Wednesday, June 20, 2012
തിരുവഞ്ചൂരിന്റെ പിതൃവാത്സല്യം
ഞായറാഴ്ചയായിരുന്നു പിതൃദിനമെങ്കിലും തിങ്കളാഴ്ച സഭയിലെത്തുമ്പോള്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൈയില്‍ "പിതൃവാത്സല്യം" കരുതിയിരുന്നു. തലസ്ഥാനത്ത് അക്രമം കാട്ടിയ വിദ്യാര്‍ഥികളോട് പിതൃവാത്സല്യത്തോടെയാണ് പെരുമാറിയതെന്നാണ് ഇ പി ജയരാജന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി തിരുവഞ്ചൂര്‍ പറഞ്ഞത്. മുഖംനോക്കാതെ നടപടിയെടുക്കുന്ന പൊലീസാണെന്നും പറയുന്നു. കുറ്റം പറയാനാകില്ല- സഭയ്ക്കുപുറത്ത് മുഖം നോക്കാതെയും കാണിക്കാതെയുമാണ് പൊലീസ് പിതാക്കന്മാര്‍ സമരംചെയ്യുന്ന കുട്ടികളോട് വാത്സല്യം കാണിച്ചത്. വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്ന ഈ പിതൃസ്നേഹത്തെ പ്രതിപക്ഷനേതാവ് സഭയില്‍ തുറന്നുകാട്ടി.
പൊലീസ് ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച വിദ്യാര്‍ഥികളെ സന്ദര്‍ശിക്കുകയോ അവര്‍ക്ക് മതിയായ ചികിത്സ നല്‍കുകയോ ചെയ്യാതിരിക്കുകയും പൊലീസ് ഭീകരതയെ ന്യായീകരിക്കുകയും ചെയ്യുന്നതാണോ പിതൃതുല്യമെന്ന് വി എസ് ചോദിച്ചു. നിരായുധരായ വിദ്യാര്‍ഥികളെ ശത്രുസൈന്യത്തെ പോലെ നേരിട്ട പൊലീസിന്റെ ഭീകരത വരച്ചുകാട്ടുന്നതിന് പൊലീസ് പ്രയോഗിച്ച ഗ്രനേഡിന്റെ അവശിഷ്ടം ഇ പി ജയരാജന്‍ സഭയില്‍ കൊണ്ടുവന്നതുപോലും ഭരണപക്ഷത്തിന് സഹിച്ചില്ല. ഇത് സഭയില്‍ നിന്ന് പൊട്ടിയാലോ എന്നായിരുന്നു പേടി. ഇങ്ങനെയുള്ള മാരകായുധങ്ങളൊന്നും കൊണ്ടുവരരുതെന്നായി സ്പീക്കര്‍.
ഈ "മാരകായുധം" പിന്നീട് ഇ പി നിയമസഭാജീവനക്കാര്‍ക്ക് കൈമാറി. വിദ്യാര്‍ഥികള്‍ക്കുനേരെ എറിഞ്ഞ് പൊട്ടിച്ച ഗ്രനേഡിന്റെ പുറംതോടിനെപ്പോലും ഭയന്നു-ഭരണപക്ഷത്തെ എംഎല്‍എമാര്‍. നിയമസഭാചരിത്രത്തില്‍ ആദ്യമായി "ഒരു ശവം" സത്യപ്രതിജ്ഞ ചെയ്ത് അംഗമായെന്നാണ് ആര്‍ സെല്‍വരാജിന്റെ സത്യപ്രതിജ്ഞയെ പ്രതിപക്ഷ അംഗങ്ങള്‍ വിശേഷിപ്പിച്ചത്. ഒരേ സഭാ കാലയളവില്‍ രണ്ട് പാര്‍ടിയുടെ പ്രതിനിധിയായി സഭയിലെത്തിയും സെല്‍വരാജ് ചരിത്രത്തില്‍ സ്ഥാനംപിടിച്ചു. അടിയന്തരാവസ്ഥക്കാലത്ത് മാധ്യമസ്വാതന്ത്ര്യം കവര്‍ന്നതില്‍ ചെന്നിത്തല അതീവ ദുഃഖിതനാണ്. അന്ന് തന്റെ നേതാവ് ഇന്ദിരഗാന്ധി അങ്ങനെ ചെയ്തതില്‍ 37 കൊല്ലത്തിന് ശേഷം പരിതപിക്കാന്‍ കാരണമുണ്ട്. സിപിഐ എം മാധ്യമസ്വാതന്ത്ര്യം തടയുന്നുവത്രെ. സിപിഐ എമ്മിനെ കുറ്റപ്പെടുത്താനെങ്കിലും ചെന്നിത്തല അടിയന്തരാവസ്ഥയെ തള്ളിപ്പറഞ്ഞു. ഉമ്മന്‍ചാണ്ടി ഭരിച്ചിട്ടുംഭരണയന്ത്രം കൊളോണിയല്‍ പ്രേതത്തിന്റെ തടവറയില്‍ത്തന്നെയാണെന്നതിലും ചെന്നിത്തലയ്ക്ക് സംശയമില്ല. തിരുവഞ്ചൂര്‍ നല്ല നായരാണോ എന്ന ചോദ്യം ഉന്നയിക്കാനുളള സാഹചര്യമാണ് ജാതി-മത സംഘടനകളുടെ ഫെഡറേഷന്‍ ആയി മാറിയ സര്‍ക്കാര്‍ സൃഷ്ടിച്ചതെന്ന് എം ചന്ദ്രന്‍ പറഞ്ഞു.
ഭരണ നേട്ടങ്ങളെ കുറിച്ച് കെപിസിസി പ്രസിഡന്റിന് ഒരു മിനിറ്റ് പോലും സംസാരിക്കാനില്ലാത്തതുകൊണ്ടാണ് അദ്ദേഹത്തിന് മറ്റ് കാര്യങ്ങളിലേക്ക് പോകേണ്ടിവന്നതെന്ന് എ പ്രദീപ്കുമാര്‍. ചന്ദ്രശേഖരന്‍ വധത്തിന്റെപേരില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള ഗൂഢനീക്കങ്ങളെ പ്രദീപ് തുറന്നുകാട്ടി. മനോരമയുടെ അടുക്കളയില്‍ വേവിക്കുന്നവ ചവയ്ക്കാതെ വിഴുങ്ങുകയാണ് ഭരണപക്ഷമെന്ന് പി ശ്രീരാമകൃഷ്ണന്‍. തമിഴ്നാട്ടില്‍ പുലട്ച്ചി തലൈവിയെ പോലെ ആകാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. അവിടെ ശശികലയാണെങ്കില്‍ ഇവിടെ തോഴന്‍ പി സി ജോര്‍ജ്. ഇടതുപക്ഷം തകരുന്നുവെന്ന് പറഞ്ഞ ചെന്നിത്തലയ്ക്ക് സി ദിവാകരന്‍ ചുട്ട മറുപടി നല്‍കി. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ദിവാകരന്‍ വരച്ചുകാട്ടിയപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മറുപടിയില്ലാതായി. ടി എ അഹമ്മദ് കബീര്‍, ജമീല പ്രകാശം, മോന്‍സ് ജോസഫ്, എ എ അസീസ്, സി പി മുഹമ്മദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, പാലോട് രവി, സി രവീന്ദ്രനാഥ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ മറുപടിക്കുശേഷം ധനാഭ്യര്‍ഥന വോട്ടിനിട്ട് പാസാക്കി.
(എം രഘുനാഥ്)
deshabhimani 200612
Labels:
നിയമസഭ,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment