Wednesday, June 27, 2012

സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു പറഞ്ഞ 35 സ്കൂള്‍ എയ്ഡഡാക്കി


മന്ത്രിസഭാതീരുമാനം അട്ടിമറിച്ച് മലപ്പുറത്തെ 35 സ്കൂള്‍ എയ്ഡഡ് മേഖലയ്ക്ക് കൈമാറുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഏരിയ ഇന്റന്‍സീവ് ഡെവലപ്മെന്റ് പ്രോഗ്രാമിനുകീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകള്‍ സര്‍ക്കാര്‍ സ്കൂള്‍ ആക്കി മാറ്റാനായിരുന്നു കഴിഞ്ഞ 13നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. എന്നാല്‍,സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചെന്ന് ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയവെ ചൊവ്വാഴ്ച നിയമസഭയില്‍ വിദ്യാഭ്യാസമന്ത്രി പറയുകയായിരുന്നു. തുടര്‍ന്ന് നിയമസഭ പ്രക്ഷുബ്ധമായി.

ഈ തീരുമാനത്തിനുപിന്നില്‍ കോടികളുടെ അഴിമതിയാണെന്ന് ആരോപിച്ച പ്രതിപക്ഷം, വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ബഹിഷ്കരിച്ചു. മന്ത്രിയെ തിരുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി താനാണെന്നും താന്‍ പറഞ്ഞതാണ് ശരിയെന്നും അവകാശപ്പെട്ടു. അതോടെ സ്കൂള്‍പ്രശ്നത്തിലുള്ള ലീഗ്-കോണ്‍ഗ്രസ് ഭിന്നതയും മറനീക്കി. ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത കെ ടി ജലീല്‍ ആണ് പ്രശ്നം ഉന്നയിച്ചത്. ചര്‍ച്ചയ്ക്കു മറുപടി പറയുമ്പോള്‍, കോടിയേരി വീണ്ടും പ്രശ്നം ഉന്നയിച്ചു. അപ്പോഴാണ് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി മറുപടി നല്‍കിയത്.

എന്നാല്‍, വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവില്‍ സര്‍ക്കാര്‍ സ്കൂള്‍ ആക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് അതിന്റെ പകര്‍പ്പ് ഹാജരാക്കി കോടിയേരി വ്യക്തമാക്കി. ഉത്തരവിന്റെ കോപ്പി സ്പീക്കര്‍ക്ക് കൈമാറുകയും ചെയ്തു. മുഖ്യമന്ത്രി ആ സമയത്ത് സഭയില്‍ ഉണ്ടായിരുന്നില്ല. നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം എഴുന്നേറ്റു. ധനാഭ്യര്‍ഥന പിന്‍വലിക്കണമെന്ന് സിപിഐ കക്ഷി നേതാവ് സി ദിവാകരന്‍ പറഞ്ഞു. ഉത്തരവ് താന്‍ കണ്ടിട്ടില്ലെന്നും പരിശോധിച്ചശേഷം പറയാമെന്നും മന്ത്രി പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഉടനെ സഭയിലെത്തിയ മുഖ്യമന്ത്രി മന്ത്രിസഭാതീരുമാനം ഉത്തരവായി ഇറങ്ങിയിട്ടില്ലെന്ന് അറിയിച്ചു. അന്തിമതീരുമാനം എടുത്തിട്ടില്ലെന്നുപറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദ്യാഭ്യാസമന്ത്രിയെ തിരുത്തിയെങ്കിലും വ്യക്തമായ വിശദീകരണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് സഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ വിട്ടത്. മന്ത്രിസഭ തീരുമാനിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ഉത്തരവിറക്കണമെന്നും ഉത്തരവിറക്കാത്തത് അഴിമതിക്കുവേണ്ടിയാണെന്നും കോടിയേരി പറഞ്ഞു.

സ്കൂള്‍ എയ്ഡഡ് ആണോ സര്‍ക്കാര്‍ ആണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും സാമ്പത്തികവശം പരിശോധിച്ച് യുക്തമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തീരുമാനമെടുത്തെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞതെന്നും മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശമാണ് മന്ത്രി പറഞ്ഞതെന്നും ഫയല്‍ ധനവകുപ്പിന്റെ പരിശോധനയിലാണെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനിടെയാണ് "ഞാനാണ് മുഖ്യമന്ത്രി. ഞാന്‍ പറഞ്ഞതാണ് ശരി" എന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടത്. പുതിയതായി ആര്‍ക്കും സ്കൂള്‍ കൊടുത്തിട്ടില്ലെന്ന് പിന്നീട് മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള രീതി തുടരാന്‍ മാത്രമാണ് തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സ്കീം 1993ല്‍ നിര്‍ത്തി. അതിനുശേഷം അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കിവരികയാണ്. ആ രീതി തുടരണമെന്നാണ് തീരുമാനിച്ചതെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇതായിരുന്നു സ്ഥിതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസും ലീഗും പോരില്‍

മന്ത്രിസഭാ തീരുമാനത്തിനു വിരുദ്ധമായി നിയമസഭയെ തെറ്റിദ്ധരിപ്പിച്ച വിദ്യാഭ്യാസമന്ത്രിയുടെ നിലപാടിനെച്ചൊല്ലി കോണ്‍ഗ്രസും ലീഗും തമ്മില്‍ തര്‍ക്കവും വാക്പയറ്റും രൂക്ഷമായി. മലപ്പുറത്തെ 35 സ്കൂള്‍ സര്‍ക്കാര്‍ സ്കൂളാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനു വിരുദ്ധമായി എയ്ഡഡാക്കി മാറ്റുമെന്ന വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ സഭയിലെ പ്രഖ്യാപനമാണ് തര്‍ക്കത്തിന് വഴിവച്ചത്. വിദ്യാഭ്യാസമന്ത്രി പറയുന്നത് ശരിയല്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയായ താന്‍ പറയുന്നതാണ് അവസാന വാക്കെന്നും പറഞ്ഞ് മുഖ്യമന്ത്രി സഭയില്‍ സര്‍ക്കാര്‍നിലപാട് ന്യായീകരിക്കാന്‍ ശ്രമിച്ചു. ഇതേച്ചൊല്ലിയാണ് പിന്നീട് കോണ്‍ഗ്രസും ലീഗും തമ്മിലും രണ്ടു പാര്‍ടികളുടെയും പോഷക സംഘടനകള്‍ തമ്മിലും രൂക്ഷമായ വാഗ്വാദം നടന്നത്. ലീഗ് നിലപാടില്‍ കെപിസിസി നേതൃത്വം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും ഇക്കാര്യത്തിലുള്ള അതൃപ്തി ഉമ്മന്‍ചാണ്ടിയെ അറിയിക്കുകയുംചെയ്തു. എന്നാല്‍, മന്ത്രി കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കള്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെ ന്യായീകരിച്ച് രംഗത്തെത്തി.

സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് കെപിസിസിയിലും യുഡിഎഫിലും ചര്‍ച്ചചെയ്യാതെ പാടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ എംഎല്‍എ ചാനല്‍ചര്‍ച്ചയില്‍ പറഞ്ഞു. വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കിയതായും സതീശന്‍ പറഞ്ഞു. ലീഗിന്റെ അധ്യാപക സംഘടനയായ കെഎസ്ടിയു മുഖ്യമന്ത്രിക്കെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തെത്തി. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കണമെന്നും നിര്‍ദിഷ്ട 35 സ്കൂളിന് എയ്ഡഡ് പദവി നല്‍കുമെന്ന പ്രഖ്യാപനം പാലിക്കണമെന്നും കെഎസ്ടിയു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ കോണ്‍ഗ്രസ് അനുകൂല സംഘടന ജിഎസ്ടിയു മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വിദ്യാഭ്യാസമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് കെഎസ്ടിഎ പ്രസ്താവനയില്‍ പറഞ്ഞു.

മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചു: പ്രതിപക്ഷം

മന്ത്രിസഭാതീരുമാനം വിദ്യാഭ്യാസമന്ത്രി അട്ടിമറിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് കോടിക്കണക്കിന് രൂപയുടെ അഴിമതിക്ക് അവസരമൊരുക്കുന്നു. മന്ത്രിസഭാതീരുമാനം 24 മണിക്കൂറിനകം സര്‍ക്കാര്‍ ഉത്തരവാക്കണമെന്നിരിക്കെ, അത് ചെയ്യാതെ ധനവകുപ്പിന്റെ പരിശോധനയ്ക്ക് ഫയല്‍ അയച്ചെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നിലപാടും ദുരൂഹതയുണര്‍ത്തുന്നതാണ്. അബ്ദുറബ്ബിന് മന്ത്രിയായി തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു. കക്ഷിനേതാക്കളായ സി ദിവാകരന്‍, എ എ അസീസ്, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍ എന്നിവരും കെ ടി ജലീലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വിദ്യാഭ്യാസം വ്യവസായമാക്കി: കെഎസ്യു സ്വാശ്രയ കരാര്‍ കച്ചവടം: എം എസ് എഫ്

മലപ്പുറം: വിദ്യാഭ്യാസവകുപ്പിനെ ചൊല്ലി കെഎസ്യുവും എംഎസ്എഫും തുറന്ന പോരിന്. വിദ്യാഭ്യാസം വ്യവസായമാക്കിയെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിദ്യാഭ്യാസവകുപ്പില്‍ പിന്‍സീറ്റ് ഡ്രൈവിങ് നടക്കുന്നു. പി കെ കുഞ്ഞാലിക്കുട്ടിയുടെ വാര്‍ത്താസമ്മേളനത്തോടെ ഈ ഡ്രൈവര്‍ ആരെന്ന് മനസ്സിലായി. കെഎസ്യുവിന്റെ കണ്ണില്‍ കോലിട്ട് ഇളക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിക്കേണ്ട. ചാനലില്‍ മുഖം വരാനുള്ള തമാശയാണ് കെഎസ്യുവിന്റേതെന്ന പ്രസ്താവന അതിരുകവിഞ്ഞതാണ്. കുഞ്ഞാലിക്കുട്ടിയുടെ തമാശകള്‍ ടിവിയില്‍ കാണിക്കാന്‍ പറ്റാത്തതാണെന്ന് ഓര്‍മവേണം. കെഎസ്യുവിന് വംശനാശം വന്നുവെന്ന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കാത്തതാണ്. കൊണ്ടോട്ടിക്കും കുറ്റിപ്പുറത്തിനും ഇടയില്‍ മാത്രം ജീവിക്കുന്ന വിദ്യാര്‍ഥി സംഘടനയാണ് എംഎസ്എഫെന്നും ജോയി പറഞ്ഞു.

ആരോഗ്യമന്ത്രിയുണ്ടാക്കിയ സ്വാശ്രയ മെഡിക്കല്‍ കരാര്‍ കച്ചവടത്തിനുള്ളതാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് പ്രതികരിച്ചു. ഈ കരാറിനെതിരെ പ്രതികരിക്കാത്ത കെഎസ്യു വിദ്യാഭ്യാസമന്ത്രിക്കെതിരെ രംഗത്തിറങ്ങിയത് ദുരുദ്ദേശ്യപരമാണ്. കെഎസ്യുക്കാര്‍ സിംഹവാലന്‍ കുരങ്ങിന് താഴെയാണ്. വംശനാശത്തിലേക്ക് നീങ്ങുന്ന ജീവികളാണ് കെഎസ്യുക്കാര്‍. ക്യാമ്പസുകളില്‍ ഒറ്റക്ക് മത്സരിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും ഫിറോസ് പറഞ്ഞു.

സെക്രട്ടറിയറ്റിലേക്ക് രാത്രിയില്‍ കെഎസ്യു മാര്‍ച്ച്

സര്‍ക്കാര്‍ സ്കൂളിന് എയ്ഡഡ് പദവി നല്‍കാനുള്ള വിദ്യാഭ്യാസമന്ത്രിയുടെ തീരുമാനത്തിനെതിരെ കെഎസ്യു പ്രവര്‍ത്തകര്‍ രാത്രി സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ഭരണകക്ഷി വിദ്യാര്‍ഥി സംഘടനയുടെ ജില്ലാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മുസ്ലിംലീഗിനും മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിക്കും അബ്ദുറബ്ബിനുമെതിരെ മുദ്രാവാക്യം വിളിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തുനിന്ന് രാത്രി 8.45നാണ് പ്രകടനം ആരംഭിച്ചത്. "പാഠപുസ്തകം കത്തിച്ചവരേ, അധ്യാപകനെ കൊന്നവരേ, കെഎസ്യുവിനെ പഠിപ്പിക്കാന്‍ ലീഗുകാരേ തുനിയേണ്ട" എന്ന മുദ്രാവാക്യം വിളിച്ച് അമ്പതോളം പേര്‍ നടത്തിയ മാര്‍ച്ച് സെക്രട്ടറിയറ്റ് പടിക്കല്‍ സമാപിച്ചു." മതം വേര്‍തിരിക്കാത്ത വിദ്യാലയം, പണം വേര്‍തിരിക്കാത്ത വിദ്യാഭ്യാസം" എന്നതാണ് കെഎസ്യുവിന്റെ മുദ്രാവാക്യമെന്നും കേരളത്തിന്റെ മഹത്തായ ആ പാരമ്പര്യം മുസ്ലിംലീഗ് വിദ്യാഭ്യാസവകുപ്പ് കൈയാളിയതോടെ തകര്‍ന്നെന്നും കെഎസ്യു ജില്ലാ പ്രസിഡന്റ് പി സുല്‍ഫിക്കര്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി ശ്യാംനാഥ്, കോളേജ് യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

കെഎസ്യുവിന്റെ ആക്ഷേപം തമാശ മാത്രം: കുഞ്ഞാലിക്കുട്ടി

വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെക്കുറിച്ചുള്ള കെഎസ്യു നേതാക്കളുടെ ആക്ഷേപം തമാശ മാത്രമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിവി ചാനലുകളില്‍ മുഖം കാണിക്കാനുള്ള സൂത്രപ്പണിയായേ കെഎസ്യുക്കാരുടെ സമരത്തെ കാണുന്നുള്ളൂ. എന്‍എസ്എസും ലീഗുമായുള്ള പ്രശ്നങ്ങള്‍ താല്‍ക്കാലികമാണ്. ചില കാര്യങ്ങളില്‍ അവര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്നാല്‍, സ്ഥായിയായ പ്രശ്നങ്ങളൊന്നും നിലവിലില്ല. വിദ്യാഭ്യാസരംഗത്തുള്‍പ്പെടെ എന്‍എസ്എസ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാണ്. പദ്ധതികള്‍ വിവാദത്തില്‍ മുക്കിയാല്‍ നാം ഇരുട്ടിലാകും. പദ്ധതികള്‍ നടപ്പാകണമെങ്കില്‍ എന്തെങ്കിലുമൊക്കെ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

സംവരണവിഭാഗങ്ങള്‍ക്കടക്കം സീറ്റ് നഷ്ടപ്പെട്ടു: ബേബി

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സ്വാശ്രയ മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ കരാര്‍മൂലം മെഡിക്കല്‍, എന്‍ജിനിയറിങ് കോഴ്സുകളില്‍ സംവരണവിഭാഗങ്ങള്‍ക്കടക്കം നിരവധി സീറ്റുകള്‍ നഷ്ടപ്പെട്ടതായി എം എ ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെഡിക്കലില്‍ 173 സീറ്റും എന്‍ജിനിയറിങ്ങില്‍ 3408 സീറ്റുമാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. മെഡിക്കലില്‍ സ്റ്റേറ്റ് മെറിറ്റില്‍ 111 സീറ്റും എന്‍ജിനിയറിങ്ങില്‍ 2182 സീറ്റും നഷ്ടമായി. പട്ടികജാതി വിഭാഗങ്ങള്‍ക്ക് 14ഉം പട്ടികവര്‍ഗ വിഭാഗിന് മൂന്നും ഈഴവ വിഭാഗത്തിന് 15ഉം മുസ്ലിങ്ങള്‍ക്ക് 14ഉം ലാറ്റിന്‍ കാത്തലിക്സിന് മൂന്നും ബാക്ക്വേഡ് ഹിന്ദുവിന് ഒമ്പതും ബാക്ക്വേഡ് ക്രിസ്ത്യന്‍, കുടുംബി വിഭാഗങ്ങള്‍ക്ക് രണ്ടുവീതവും സീറ്റുകള്‍ മെഡിക്കല്‍ കോഴ്സില്‍ നഷ്ടപ്പെട്ടു. എന്‍ജിനിയറിങ്ങിന് പട്ടികവിഭാഗത്തിന് 272ഉം പട്ടികവര്‍ഗത്തിന് 68ഉം ഈഴവ വിഭാഗത്തിന് 307ഉം മുസ്ലിങ്ങള്‍ക്ക് 272ഉം ലാറ്റിന്‍ കാത്തലിക്സിന് 68ഉം ബാക്ക്വേഡ് ഹിന്ദുക്കള്‍ക്ക് 171 സീറ്റും നഷ്ടമായി. വിവരാവകാശനിയമപ്രകാരമാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും എം എ ബേബി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ ലീഗിന്റെ സമാന്തര ഭരണം: വി മുരളീധരന്‍

കോഴിക്കോട്: വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിംലീഗിന്റെ സമാന്തരഭഭരണമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയത്. ബിജെപി കോഴിക്കോട് മേഖലാ കണ്‍വന്‍ഷനെത്തിയപ്പോള്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സ്വന്തം താല്‍പര്യം സംരക്ഷിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നത്. മന്ത്രിസഭാ തീരുമാനം ലംഘിച്ചുള്ള നടപടികളാണ് വിദ്യാഭ്യാസ മന്ത്രി എടുക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. മുസ്ലിംലീഗിനും കേരള കോണ്‍ഗ്രസ്സിനും മുന്‍തൂക്കമുള്ള ഭരണമാണിപ്പോള്‍ നടക്കുന്നതെന്നും മുരളീധരന്‍പറഞ്ഞു.

deshabhimani 270612

1 comment:

  1. സഭയിലെത്തിയ മുഖ്യമന്ത്രി മന്ത്രിസഭാതീരുമാനം ഉത്തരവായി ഇറങ്ങിയിട്ടില്ലെന്ന് അറിയിച്ചു. അന്തിമതീരുമാനം എടുത്തിട്ടില്ലെന്നുപറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദ്യാഭ്യാസമന്ത്രിയെ തിരുത്തിയെങ്കിലും വ്യക്തമായ വിശദീകരണം നല്‍കാന്‍ തയ്യാറായില്ല.

    ReplyDelete