Wednesday, June 20, 2012

ഇരകള്‍ക്ക് വന്‍ സാമ്പത്തികസഹായം ലഭിച്ചുവെന്ന് അന്വേഷണസംഘം


ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പീഡനത്തിനിരയായവര്‍ക്ക് വന്‍തോതില്‍ സാമ്പത്തിക സഹായം ലഭിച്ചതായി പ്രത്യേകാന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇരകളും സാക്ഷികളുമായ റജീന, റജുല, റോസ്ലിന്‍, ബിന്ദു എന്നിവരടക്കമുള്ളവര്‍ക്ക് പണവും സഹായവും കിട്ടിയതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭം അട്ടിമറിച്ചതു സംബന്ധിച്ച് അന്വേഷിച്ച പ്രത്യേകാന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍, പണത്തിന്റെ ഒഴുക്കുണ്ടായതായി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പണം നല്‍കി കേസ് അട്ടിമറിച്ചെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് ഈ കണ്ടെത്തല്‍. തെളിവുകളില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിച്ച് കേസ് എഴുതിത്തള്ളണമെന്ന അന്വേഷണസംഘ റിപ്പോര്‍ട്ട് 14ന് കോഴിക്കോട് ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

പീഡനത്തിനിരയായവരും സാക്ഷികളുമായ യുവതികള്‍ക്ക് സാമ്പത്തികസഹായം കിട്ടിയത് കേസ് അട്ടിമറിക്കാനാണെന്ന് തെളിയിക്കാനായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പണം ധാരാളമായി പ്രവഹിച്ചതും സാമ്പത്തികസഹായം വഴിവിട്ട രീതിയിലുണ്ടായതും കണ്ടെത്തിയിട്ടും ഇത് കേസ് തകിടംമറിയാന്‍ കാരണമാണെന്ന് സ്ഥാപിക്കാനാവുന്നില്ലെന്നാണ് പൊലീസ് ഭാഷ്യം. കേസില്‍ ഇരകളും സാക്ഷികളുമായ യുവതികളെ സ്വാധീനിക്കാന്‍ കോടികള്‍ ഒഴുക്കിയതായി ആക്ഷേപമുണ്ടായിരുന്നു. കോടികള്‍ ചെലവിട്ടതിന്റെ കണക്ക്, ഗൂഢാലോചനയും അട്ടിമറിയും വെളിപ്പെടുത്തിയ പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ എ റൗഫും പുറത്തുവിട്ടിരുന്നു. ഒന്നാം സാക്ഷിയായ റജീനയടക്കമുള്ളവരുടെ സാമ്പത്തികസ്ഥിതി, ഗള്‍ഫിലേക്ക് പോയ സാഹചര്യം, ഇതിനുള്ള ചെലവുകള്‍ ഇതെല്ലാം അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുള്ളതായാണ് വിവരം. ഇരകള്‍ ഉള്‍പ്പെടെ പലരെയും ചോദ്യംചെയ്താണ് വിവരം ശേഖരിച്ചത്. പന്തീരാങ്കാവിനടുത്ത് 14 സെന്റ് സ്ഥലത്ത് റജീന പുതിയ വീട് പണിതതും എസി അടക്കമുള്ള ആധുനിക സൗകര്യങ്ങളൊരുക്കിയതും അന്വേഷണ സംഘത്തിനു മുമ്പിലെത്തിയിരുന്നു. റജീന എസി കാര്‍ സ്വന്തമാക്കിയതുമെല്ലാം മുമ്പ് വാര്‍ത്തയായിരുന്നു.

ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ പത്തുകോടിയോളം രൂപ ചെലവഴിച്ചതായാണ് നേരത്തെ ആരോപണമുയര്‍ന്നിരുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്കായാണ് പകുതി തുക വിനിയോഗിച്ചത്. ന്യായാധിപര്‍ക്കും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും മറ്റുമായും നല്ലൊരു ഭാഗം പണം നല്‍കി. പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരും പങ്കുപറ്റി. കേസിന്റെ കുറ്റപത്രം തിരുത്തല്‍, മൊഴിമാറ്റിക്കല്‍, സാക്ഷികളെ വിദേശത്തേക്കു കടത്തല്‍, ഇവരുടെ വിവാഹം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായും പണം കൈമാറ്റമുണ്ടായി. വാഹനങ്ങള്‍, വീട്, ഫ്ളാറ്റ്, തോട്ടമടക്കമുള്ള സ്വത്തുക്കള്‍ എന്നിവയായും തുക മറിഞ്ഞു.
(പി വി ജീജോ)

deshabhimani 220612

1 comment:

  1. ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പീഡനത്തിനിരയായവര്‍ക്ക് വന്‍തോതില്‍ സാമ്പത്തിക സഹായം ലഭിച്ചതായി പ്രത്യേകാന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇരകളും സാക്ഷികളുമായ റജീന, റജുല, റോസ്ലിന്‍, ബിന്ദു എന്നിവരടക്കമുള്ളവര്‍ക്ക് പണവും സഹായവും കിട്ടിയതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭം അട്ടിമറിച്ചതു സംബന്ധിച്ച് അന്വേഷിച്ച പ്രത്യേകാന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍, പണത്തിന്റെ ഒഴുക്കുണ്ടായതായി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പണം നല്‍കി കേസ് അട്ടിമറിച്ചെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് ഈ കണ്ടെത്തല്‍. തെളിവുകളില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിച്ച് കേസ് എഴുതിത്തള്ളണമെന്ന അന്വേഷണസംഘ റിപ്പോര്‍ട്ട് 14ന് കോഴിക്കോട് ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

    ReplyDelete