള്‍ ട്രസ്റ്റിന്റെ സെക്രട്ടറി സി പി ഹംസ ലീഗിന്റെ മണ്ഡലം ജോയിന്റ് സെക്രട്ടറിയാണ്. എടപ്പാള്‍ നെല്ലിശ്ശേരി മത്ത്ലാത്ത് മുസ്ലിമീന്‍ എജുക്കേന്‍ ട്രസ്റ്റ് നടത്തുന്ന സ്കൂളിന്റെ പ്രസിഡന്റ് ബാവഹാജി ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി ഭാരവാഹിയാണ്. സെക്രട്ടറി അബ്ദുള്ളക്കുട്ടി ഹാജിയും ലീഗ് നേതാവുതന്നെ. എടവണ്ണപ്പാറ സിഎച്ച് മുഹമ്മദ്കോയ സ്മാരക യുപി സ്കൂള്‍ നടത്തിപ്പ് പ്രാദേശിക നേതാക്കളുടെ കൈയിലാണ്. മക്കരപ്പറമ്പ് മനാര്‍ ഐഡിയല്‍ എല്‍പി സ്കൂള്‍ നടത്തുന്ന ദവാവുല്‍ ഇസ്ലാം ചാരിറ്റബിള്‍ ട്രസ്റ്റ് ലീഗ് നേതാക്കള്‍ ഉള്‍പ്പെടുന്നതാണ്. പറപ്പൂര്‍ വിളയില്‍ സിബിഎം സ്കൂളും മുണ്ടുപറമ്പ് അല്‍ അന്‍സാര്‍ യുപിയും മുസ്ലിംലീഗിനെ തുണക്കുന്ന ഇ കെ വിഭാഗം സുന്നികളുടേതാണ്. എടവണ്ണയിലെ കിഴക്കേ ചാത്തല്ലുര്‍ സ്കൂളും ഇഒഎല്‍പി സ്കുളും ലീഗുകാര്‍ നിയന്ത്രിക്കുന്നു. എളയൂര്‍ എംഎഒയുപി സ്കൂള്‍ ഭാരവാഹികളെല്ലാം ലീഗ് നേതാക്കളാണ്. അരീക്കോട് കുനിയില്‍ അല്‍ അന്‍വാര്‍ യു പിസ്കൂള്‍ നടത്തിപ്പ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ലീഗിന്റെ കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് നാരങ്ങാട് നജീബാണ്.
(ആര്‍ രഞ്ജിത്)
deshabhimani 280612
Subscribe to:
Post Comments (Atom)
ലീഗിന്റെ പഞ്ചായത്ത്- മണ്ഡലം- ജില്ലാ-സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റുകളാണ് സ്കൂളുകള്‍ നടത്തുന്നത്. അതില്‍ പത്തെണ്ണത്തിന്റെ പ്രസിഡന്റോ ചെയര്‍മാനോ പാണക്കാട് തങ്ങളാണ്.
ReplyDelete