Thursday, June 21, 2012
ജ്വലിക്കുന്ന ഓര്‍മയില്‍ സമരയൗവനങ്ങളുടെ രക്തസാക്ഷ്യം
ബൂര്‍ഷ്വാമാധ്യമങ്ങളുടെയും വലതുപക്ഷശക്തികളുടെയും വിഷലിപ്തമായ കള്ളപ്രചാരണങ്ങള്‍ പേമാരിപോലെ പെയ്തിറങ്ങിയാലും കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തെ ജീവരക്തംനല്‍കിയും മുന്നോട്ടുനയിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് ജില്ലയിലെ സമരയൗവനങ്ങളുടെ രക്തസാക്ഷ്യം. സ്ഥിതിസമത്വത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ച കുറ്റത്തിന് അരുംകൊലചെയ്യപ്പെട്ട ധീരരക്തസാക്ഷികളുടെ കുടുംബങ്ങള്‍കൂടി ഒത്തുചേര്‍ന്നതോടെ "ഇടതുപക്ഷവേട്ടയ്ക്കും മാധ്യമകോടതിക്കുമെതിരെ" ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച "രക്തസാക്ഷ്യം" പുതുചരിത്രമെഴുതി.
ബുധനാഴ്ച വൈകിട്ട് 5.30ന് പാളയത്തുനിന്ന് ആരംഭിച്ച പടുകൂറ്റന്‍പ്രകടനത്തിനുശേഷം ഗാന്ധിപാര്‍ക്കില്‍ചേര്‍ന്ന മഹാസമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാപ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പുരോഗമനപ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ബലിയര്‍പ്പിച്ച രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണകള്‍ അലയടിച്ചുയര്‍ന്ന വികാരനിര്‍ഭരമായ സമ്മേളനവേദിയില്‍ അവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു. വന്നെത്താന്‍ കഴിയാത്ത കുടുംബാംഗങ്ങള്‍ അവരുടെ അഭിവാദ്യങ്ങള്‍ അറിയിച്ചു. നരുവാമൂട് രക്തസാക്ഷികള്‍ ചന്ദ്രന്‍, സുദര്‍ശനന്‍, കരുമം തുളസി, ധനപാലന്‍, രാജീവ് പ്രസാദ്, കിളിമാനൂര്‍ രതീഷ്, വിഷ്ണു, രാജേഷ്, സക്കീര്‍, അജയ്, ദില്‍ഷാദ്, ഫിലിപ്പ് റൊസാരിയോ, കൊച്ചുരാജന്‍, റഹീം, ഹരിദാസന്‍ എന്നിവരുടെ പേരുകള്‍ രക്തസാക്ഷ്യവേദിയില്‍ ഉയര്‍ന്നപ്പോള്‍ ആയിരങ്ങളുടെ കണ്ഠത്തില്‍നിന്നും "രക്തസാക്ഷി മരിക്കുന്നില്ലെന്" ഇടിമുഴക്കമാര്‍ന്ന മുദ്രാവാക്യംമുഴങ്ങി. രക്തസാക്ഷ്യത്തിന് ആവേശമായി ഡിവൈഎഫ്ഐയുടെ മുന്‍നേതാക്കളും പുരോഗമനപ്രസ്ഥാനത്തിന്റെ നേതാക്കളുമെത്തിച്ചേര്‍ന്നിരുന്നു. യോഗത്തില്‍ ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് ബി ബിജു അധ്യക്ഷനായി.
മാധ്യമ-വലതുപക്ഷ കൂട്ടുകെട്ടിന്റെ ലക്ഷ്യം കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കല്‍: പി ശ്രീരാമകൃഷ്ണന്‍
മാധ്യമങ്ങളും വലതുപക്ഷശക്തികളും ഇടതുപക്ഷപ്രസ്ഥാനത്തിനെതിരെ നടത്തുന്ന വിഷലിപ്തമായ കള്ളപ്രാചരണത്തിനും വേട്ടയാടലിനും പിന്നിലുള്ള ലക്ഷ്യം കേരളത്തിലെ കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കലാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇടതുപക്ഷവേട്ടയ്ക്കും മാധ്യമകോടതിക്കുമെതിരെ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച രക്തസാക്ഷ്യം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി പി ചന്ദ്രശേഖരന്റെ കൊലപാതകം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനായി നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയാണ്. ഇതുപക്ഷപ്രസ്ഥാനത്തെ തകര്‍ക്കാന്‍ പറ്റുന്ന നല്ലൊരവസരമായാണ് ബൂര്‍ഷ്വാമാധ്യമങ്ങളും വലതുപക്ഷശക്തികളും ഈ സന്ദര്‍ഭത്തെ ഉപയോപ്പെടുത്തുന്നത്. കൊലപാതകത്തില്‍ സിപിഐ എമ്മിന് ഒരു പങ്കുമില്ലെന്ന് വ്യക്തമാക്കിയിട്ടും അതു വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ ഒന്നരമാസമായി ഓരോദിവസവും പുതിയ കള്ളപ്രാചരണങ്ങളാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഐതിഹാസികമായ സമരചരിത്രമുള്ള കണ്ണൂരിലെ പാര്‍ടിഗ്രാമങ്ങളെ ഉഗാണ്ടയിലെ ഏതോ ഗ്രമത്തെപ്പോലെയാണ് ചിത്രീകരിക്കുന്നത്. കൊലയാളികളാണ് കമ്യൂണിസ്റ്റുകാരെന്നും പ്രചരിപ്പിക്കുന്നു. വലതുപക്ഷശക്തികളുടെയും വര്‍ഗീയശക്തികളുടെയും കൊലക്കത്തിക്ക് ഇരയായവര്‍ ഏറ്റവും കൂടുതലുള്ളത് ഈ പ്രസ്ഥാനത്തിലാണെന്നുള്ള യാഥാര്‍ഥ്യത്തിനുനേരെ മുഖംതിരിക്കുകയാണ് മാധ്യമങ്ങള്‍.
കേരളത്തില്‍ പി ടി ചാക്കോയുടെ നേതൃത്വത്തില്‍ ക്രിസ്റ്റഫര്‍ സേന രൂപീകരിച്ചാണ് കൊലപാതകരാഷ്ട്രീയം ആരംഭിച്ചത്. കോണ്‍ഗ്രസുകാരും ലീഗുകാരും കൊന്നാലും കൊലവിളി നടത്തിയാലും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല. അടിയന്തരാവസ്ഥയിലും ഗൂഢാലോചനക്കുറ്റം ചുമത്തി കമ്യൂണിസ്റ്റുകാരെ വേട്ടയാടിയിരുന്നു. ഇന്നും അതുതന്നെയാണ് നടക്കുന്നത്. 1957ലെ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഐഎ സഹായമുണ്ടായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു. മുപ്പതിനായിരത്തോളം മാധ്യമപ്രവര്‍ത്തകര്‍ സിഐഎയുടെ പണംപറ്റി ലോകത്തെ വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിഐഎതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കോര്‍പറേറ്റുകള്‍ക്കും വര്‍ഗീയശക്തികള്‍ക്കുമെതിരെ പോരാടുന്ന ഇടതുപക്ഷത്തെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യമാണ് കള്ളപ്രചാരണങ്ങള്‍ക്കു പിന്നിലെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ആവേശമായി രക്തസാക്ഷ്യം കേരളത്തില്‍ മാധ്യമങ്ങളുടെ പരസ്യ ഗൂഢാലോചന: എന്‍ മാധവന്‍കുട്ടി
നീലേശ്വരം: ഇടതുപക്ഷത്തിനെതിരായി വലതുപക്ഷ മാധ്യമങ്ങളുടെ പരസ്യ ഗൂഢാലോചനയാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ദേശാഭിമാനി കണ്‍സള്‍ട്ടിങ് എഡിറ്ററുമായ എന്‍ മാധവന്‍കുട്ടി പറഞ്ഞു. സിപിഐ എമ്മിനെ തകര്‍ക്കാനുള്ള അവസാന യുദ്ധമാണിതെന്ന നിലയിലാണ് വലതുപക്ഷത്തിന് വേണ്ടി പേനയുന്തുന്ന പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും പ്രവര്‍ത്തിക്കുന്നത്. നീചമായ ഇത്തരം ആക്രമണങ്ങള്‍കൊണ്ട് തകരുന്നതല്ല തൊഴിലാളിവര്‍ഗ പ്രസ്ഥാനമെന്ന ചരിത്ര സത്യം മറച്ചുവച്ചാണ് ഇവരുടെ പാഴ്വേല. ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക്കമ്മിറ്റി നഗരത്തില്‍ സംഘടിപ്പിച്ച രക്തസാക്ഷ്യം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മാധവന്‍കുട്ടി.
നുണ പ്രചാരണത്തിലൂടെ വേട്ടയാടി കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാന്‍ ഹിറ്റ്ലര്‍ക്കുപോലും സാധിച്ചിട്ടില്ലെന്ന് മാധ്യമ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ മറവിലാണ് വന്‍തോതിലുള്ള കടന്നാക്രമണം. അതില്‍ പാര്‍ടിക്ക് ബന്ധമില്ലെന്ന് പലവട്ടം പറഞ്ഞിട്ടും അവര്‍ സമ്മതിക്കുന്നില്ല. ഒഞ്ചിയത്ത് നൂറുകണക്കിന് വീടുകള്‍ തകര്‍ന്നതും ഓഫീസുകള്‍ ആക്രമിക്കപ്പെട്ടതും ഈ മാധ്യമങ്ങള്‍ കാണുന്നില്ല. തിരുവനന്തപുരത്ത് നിയാസ് എന്ന വിദ്യാര്‍ഥിയെ പതിനഞ്ചോളം പൊലീസുകാര്‍ വളഞ്ഞിട്ട് തല്ലിയത് സമീപകാല കേരളം കണ്ട ഏറ്റവും മൃഗീയ മര്‍ദനമായിരുന്നു. അതൊന്നും ഈ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് പറയുമ്പോള്‍തന്നെ ഇവരുടെ ലക്ഷ്യമെന്തെന്ന് മനസിലാക്കാം. മുമ്പൊക്കെ ചില മറയുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ പരസ്യമായി അവര്‍ അക്രമത്തിന് കോപ്പുകൂട്ടുകയാണ്. ഇതിനെ ഗൂഢാലോചനയെന്ന് വിളിക്കാന്‍ പറ്റില്ല. പരസ്യമായത് എങ്ങനെ ഗൂഢമാകും. മാധ്യമങ്ങളുടെ ഈ പരസ്യമുഖം തിരിച്ചറിഞ്ഞില്ലെങ്കില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ ഇല്ലാതാകും- മാധവന്‍കുട്ടി പറഞ്ഞു.
ഇടതുപക്ഷ വേട്ടക്കും മാധ്യമ കോടതിക്കുമെതിരെ പ്രതിരോധം തീര്‍ക്കാനുള്ള ആഹ്വാനവുമായി സംഘടിപ്പിച്ച രക്തസാക്ഷ്യത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കാളികളായി. പരിപാടി പ്രഖ്യാപിച്ചതുമുതല്‍ വലതുപക്ഷ മാധ്യമങ്ങളിലൂടെ നടന്ന അപവാദ പ്രചാരണങ്ങള്‍ തള്ളിയാണ് നൂറുകണക്കിനാളുകള്‍ ബുധനാഴ്ച വൈകിട്ട് നീലേശ്വരം നഗരത്തില്‍ ഒത്തുകൂടിയത്. ചീമേനി രക്തസാക്ഷി കുടുംബാംഗങ്ങളും സംസ്ഥാനത്തെ കമ്യൂണിസ്റ്റ് കാരണവരായ കെ എം കുഞ്ഞിക്കണ്ണന്‍ ഉള്‍പ്പെടെയുള്ളവരും സന്നിഹിതരായി. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് സി സുരേശന്‍ അധ്യക്ഷനായി. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ പ്രേംനാഥ്, ജില്ലാസെക്രട്ടറി സിജി മാത്യു, പ്രസിഡന്റ് മധു മുതിയക്കാല്‍, വി കെ രാജന്‍, ടി കെ രവി, എം രാജന്‍ എന്നിവരും സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി പ്രകാശന്‍ സ്വാഗതം പറഞ്ഞു.
deshabhimani 210612
Labels:
ഇടതുപക്ഷം,
ഡി.വൈ.എഫ്.ഐ
Subscribe to:
Post Comments (Atom)
ബൂര്‍ഷ്വാമാധ്യമങ്ങളുടെയും വലതുപക്ഷശക്തികളുടെയും വിഷലിപ്തമായ കള്ളപ്രചാരണങ്ങള്‍ പേമാരിപോലെ പെയ്തിറങ്ങിയാലും കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തെ ജീവരക്തംനല്‍കിയും മുന്നോട്ടുനയിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് ജില്ലയിലെ സമരയൗവനങ്ങളുടെ രക്തസാക്ഷ്യം. സ്ഥിതിസമത്വത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ച കുറ്റത്തിന് അരുംകൊലചെയ്യപ്പെട്ട ധീരരക്തസാക്ഷികളുടെ കുടുംബങ്ങള്‍കൂടി ഒത്തുചേര്‍ന്നതോടെ "ഇടതുപക്ഷവേട്ടയ്ക്കും മാധ്യമകോടതിക്കുമെതിരെ" ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച "രക്തസാക്ഷ്യം" പുതുചരിത്രമെഴുതി
ReplyDelete