Thursday, June 21, 2012

രണ്ടാഴ്ചയ്ക്കിടെ പച്ചക്കറിവില ഇരട്ടി


അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും പുറമെ സംസ്ഥാനത്ത് പച്ചക്കറിക്കും പൊള്ളുന്ന വില. രണ്ടാഴ്ചയ്ക്കിടെ മിക്ക ഇനത്തിന്റെയും വില ഇരട്ടിയിലേറെയായി. ഒരാഴ്ചമുമ്പ് കിലോയ്ക്ക് 12 രൂപയായിരുന്നു പച്ചമുളകിന്. എന്നാല്‍ ബുധനാഴ്ച എറണാകുളം മാര്‍ക്കറ്റിലെ മൊത്തവില 25 രൂപയായി. 12 രൂപയായിരുന്ന പയര്‍ 24 രൂപയായി. 20-25 രൂപ വിലയുണ്ടായിരുന്ന ബീന്‍സ് 35 രൂപയായി ഉയര്‍ന്നു. കാരറ്റ് 25ല്‍നിന്ന് 40 രൂപയായി. 14-15 രൂപ വിലയുണ്ടായിരുന്ന മുരിങ്ങക്കായ്ക്ക് 24. ഇഞ്ചി 14ല്‍നിന്ന് 26. ബീറ്റ്റൂട്ട് 12-13 രൂപയില്‍നിന്ന് 32 എന്നിങ്ങനെയാണ് കൂടിയത്. കോളിഫ്്ളവര്‍ 20ല്‍നിന്ന് 26 ആയി. ഉള്ളി 20ല്‍നിന്ന് 24. സവാള ഒമ്പതില്‍നിന്ന് 11. 15-16 രൂപ വിലയുണ്ടായിരുന്ന കോവയ്ക്കയ്ക്ക് 26. പടവലം 12-13 രൂപയില്‍നിന്ന് 20. പീച്ചിങ്ങ 20 രൂപയില്‍നിന്ന് 30-35 രൂപയായും വര്‍ധിച്ചു. 6-7 രൂപ വിലയുണ്ടായിരുന്ന ചേമ്പിന് ഞെട്ടിക്കുന്ന വിലയാണിപ്പോള്‍, 32 രൂപ. 12 രൂപ വിലയുണ്ടായിരുന്ന തമിഴ്നാട് ചേനയ്ക്ക് 18 രൂപ. നാടന്‍ചേനയ്ക്കാകട്ടെ 35 രൂപയും.

എറണാകുളം മാര്‍ക്കറ്റിലെ മൊത്തവിലയാണിത്. നാലുകിലോമീറ്റര്‍ അകലെയുള്ള കലൂര്‍ മാര്‍ക്കറ്റിലാകട്ടെ ഇവയ്ക്കോരോന്നിനും ഏതാണ്ട് അഞ്ചുരൂപയോളം അധികമാണ് ചില്ലറവില. നാട്ടിന്‍പുറങ്ങളിലെ പച്ചക്കറിക്കടകളിലാകട്ടെ മൊത്തവിലയെക്കാള്‍ പത്തുരൂപവരെ കൂടുതലാണ്. ഊട്ടിയില്‍നിന്നെത്തുന്ന പച്ചക്കറിക്കാണ് വിലക്കയറ്റം ഏറെ. ഇതിന് ആനുപാതികമായി മറ്റു പ്രദേശങ്ങളില്‍നിന്നുള്ള ചരക്കിനും വില ഉയരുന്നുണ്ട്. ആവശ്യത്തിന് ചരക്ക് ലഭ്യമാകാത്ത സ്ഥിതിയുമുണ്ട്. നിലവില്‍ പത്തു ചാക്ക് ചരക്ക് ആവശ്യപ്പെട്ടാല്‍ അതിന്റെ പകുതിയോളമേ ലഭിക്കുന്നുള്ളുവെന്ന് എറണാകുളം മാര്‍ക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരിയായ കെ പി സാദത്ത് പറഞ്ഞു. തമിഴ്നാട്ടില്‍ മഴ സൃഷ്ടിച്ച വിളനഷ്ടവും മറ്റും പ്രശ്നം വഷളാക്കുന്നു. കേരളത്തിലേതുപോലെ തമിഴ്നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ശക്തിയാര്‍ജിക്കുന്നതും കൃഷിപ്പണിക്ക് തൊഴിലാളികളെ കിട്ടാത്തതുമായ പ്രശ്നങ്ങളുമുണ്ട്. പെട്രോള്‍, അരി, പലവ്യഞ്ജനം, മാംസം, മത്സ്യം എന്നിവയ്ക്കുപുറമെ പച്ചക്കറിക്കും വില ഉയര്‍ന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. ഹോട്ടലുകളിലെ തൊടുകറികളില്‍ പല വിഭവങ്ങളും അപ്രത്യക്ഷമായി. പച്ചക്കറിക്കുപകരം കപ്പയും മറ്റും വിളമ്പുന്നവരും കുറവല്ല.

deshabhimani 210612

1 comment:

  1. അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും പുറമെ സംസ്ഥാനത്ത് പച്ചക്കറിക്കും പൊള്ളുന്ന വില. രണ്ടാഴ്ചയ്ക്കിടെ മിക്ക ഇനത്തിന്റെയും വില ഇരട്ടിയിലേറെയായി.

    ReplyDelete