Monday, June 25, 2012

1000 കോടി സബ്സിഡിയോടെ 20 ലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതി


രാജ്യത്തെ ഭക്ഷ്യധാന്യശേഖരത്തില്‍നിന്ന് ജനങ്ങള്‍ക്ക് ഒരുമണിപോലും കൊടുക്കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍ 1000 കോടി രൂപ സബ്സിഡിയോടെ 20 ലക്ഷം ടണ്‍ ഗോതമ്പ് വിദേശത്തേക്ക് കയറ്റി അയക്കാന്‍ ഒരുങ്ങുന്നു. സംഭരിച്ച് സൂക്ഷിക്കാന്‍ സ്ഥലമില്ലെന്ന കാരണംപറഞ്ഞാണ് ഏക പോംവഴിയായി സബ്സിഡിയോടെയുള്ള കയറ്റുമതിയെന്ന "പ്രതിവിധി" കണ്ടുപിടിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച 30 ലക്ഷം ടണ്‍ ഗോതമ്പ് തുറന്നവിപണിയില്‍ വിറ്റഴിക്കാന്‍ മന്ത്രിസഭാസമിതി തീരുമാനിച്ചിരുന്നു. 1900 കോടി രൂപയാണ് ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുക. ക്വിന്റലിന് 1170 രൂപ നിരക്കിലാണ് ആട്ടനിര്‍മാണ കമ്പനികള്‍ക്കും ഭക്ഷ്യസംസ്കരണ വ്യവസായികള്‍ക്കും ഗോതമ്പ് വില്‍ക്കുന്നത്. കയറ്റുമതിയിലൂടെ 20 ലക്ഷം ഗോതമ്പുകൂടി സര്‍ക്കാര്‍ ചെലവില്‍ വിറ്റഴിക്കുമ്പോള്‍ 3000 കോടി രൂപയോളം ഈയിനത്തില്‍ ചെലവഴിക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് ഇത് ജനങ്ങള്‍ക്ക് വിതരണംചെയ്യാന്‍ നടപടിയെടുത്തിരുന്നെങ്കില്‍ വിലക്കയറ്റത്തിന് അല്‍പ്പമെങ്കിലും ആശ്വാസമുണ്ടായേനെ.

അന്താരാഷ്ട്രവിപണിയില്‍ ഗോതമ്പുവില ഇന്ത്യയിലെ വിലയേക്കാള്‍ കുറവാണെന്നതാണ് സബ്സിഡി നല്‍കുന്നതിനുള്ള ന്യായം. വാണിജ്യമന്ത്രാലയത്തിനുകീഴിലുള്ള സ്റ്റേറ്റ് ട്രേഡിങ് കോര്‍പറേഷനാണ് ഗോതമ്പ് കയറ്റുമതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇതിനകം ഏഴ് ടെന്‍ഡര്‍ ലഭിച്ചതായാണ് വിവരം. 6.3 കോടി ടണ്‍മാത്രം സംഭരിക്കാന്‍ ശേഷിയുള്ള രാജ്യത്തെ ഗോഡൗണുകളിലും പുറത്തുമായി ഇപ്പോള്‍ 8.2 കോടി ടണ്‍ ഭക്ഷ്യധാന്യമാണ് സൂക്ഷിച്ചിരിക്കുന്നത്. മഴയേറ്റ് ധാന്യം നശിക്കാതിരിക്കാനാണ് വന്‍ തുക ചെലവഴിച്ച് ഗോതമ്പ് വന്‍കിടവ്യവസായികള്‍ക്കും വിദേശരാജ്യങ്ങള്‍ക്കുമായി വിറ്റഴിക്കുന്നത്. അമ്പതുലക്ഷം ടണ്‍ ഭക്ഷ്യധാന്യം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കാനും നേരത്തെ തീരുമാനിച്ചിരുന്നു. ഗോതമ്പ് കിലോയ്ക്ക് 4.15 രൂപയ്ക്കും അരി കിലോയ്ക്ക് 5.65 രൂപയ്ക്കുമാണ് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കുക. എന്നാല്‍, വന്‍കിട മില്ലുകാര്‍ക്കും ഭക്ഷ്യസംസ്കരണ വ്യവസായികള്‍ക്കും ഗോതമ്പ് നല്‍കുന്നത് കിലോയ്ക്ക് 11.70 രൂപയ്ക്കാണ്. ഇത് വ്യവസായികള്‍ക്കും മില്ലുകാര്‍ക്കുമെത്തിക്കാനുള്ള ചെലവും കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്. ബിപിഎല്‍ വിഭാഗം ഒഴികെയുള്ള 72.50 ശതമാനം ജനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കില്ല. സൂക്ഷിക്കാനിടമില്ലാതെ നശിക്കുന്ന ഭക്ഷ്യധാന്യം വിദേശികള്‍ക്ക് കൊടുത്താലും ഇന്ത്യന്‍ ജനതയ്ക്ക് നല്‍കില്ലെന്ന പിടിവാശിയിലാണ് യുപിഎ സര്‍ക്കാര്‍.

deshabhimani 250612

1 comment:

  1. രാജ്യത്തെ ഭക്ഷ്യധാന്യശേഖരത്തില്‍നിന്ന് ജനങ്ങള്‍ക്ക് ഒരുമണിപോലും കൊടുക്കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍ 1000 കോടി രൂപ സബ്സിഡിയോടെ 20 ലക്ഷം ടണ്‍ ഗോതമ്പ് വിദേശത്തേക്ക് കയറ്റി അയക്കാന്‍ ഒരുങ്ങുന്നു. സംഭരിച്ച് സൂക്ഷിക്കാന്‍ സ്ഥലമില്ലെന്ന കാരണംപറഞ്ഞാണ് ഏക പോംവഴിയായി സബ്സിഡിയോടെയുള്ള കയറ്റുമതിയെന്ന "പ്രതിവിധി" കണ്ടുപിടിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച 30 ലക്ഷം ടണ്‍ ഗോതമ്പ് തുറന്നവിപണിയില്‍ വിറ്റഴിക്കാന്‍ മന്ത്രിസഭാസമിതി തീരുമാനിച്ചിരുന്നു. 1900 കോടി രൂപയാണ് ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുക. ക്വിന്റലിന് 1170 രൂപ നിരക്കിലാണ് ആട്ടനിര്‍മാണ കമ്പനികള്‍ക്കും ഭക്ഷ്യസംസ്കരണ വ്യവസായികള്‍ക്കും ഗോതമ്പ് വില്‍ക്കുന്നത്. കയറ്റുമതിയിലൂടെ 20 ലക്ഷം ഗോതമ്പുകൂടി സര്‍ക്കാര്‍ ചെലവില്‍ വിറ്റഴിക്കുമ്പോള്‍ 3000 കോടി രൂപയോളം ഈയിനത്തില്‍ ചെലവഴിക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് ഇത് ജനങ്ങള്‍ക്ക് വിതരണംചെയ്യാന്‍ നടപടിയെടുത്തിരുന്നെങ്കില്‍ വിലക്കയറ്റത്തിന് അല്‍പ്പമെങ്കിലും ആശ്വാസമുണ്ടായേനെ.

    ReplyDelete