Friday, June 22, 2012

ഗോഡൗണുകളില്‍ അരി കെട്ടിക്കിടന്നു നശിക്കുന്നു


സംസ്ഥാനത്ത് അരിവില കുതിക്കുന്നതിനിടെ ഫുഡ് കോര്‍പറേഷന്‍ ഗോഡൗണുകളില്‍ അരിയും ഗോതമ്പും കെട്ടിക്കിടന്ന് നശിക്കുന്നു. കേരളത്തിലെ 22 എഫ്സിഐ ഡിപ്പോകളിലായി 5.13 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം സൂക്ഷിക്കാം. എന്നാല്‍, ഇതിനകം ഗോഡൗണുകളിലെ ഭക്ഷ്യധാന്യങ്ങളുടെ അളവ് 5.25 ലക്ഷം ടണ്‍കവിഞ്ഞു. നിരവധി വാഗണുകള്‍ ഡിപ്പോകളുടെ സമീപം ചരക്ക് ഇറക്കാന്‍ കഴിയാതെ ആഴ്ചകളായി കാത്തുകിടക്കുന്നു. സംസ്ഥാനത്തെ എല്ലാ എഫ്സിഐ ഗോഡൗണുകളിലും വരാന്തയിലും പുറത്തുമെല്ലാം അരിച്ചാക്കുകള്‍ കുന്നുകൂടിയിട്ടുണ്ട്.

ഗോഡൗണുകള്‍ക്കുള്ളില്‍ നിന്നുതിരിയാന്‍ ഇടമില്ലാത്തവിധം അരിച്ചാക്ക് സൂക്ഷിച്ചിരിക്കുന്നതിനാല്‍ കീടബാധ അകറ്റാനുള്ള മരുന്നുപ്രയോഗവും അസാധ്യമായി. അടിത്തട്ടിലുള്ള ചാക്കുകളില്‍ പുഴുവരിച്ച് തുടങ്ങി. വരാന്തയില്‍ കൂട്ടിയിട്ട അരിച്ചാക്കുകള്‍ ടാര്‍പോളിന്‍കൊണ്ട് പൂര്‍ണമായി മൂടാന്‍ കഴിയില്ല. ഇതോടെ മഴയില്‍ കുതിര്‍ന്നും അരിയും ഗോതമ്പും നശിക്കുന്നു. മുകള്‍ത്തട്ടില്‍ ടാര്‍പോളിന്‍ ഇട്ടാലും താഴെയുള്ള ചാക്കുകള്‍ മഴയില്‍ നയുമെന്നതാണ് അവസ്ഥ. വരാന്തയില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതോടെ അടിത്തട്ടിലെ ചാക്കുകള്‍ പൂര്‍ണമായി നശിക്കും. സ്റ്റോക്ക് ഇറക്കാനാകാതെ വാഗണുകള്‍ കാത്തുകിടക്കുന്ന വകയില്‍ റെയില്‍വേയ്ക്ക് ലക്ഷങ്ങള്‍ നല്‍കേണ്ട അവസ്ഥയിലാണ് ഫുഡ്് കോര്‍പറേഷന്‍. കഴിഞ്ഞമാസംമാത്രം ഈയിനത്തില്‍ നാലരക്കോടി രൂപയാണ് എഫ്സിഐ അധികൃതര്‍ നല്‍കിയത്. ഈ മാസത്തെ ചെലവ് ഇതിനേക്കാള്‍ വര്‍ധിക്കും. കാസര്‍കോട് ജില്ലയിലെ നീലേശ്വരം ഗോഡൗണിലേക്ക് 16ന് എത്തിയ 21 വാഗണ്‍ അരിയും 22 വാഗണ്‍ ഗോതമ്പും ഇനിയും ഇറക്കിയിട്ടില്ല. വാഗണ്‍ മാറ്റാത്തതിനാല്‍, ഇവിടേക്ക് പിന്നാലെ എത്തിയ 42 വാഗണുകള്‍ കാഞ്ഞങ്ങാട്ട് പിടിച്ചിട്ടിരിക്കയാണ്.

കൊല്ലത്ത് ഗോഡൗണില്‍ ഇടമില്ലാത്തതിനാല്‍ 21 വാഗണ്‍ ഗോതമ്പും 22 വാഗണ്‍ അരിയും ഇനിയും ഇറക്കിയിട്ടില്ല. അങ്കമാലി ഡിപ്പോയില്‍ 17 ദിവസത്തെ കാത്തിരിപ്പിനുശേഷം ബുധനാഴ്ചയാണ് വാഗണുകളിലെ ധാന്യങ്ങള്‍ ഇറക്കിയത്. അതിനുപിന്നാലെ 42 വാഗണുകള്‍ എത്തി. ഇത് മാറ്റാന്‍ ഒരുമാസമെങ്കിലും വേണ്ടിവരും. കോഴിക്കോട് തിക്കോടിയിലെ ഗോഡൗണിലേക്ക് എത്തിയ വാഗണുകളില്‍നിന്ന് ചാക്കുകള്‍ ഇറക്കാന്‍ ഒന്നരമാസമെങ്കിലും വേണ്ടിവരും. തൃശൂരില്‍ ലോഡ് ഇറക്കി ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ വാഗണുകള്‍ എത്തി.

തിരുവനന്തപുരം കഴക്കൂട്ടത്തും വലിയതുറയിലും അരിയും ഗോതമ്പും നിറഞ്ഞ ചാക്കുകള്‍ വരാന്തയില്‍ സൂക്ഷിച്ചിരിക്കയാണ്. വലിയതുറയില്‍ ടാര്‍പോളിന്‍ വാങ്ങാന്‍പോലും അധികൃതര്‍ തയ്യാറായില്ല. ഏറെ ആലോചനകള്‍ക്കുശേഷം കഴിഞ്ഞദിവസം മാത്രമാണ് ടാര്‍പോളിന്‍ എത്തിയത്. നശിച്ചുതുടങ്ങുന്ന അരിയാണ് ഗോഡൗണുകളില്‍നിന്ന് ആദ്യം വിതരണംചെയ്യുക. സംസ്ഥാനത്തിന് പുതുതായി അനുവദിക്കുന്ന അരി ഇതില്‍നിന്നാകും. റേഷന്‍കടകളിലും സ്കൂള്‍ ഉച്ചഭക്ഷണത്തിനും ഇത്തരം മോശം അരി എത്തുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കും. പട്ടികജാതി- പട്ടികവര്‍ഗ ഹോസ്റ്റലുകള്‍ക്കും മറ്റും സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരിയും പുഴുവരിച്ച സ്റ്റോക്കില്‍നിന്നാകും.
(ആര്‍ സാംബന്‍)

deshabhimani 220612

1 comment:

  1. സംസ്ഥാനത്ത് അരിവില കുതിക്കുന്നതിനിടെ ഫുഡ് കോര്‍പറേഷന്‍ ഗോഡൗണുകളില്‍ അരിയും ഗോതമ്പും കെട്ടിക്കിടന്ന് നശിക്കുന്നു. കേരളത്തിലെ 22 എഫ്സിഐ ഡിപ്പോകളിലായി 5.13 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം സൂക്ഷിക്കാം. എന്നാല്‍, ഇതിനകം ഗോഡൗണുകളിലെ ഭക്ഷ്യധാന്യങ്ങളുടെ അളവ് 5.25 ലക്ഷം ടണ്‍കവിഞ്ഞു. നിരവധി വാഗണുകള്‍ ഡിപ്പോകളുടെ സമീപം ചരക്ക് ഇറക്കാന്‍ കഴിയാതെ ആഴ്ചകളായി കാത്തുകിടക്കുന്നു. സംസ്ഥാനത്തെ എല്ലാ എഫ്സിഐ ഗോഡൗണുകളിലും വരാന്തയിലും പുറത്തുമെല്ലാം അരിച്ചാക്കുകള്‍ കുന്നുകൂടിയിട്ടുണ്ട്.

    ReplyDelete