Friday, June 29, 2012

റോഡില്‍ തടഞ്ഞ് അറസ്റ്റ് നാടകം ; പൊലീസ് ഭീകരത


ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെടുത്തി സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനെ കള്ളക്കേസെടുത്ത് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാവിലെ മോഹനനെ വാഹനത്തില്‍ പിന്തുടര്‍ന്ന് ദേശീയപാതയില്‍ തടഞ്ഞുനിര്‍ത്തി നാടകീയമായി അറസ്റ്റുചെയ്യാനായിരുന്നു പൊലീസിന്റെ ശ്രമം. എന്നാല്‍, ജനാധിപത്യവിരുദ്ധമായ ഈ നീക്കത്തെ ഒപ്പമുണ്ടായിരുന്ന സിപിഐ എം നേതാക്കള്‍ ചോദ്യംചെയ്തു. തുടര്‍ന്ന്, പ്രത്യേക അന്വേഷണസംഘത്തിന്റെ ക്യാമ്പ് ഓഫീസില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വടകര മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്യായമായ അറസ്റ്റുവിവരം അറിഞ്ഞ് വടകരയിലെത്തിയ സിപിഐ എം പ്രവര്‍ത്തകരെ ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്യുകയും ഗ്രനേഡ് എറിയുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥപ്രകാരമുള്ള നാടകീയ സംഭവങ്ങളുടെ തുടക്കം. സിപിഐ എം മുന്‍ ജില്ലാ സെക്രട്ടറി എം ദാസന്റെ ചരമവാര്‍ഷികദിനത്തിന്റെ ഭാഗമായി രാവിലെ ചോറോട്ടെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയിലും അനുസ്മരണയോഗത്തിലും പങ്കെടുത്ത് മറ്റ് നേതാക്കള്‍ക്കൊപ്പം കോഴിക്കോട്ടേക്ക് വരികയായിരുന്നു മോഹനന്‍. ദേശീയപാതയില്‍ കൊയിലാണ്ടി മിനി സിവില്‍സ്റ്റേഷനടുത്ത് എത്തിയപ്പോള്‍ മോഹനന്‍ സഞ്ചരിച്ച കാര്‍ പ്രത്യേകാന്വേഷകസംഘാംഗമായ തലശേരി ഡിവൈഎസ്പി എ പി ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ തടഞ്ഞു. കൊടുംകുറ്റവാളിയെ പിടികൂടുന്നതിന് സമാനമായ നീക്കത്തെ, തൊട്ടുപിന്നിലെ കാറിലുണ്ടായിരുന്ന പാര്‍ടി ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നേതാക്കള്‍ എതിര്‍ത്തു. നിയമവിരുദ്ധനടപടിക്ക് കാരണം അന്വേഷിച്ചപ്പോള്‍ പൊലീസ് ഒന്നും വിശദീകരിച്ചില്ല.

റോഡില്‍നിന്ന് പിടികൂടുന്നതിലെ ജനാധിപത്യവിരുദ്ധത ചോദ്യംചെയ്യപ്പെട്ടപ്പോള്‍ പൊലീസ് മോഹനനെയും നേതാക്കളെയും അടുത്തുള്ള കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന്, ഉദ്യോഗസ്ഥരുമായി സംസാരിച്ച് പാര്‍ടി ജില്ലാ കമ്മിറ്റിയുടെ കാറില്‍ വടകരയിലെ റൂറല്‍ എസ്പി ഓഫീസിലെത്തിച്ചു. പിന്നീട് തൊട്ടടുത്തുള്ള പ്രത്യേകാന്വേഷകസംഘത്തിന്റെ ക്യാമ്പ് ഓഫീസില്‍ കൊണ്ടുപോയി. ഈ സമയം സംസ്ഥാനസെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തിയും എംഎല്‍എമാരടക്കമുള്ള നേതാക്കളും അന്വേഷകസംഘത്തിലെ എഐജി അനൂപ് കുരുവിള ജോണുമായി സംസാരിച്ചു. എന്നാല്‍, കസ്റ്റഡിയിലെടുക്കുന്നതിന്റെ കാരണമോ വഴിതടഞ്ഞ് പിടിക്കാനുള്ള ശ്രമമോ എന്തിനെന്ന് വ്യക്തമാക്കിയില്ല.

ചോദ്യംചെയ്യലിനുശേഷം രണ്ടുമണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. വൈകിട്ട് നാലരയ്ക്ക് വടകര മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. മജിസ്ട്രേട്ട് എം ഷുഹൈബ് ഏഴുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊലപാതകം, ഗൂഢാലോചന, പ്രതികളുമായി ഫോണില്‍ ബന്ധപ്പെടല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. വിവിധ ടെലിവിഷന്‍ ചാനലുകള്‍ സംഭവം തുടക്കംമുതല്‍ തത്സമയം റിപ്പോര്‍ട്ടുചെയ്യാന്‍ എത്തിയിരുന്നു. ഭരണതലത്തിലുള്ള ഇടപെടലിന്റെ ഭാഗമായി പൊലീസും ഒരുപറ്റം മാധ്യമങ്ങളും ആസൂത്രണംചെയ്തതായിരുന്നു അറസ്റ്റുനാടകമെന്ന് തെളിയിക്കുന്നതായിരുന്നു ചാനലുകളുടെ സാന്നിധ്യം.

സിപിഐ എമ്മിന്റെ ജില്ലയിലെ ഉന്നതനേതാക്കളിലൊരാളായ മോഹനനെ കേസില്‍ കുടുക്കാനുള്ള ഗൂഢാലോചന ചന്ദ്രശേഖരന്റെ കൊല നടന്ന് അടുത്തദിവസംമുതല്‍ സജീവമായിരുന്നു. ആര്‍എംപിക്കാരും യുഡിഎഫും മോഹനനെ അറസ്റ്റുചെയ്യുമെന്ന് പ്രചരിപ്പിച്ചു. ഒരു വിഭാഗം മാധ്യമങ്ങളും പ്രതിയാണെന്നവിധത്തില്‍ വാര്‍ത്ത നല്‍കി. അന്യായ അറസ്റ്റുവിവരം അറിഞ്ഞ് ആയിരങ്ങള്‍ വടകര പുതുപ്പണത്തെ എസ്പി ഓഫീസിനടുത്തെത്തി. വൈകിട്ട് കോടതിയില്‍ ഹാജരാക്കുന്ന വിവരമറിഞ്ഞ് എത്തിയവരെ കോടതിക്കുമുന്നിലെ റോഡില്‍ രണ്ടുതവണ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. ഇതില്‍, സ്കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ഥികളടക്കം ഒട്ടേറെപേര്‍ക്ക് പരിക്കുണ്ട്. കോടതിയിലെത്തിച്ച പി മോഹനനെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അഭിവാദ്യംചെയ്തു. വടകര ടൗണില്‍ പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിലും ബഹുജനരോഷവും പ്രതിഷേധവുമുണ്ടായി. അറസ്റ്റില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കോഴിക്കോട് ജില്ലയില്‍ സിപിഐ എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

സിപിഐ എമ്മിനെതിരെ യുഡിഎഫ് സര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനം: കാരാട്ട്

ന്യൂഡല്‍ഹി: സിപിഐ എമ്മിനെതിരെ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കോഴിക്കോട്ട് സിപിഐ എം നേതാവ് പി മോഹനനെ അറസ്റ്റുചെയ്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെയും പൊലീസിന്റെയും ഈ യുദ്ധപ്രഖ്യാപനത്തെതുടര്‍ന്നാണ് സിപിഐ എം നേതാക്കളെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുന്നത്. ഇതിനെതിരെ ജനരോഷം ശക്തമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ഈ നടപടിയെ ചെറുക്കുമെന്നും കാരാട്ട് പറഞ്ഞു. സിപിഐ എമ്മിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് വടകരയിലെ സംഭവമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

മോഹനന്റെ അറസ്റ്റ് മുന്‍കൂട്ടിയുള്ള തിരക്കഥ: പിണറായി

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനെ അറസ്റ്റുചെയ്തതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആര്‍എംപിക്കുവേണ്ടി കോണ്‍ഗ്രസ് നേതാക്കളും ഭരണാധികാരികളുമാണ് വളരെ നേരത്തെ തിരക്കഥ തയ്യാറാക്കിയത്. ഇത്തരം അറസ്റ്റും വേട്ടയാടലുംകൊണ്ട് സിപിഐ എമ്മിനെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും പിണറായി പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലി പുത്തരിക്കണ്ടം മൈതാനിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

വടകര കോടതിയുടെ പരിസരത്ത് വെള്ളിയാഴ്ച പ്രകോപനം സൃഷ്ടിച്ചത് ആര്‍എംപിക്കാരാണ്. പൊലീസ് കൂട്ടുനിന്നു. പി മോഹനനെപ്പോലൊരു നേതാവിനെ കള്ളക്കേസില്‍ പിടികൂടുമ്പോള്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തും. അത് സ്വാഭാവികമാണ്. ആര്‍എംപിക്കാരെ പൊലീസ് കോടതിയുടെ മുന്നില്‍ നേരത്തെതന്നെ നിര്‍ത്തിയിരുന്നു. സിപിഐ എം പ്രവര്‍ത്തകരും ആര്‍എംപിക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. അതില്‍ ഇടപെട്ട് സിപിഐ എം പ്രവര്‍ത്തകരെ പൊലീസ് തല്ലുകയായിരുന്നു.

തിരുവഞ്ചൂരിന്റെ പൊലീസ് സിപിഐ എമ്മിനെ വേട്ടയാടാന്‍ പുറപ്പെട്ടതിന്റെ ഫലമാണ് മോഹനന്റെ അറസ്റ്റ്. അദ്ദേഹത്തെപ്പോലൊരു പാര്‍ടിനേതാവിനെ ഭീകരരെ പിടിക്കുന്നതുപോലെ പിടികൂടേണ്ട കാര്യമെന്താണ്. ഏതാനും നേതാക്കളെ കേസില്‍പ്പെടുത്തിയാല്‍ തകരുന്ന പാര്‍ടിയല്ല ഇത്. എത്രയെത്ര നേതാക്കളെ ഏതെല്ലാം കേസുകളില്‍ മുമ്പും പെടുത്തിയിട്ടുണ്ട്. അതിന്റെ ഫലമായി പാര്‍ടി തകര്‍ന്നുപോയോ. ജനങ്ങളാണ് സിപിഐ എമ്മിന്റെ കരുത്ത്. അതിനുമുന്നില്‍ ഒരു പൊലീസിനും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. കൂത്തുപറമ്പ് വെടിവയ്പ് നടന്ന ദിവസത്തെ ജനരോഷം നാട് കണ്ടതല്ലേ. സിപിഐ എമ്മിനെ തച്ചുതകര്‍ത്ത് ഇല്ലാതാക്കാന്‍ കഴിയുമോയെന്നാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുംകൂടി ഇപ്പോള്‍ നോക്കുന്നത്. കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാര്‍ടികള്‍ ഇതേപ്പറ്റി ചിന്തിക്കണം. സിപിഐ എമ്മിനെപ്പോലുള്ള ഒരു പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനശൈലി ശരിയാണോയെന്ന് അതിന്റെ കൂടെനില്‍ക്കുന്നവര്‍ ആലോചിക്കണം.

ഇത്തരം ഒത്തിരി വേട്ടയാടല്‍ നേരിട്ട പാരമ്പര്യമാണ് ഈ പാര്‍ടിക്കുള്ളത്. ഇത്തരം രീതികള്‍ക്കൊന്നും ഈ പ്രസ്ഥാനത്തെ തകര്‍ക്കാനാകില്ല. അതിന് ആഭ്യന്തരവകുപ്പിന്റെ കൈയിലുള്ള പൊലീസ് തികയാതെവരും. മാന്യമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തണമെന്നതുമാത്രമാണ് ഞങ്ങളുടെ ആഗ്രഹം.പാര്‍ടിയെ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തകരും പാര്‍ടിബന്ധുക്കളും തയ്യാറാകുമെന്നും പിണറായി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ അധ്യക്ഷനായി.

വ്യക്തമായത് ഉമ്മന്‍ചാണ്ടിയുടെ കാടന്‍രീതി: നേതാക്കള്‍

വടകര: സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം പി മോഹനനെ നടുറോഡില്‍ തടഞ്ഞ് സിനിമാസ്റ്റൈലില്‍ അറസ്റ്റുചെയ്യാനുള്ള പൊലീസ്ശ്രമം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ സമീപനവും കാടന്‍ രീതിയുമാണ് വ്യക്തമാക്കുന്നതെന്ന് പാര്‍ടി സംസ്ഥാനസെക്രട്ടറിയറ്റംഗങ്ങളായ വി വി ദക്ഷിണമൂര്‍ത്തി, എളമരംകരീം, ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

നിരോധിക്കപ്പെട്ട സംഘടനകളെയും ഭീകരരെയും വേട്ടയാടുന്നതുപോലെയാണ് പൊലീസ് രംഗത്തെത്തിയത്. അത്യന്തം ആപത്ക്കരവും നിയമവിരുദ്ധവുമായ നിലപാടാണ് സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. ഇത് പ്രതിഷേധാര്‍ഹമാണ്. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ടിയെയും നേതാക്കളെയും കള്ളക്കേസില്‍ കുടുക്കാനുള്ള ഗൂഢാലോചനയുടെ ഒടുവിലത്തെ നീക്കമാണ് മോഹനന്റെ അറസ്റ്റ്. യുഡിഎഫും വലതുപഷ മാധ്യമങ്ങളും ആവിഷക്രിച്ച തിരക്കഥയിലൂടെയാണ് അന്വേഷണം നീങ്ങുന്നത്. രാഷ്ട്രീയ അജന്‍ഡയിലൂടെ ചന്ദ്രശേഖരന്റെ കൊല പാര്‍ടിയെ തകര്‍ക്കാനുള്ള ആയുധമാക്കുന്നുവെന്നതിന് ആവര്‍ത്തിച്ചുള്ള തെളിവാണിത്- നേതാക്കള്‍ പറഞ്ഞു. നിയമവിധേയമായും ജനാധിപത്യത്തെ മാനിച്ചും പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം. എന്നാല്‍ സര്‍ക്കാരും പൊലീസും കാട്ടുന്നത് കാടന്‍സമീപനമാണ്. അതാണ് വെള്ളിയാഴ്ച രാവിലെ കൊയിലാണ്ടിയില്‍ കാര്‍ തടഞ്ഞ് വളഞ്ഞ് മോഹനനെ അറസ്റ്റ്ചെയ്യാനുണ്ടായ ശ്രമം. നിയമവിരുദ്ധമായ പൊലീസ്നടപടിക്ക് ആഭ്യന്തരമന്ത്രി മറുപടി പറയണം. ജനനേതാവിനെ അറസ്റ്റ്ചെയ്യാന്‍ എന്തിന് ഇത്തരമൊരു നാടകം ആവിഷകരിച്ചുവെന്ന് വ്യക്തമാക്കണം.

കൊലനടന്ന് അടുത്തദിവസങ്ങള്‍ക്കകം പൊലീസിന്റെ മൊഴിയെന്ന പേരില്‍ ചില മാധ്യമങ്ങള്‍ മോഹനനെതിരെ വാര്‍ത്തകള്‍ കൊടുത്തു. യുഡിഎഫ് നേതാക്കളും ആര്‍എംപിക്കാരും മോഹനനെതിരെ ആരോപണമുന്നയിച്ചു. അന്വേഷണം കേന്ദ്രആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ളവരാണ് നയിക്കുന്നതെന്ന ആക്ഷേപം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ അറസ്റ്റും. പരലുകളല്ല വന്‍സ്രാവുകള്‍ പിടിയിലാകുമെന്ന് പറഞ്ഞ മുല്ലപ്പള്ളി പാര്‍ടിനേതാക്കളെ കുടുക്കാനുള്ള തന്ത്രത്തിനാണ് അണിയറയില്‍ ചരടുവലിക്കുന്നത്. ഇഷ്ടക്കാരായ ഒരുപറ്റം മാധ്യമങ്ങളെ മുന്‍കൂറായി അറിയിച്ചായിരുന്നു പൊലീസ് നീക്കമെന്നത് ഗൂഢാലോചനയുടെ ആഴം വിശദമാക്കുന്നു. പൊലീസ് ശാസ്ത്രീയമായി അന്വേഷിച്ച് കുറ്റവാളികളെ പിടിക്കുന്നതിന് പാര്‍ടി എതിരല്ല. നീതിപൂര്‍വമായ അന്വേഷണം രാഷ്ട്രീയപ്രേരിതമായി മാറ്റാനുള്ള നീക്കമാണ് ഭരണസ്വാധീനമുപയോഗിച്ച് തുടരുന്നത്. ഇത് ജനശക്തിയെ അണിനിരത്തി നേരിടും. പൊലീസിന്റെ തെറ്റായശൈലിയെ എതിര്‍ക്കാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.

deshabhimani 300612

1 comment:

  1. ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെടുത്തി സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനെ കള്ളക്കേസെടുത്ത് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാവിലെ മോഹനനെ വാഹനത്തില്‍ പിന്തുടര്‍ന്ന് ദേശീയപാതയില്‍ തടഞ്ഞുനിര്‍ത്തി നാടകീയമായി അറസ്റ്റുചെയ്യാനായിരുന്നു പൊലീസിന്റെ ശ്രമം. എന്നാല്‍, ജനാധിപത്യവിരുദ്ധമായ ഈ നീക്കത്തെ ഒപ്പമുണ്ടായിരുന്ന സിപിഐ എം നേതാക്കള്‍ ചോദ്യംചെയ്തു. തുടര്‍ന്ന്, പ്രത്യേക അന്വേഷണസംഘത്തിന്റെ ക്യാമ്പ് ഓഫീസില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വടകര മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്യായമായ അറസ്റ്റുവിവരം അറിഞ്ഞ് വടകരയിലെത്തിയ സിപിഐ എം പ്രവര്‍ത്തകരെ ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്യുകയും ഗ്രനേഡ് എറിയുകയും ചെയ്തു.

    ReplyDelete